മൊഗാഡിഷു: സൊമലിയയുടെ തീരദേശ പട്ടണത്തിൽ യുഎസ് സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ 62 പേർ കൊല്ലപ്പെട്ടതായി സൊമാലി ഇന്റലിജൻസ് ഓഫീസർ. രാജ്യത്തെ പ്രധാന തീവ്രവാദി സംഘടനയായ അൽ ഷബാബിനെതിരേയാണ് യുഎസ് സൈന്യം ആറു തവണ മിസൈൽ ആക്രമണം നടത്തിയത്.

ഡിസംബർ 15നാണ് നാലു തവണ സംഘടനയ്ക്കു നേരെ സൈന്യം ആക്രമണം നടത്തിയത്. അന്ന് 34 പേരാണ് മരിച്ചത്. പിന്നീട് 16ന് നടത്തിയ ആക്രമണങ്ങളിൽ 28 പേർ കൂടി കൊല്ലപ്പെട്ടു. തലസ്ഥാനമായ മൊഗാഡിഷുവിന്റെ തെക്കൻ മേഖലകളിലുള്ള ഗണ്ടാർഷെ ലക്ഷ്യമാക്കിയതാണ് സൈന്യം ആക്രമണം അഴിച്ചുവിട്ടത്. അതേസമയം സൈന്യത്തിന്റെ ആക്രമണത്തിൽ തദ്ദേശവാസികൾ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും വക്താവ് അറിയിച്ചിട്ടുണ്ട്.

സൊമാലിയ സർക്കാരുമായി സഹകരിച്ചാണ് തീവ്രവാദ സംഘടനയ്ക്കു നേരെ സൈന്യം ആക്രമണം നടത്തുന്നത്. രാജ്യത്തെ ഒറ്റപ്പെട്ട മേഖലകൾ സംഘടന തങ്ങളുടെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നതിനാലാണ് ഭീകരരെ തുരത്താൻ സർക്കാർ സൈന്യത്തിന്റെ സഹായം തേടിയത്. ഇവിടങ്ങളിൽ നിന്ന് ഭാവിയിൽ ആക്രമണം നടത്തുന്നതിന് സംഘടന റിക്രൂട്ടമെന്റുകളും നടത്തുന്നതായി സർക്കാർ വെളിപ്പെടുത്തുന്നു.

ലോവർ ഷബല്ലെ മേഖലയിലുള്ള സൊമാലി സർക്കാർ മിലിട്ടറി ക്യാമ്പ് ആക്രമിക്കാൻ ഭീകരർ തയ്യാറെടുക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യുഎസ് സൈന്യം മിസൈൽ ആക്രമണം നടത്തിയത്.