വാഷിങ്ടൺ: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് എട്ടു വർഷത്തെ താഴ്ന്ന നിലയിലെത്തി. ജനുവരിയിൽ തന്നെ ഒന്നര ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതോടെ തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനമായി താഴ്ന്നു. പ്രവചിച്ചിരുന്നതിലും താഴെയാണ് തൊഴിലില്ലായ്മ നിരക്ക് എത്തിയതെന്നും റീട്ടെയ്ൽ, ഹെൽത്ത് കെയർ മേഖലകളിൽ ഉണ്ടായ തൊഴിലവസരങ്ങളാണ് തൊഴിലില്ലായ്മ നിരക്ക് ഇത്രയേറെ താഴാൻ കാരണമായതെന്നും വിലയിരുത്തുന്നു.

അതേസമയം ട്രാൻസ്‌പോർട്ട്, എഡ്യൂക്കേഷൻ മേഖലകളിൽ തൊഴിൽ നഷ്ടമുണ്ടായതായി ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അമേരിക്കൻ സമ്പദ് ഘടനയെ കുറിച്ച് ആശങ്ക പൊതുജനങ്ങളിൽ ഉണ്ടെന്നും രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ ഇപ്പോൾ ശക്തിപ്രാപിച്ചതായി പ്രസിഡന്റ് ബരാക്ക് ഒബാമ ചൂണ്ടിക്കാട്ടി.

റീട്ടെയ്ൽ മേഖലയിൽ ജനുവരിയിൽ 58,000 തൊഴിലുകളാണ് കൂട്ടിച്ചേർക്കപ്പെട്ടത്. അതേസമയം ഹെൽത്ത് കെയറിൽ 37,000 അവസരങ്ങളും മാനുഫാക്ചറിങ് മേഖലിയിൽ 29,000  തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. സ്വകാര്യ എഡ്യൂക്കേഷൻ സർവീസ് മേഖലയിൽ 39,000 തൊഴിലും ട്രാൻസ്‌പോർട്ട്, വെയർഹൗസിങ് മേഖലകളിൽ 20,000 തൊഴിലും നഷ്ടപ്പെട്ടിരുന്നു.