വാഷിങ്ടൺ: റിപ്പബ്ലിക്കൻ കോട്ട എന്നറിയെപ്പെട്ടുന്ന സംസ്ഥാനങ്ങളും തകർത്ത് ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി ജോ ബൈഡന്റെ പടയോട്ടം. റിപ്പബ്ലിക്കൻസിന്റെ ഉറച്ച സംസ്ഥാനമായ ജോർജിയ കീഴടക്കിയ ബൈഡൻ ഒടുവിൽ വിവരം കിട്ടുമ്പോൾ പെൻസിൽവാനിയയിലും ലീഡുയർത്തി മുന്നേറുകയാണ്. മൂന്നുദിവസം പിന്നിട്ട വോട്ടെണ്ണൽ അന്തിമഘട്ടത്തോട് അടുക്കവെ ഉറച്ച കോട്ടയായി ട്രംപ് കരുതിയിരുന്ന പെൻസിൽവാനിയയിൽ 5000 വോട്ടുകൾക്ക് മുന്നിലാണ് ബൈഡൻ.പെൻസിൽവാനിയയിലെ 20 ഇലക്ടറൽ വോട്ടുകൾ കൂടി ലഭിച്ചാൽ ബൈഡന്റെ ജയം ഉറപ്പാണ്.പെൻസിൽവാനിയയിൽ നേരത്തെ ട്രംപിനേക്കാൾ 18000 വോട്ടുകൾക്ക് പിന്നിലായിരുന്നു ബൈഡൻ.

പെൻസിൽവാനിയയിലെ ഡെമോക്രാറ്റ് പാർട്ടിക്ക് പ്രാബല്യമുള്ള ഫിലാഡെൽഫിയയിലെ മെയിൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോഴാണ് ബൈഡന്റെ ലീഡ് നില ഉയർന്നത്. 30000 വോട്ടുകൾ മാത്രമാണ് ഇനി ഫിലാഡെൽഫിയയിൽ എണ്ണാൻ ബാക്കിയുള്ളത്.തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപും ബൈഡനും ഒരുപോലെ കളത്തിലറങ്ങിയ പ്രധാന സംസ്ഥാനങ്ങളിലൊന്നായിരുന്നു പെനിസിൽവാനിയ. 20 ഇലക്ടറൽ കോളേജ് വോട്ടുകൾ ഉള്ള സംസ്ഥാനത്ത് ബൈഡൻ തെരഞ്ഞെടുപ്പ് ദിനത്തിന്റെ തലേന്നത്തെ രാത്രിയിൽ പോലും പ്രചരണ റാലി നടത്തിയിരുന്നു. പെൻസിൽവാനിയക്കു സമാനമായി ജോർജിയയിലും ബൈഡൻ വിജയക്കുതിപ്പിലാണ്.

അവസാന ലാപ്പിൽ നിലവിൽ 264 ഇലക്ടറൽ സീറ്റ് ലഭിച്ച ബൈഡൻ ഇപ്പോൾ നെവാദ, ജോർജിയ, പെൻസിൽവാനിയ എന്നിവിടങ്ങളിലായി 42 ഇലക്ടറൽ വോട്ടുകൾ കൂടി ഉറപ്പിച്ചു.പ്രസിഡന്റ് സ്ഥാനത്തെത്താൻ വേണ്ടത് 270 ഇലക്ടറൽ വോട്ടുകളാണ്. ലീഡ് നിലനിർത്തിയാൽ ബൈഡന് 306 ഇലക്ടറൽ വോട്ടുകളാവും ലഭിക്കുക. ജോർജിയയിൽ 99 ശതമാനം വോട്ടെണ്ണി കഴിഞ്ഞു. 16 ഇലക്ടറൽ വോട്ടുകളാണ് ഇവിടെയുള്ളത്. ബൈഡന് 2449582 വോട്ടും ട്രംപിന് 2448485 വോട്ടുമാണ് ലഭിച്ചത്. നേരിയ വോട്ട് വ്യത്യാസമായതിനാൽ ഇവിടെ വീണ്ടും വോട്ടെണ്ണേണ്ടി വന്നേക്കാം.

നെവാദയിൽ 84 ശതമാനം വോട്ടെണ്ണിയപ്പോൾ ബൈഡന് 604251 വോട്ടും ട്രംപിന് 592813 വോട്ടുമാണ് ലഭിച്ചത്. ആറ് ഇലക്ടറൽ വോട്ടുകളാണ് ഇവിടെയുള്ളത്. പെൻസിൽവാനിയയിൽ 98 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞു. 3295327 വോട്ട് ബൈഡന് ലഭിച്ചു. 3289731 വോട്ട് ട്രംപിനും ലഭിച്ചു. ലീഡ് നിലനിർത്തിയാൽ ഇവിടെയുള്ള 20 ഇലക്ടറൽ വോട്ടും ബൈഡന് ലഭിക്കും. നോർത്ത് കരോലിനയിൽ മാത്രമാണ് ട്രംപ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. ഇവിടെയുള്ള 15 ഇലക്ടറൽ വോട്ടുകൾ കിട്ടിയാലും ട്രംപിന് 229 ഇലക്ടറൽ വോട്ടുകൾ മാത്രമേ ആകെ ലഭിക്കൂ. ട്രംപിന്റെ വാർത്താ സമ്മേളനം മാധ്യമങ്ങൾ പാതിയിൽ നിർത്തിയതടക്കം എല്ലാ കാര്യങ്ങളും ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റിന്റെ കസേരയിളകിയെന്ന സൂചന തന്നെയാണ്.

തപാൽ വോട്ടുകൾ ഇപ്പോഴും പല സംസ്ഥാനങ്ങളിലേക്കും വരുന്നുണ്ട്. ഇത് ബൈഡൻ പക്ഷത്തിന് തന്നെയാണ് കരുത്തേകുന്നത്. ജോർജിയക്ക് പുറമെ റിപ്പബ്ലിക്കൻ ക്യാംപിനെ ഞെട്ടിച്ചിരിക്കുകയാണ് അരിസോണയും. ഇതും റിപ്പബ്ലിക്കൻസിന്റെ കോട്ടയായാണ് അറിയപ്പെട്ടത്. 11 ഇലക്ടറൽ വോട്ടുകൾ ഉള്ള അരിസോണയിൽ ആദ്യം മുതൽ ബൈഡനാണ് ലീഡ് ചെയ്തത്. ഇവിടെ ബൈഡൻ ജയിക്കും എന്നാണ് വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് ഉറപ്പിച്ചു പറയുന്നത്. റിപ്പബ്ളിക്കൻ പാർട്ടിയോട് ചായ്വ് കാണിക്കുന്ന ഫോക്സ് ന്യൂസും ബൈഡൻ ജയിക്കും എന്നാണ് പ്രവചിക്കുന്നത്.

എന്നാൽ സ്വന്തം പാർട്ടിയിൽനിന്നുപോലും എതിർപ്പ് ഉണ്ടായിട്ടും ട്രംപ് ഇപ്പോഴും പറയുന്നത് വോട്ടെണ്ണൽ നിർത്തണമെന്നും വ്യാപകമായ ക്രമക്കേട് നടന്നുവെന്നുമാണ്. ഇതോടെ അമേരിക്കയിൽ പരക്കെ സംഘർഷ സാധ്യതയും നിലനിൽക്കയാണ്.