ന്യൂയോർക്ക്: അമേരിക്കയിൽ ഒരു തോക്കുധാരി നടത്തുന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണ് തിങ്കളാഴ്ച ലാസ് വെഗസ്സിൽ നടന്നത്. ഫ്‌ളോറിഡയിലെ ഓർലാൻഡോ നൈറ്റ്ക്ലബിൽ കഴിഞ്ഞ വർഷമുണ്ടായ വെടിവെപ്പിൽ 49 പേരായിരുന്നു കൊല്ലപ്പെട്ടത്. ഇതിലൊന്നും തീവ്രവാദ ബന്ധം കണ്ടെത്താനുമായില്ല. സ്‌കൂളുകളിൽ പോലും വെടിവയ്‌പ്പുകൾ സജീവമാണ് അമേരിക്കയിൽ. കുട്ടികൾ പോലും തോക്കുമായെത്തി പ്രതികാരം തീർക്കുന്ന സംഭവങ്ങളിൽ അമേരിക്ക ആടി ഉലയാറുണ്ട്.

ലാസ് വേഗസ്സിലെ ആക്രമണത്തിൽ ഇത്തവണ കൊല്ലപ്പെട്ടത് 50ലേറെ പേരാണെന്നതിനു പുറമെ 400ലേറെ പേർക്ക് പരിക്കുമുണ്ട്. മരണം ഇനിയും കൂടുമെന്നാണ് സൂചന. ഇവിടേയും തീവ്രവാദ ബന്ധമൊന്നും പൊലീസിന് കണ്ടെത്താനാകുന്നില്ല. വെറും മാനസിക പ്രശ്‌നം. അമേരിക്കയിലെ ആക്രമണങ്ങുടെ പൊതു സ്വഭാവമാണ് ഇത്. തോക്കുധാരികൾ ആക്രമണം നടത്തുന്ന സംഭവങ്ങൾ രാജ്യത്ത് വർധിച്ചുവരികയാണെന്ന് പൊലീസും പറയുന്നു.

2007ൽ വിർജീനിയയിൽ ദക്ഷിണ കൊറിയക്കാരനായ വിദ്യാർത്ഥി നടത്തിയ ആക്രമണത്തിൽ 32 പേരും 2012ൽ സാൻഡിഹുക്കിൽ 20കാരനായ അമേരിക്കക്കാരന്റെ ആക്രമണത്തിൽ 26 പേരും കൊല്ലപ്പെട്ടിരുന്നു. 2012 ഡിസംബർ 14ൽ കനക്ടികട്ട് സംസ്ഥാനത്തെ ന്യൂടൗണിൽ സ്‌കൂൾ കുട്ടികൾ അടക്കം 26 പേരെ യുവാവ് വെടിവച്ചുകൊന്നു. 2015 ഡിസംബർ മൂന്നിന് സാൻഫ്രാൻസിസ്‌കോയിൽ ക്രിസ്മസ് വിരുന്നിനിടെ ദമ്പതികൾ നടത്തിയ വെടിവയ്പിൽ 14 പേർ മരിച്ചിരുന്നു. 2009 ഏപ്രിൽ മൂന്നിന് ന്യൂയോർക്കിൽ ഇമിഗ്രേഷൻ സേവനകേന്ദ്രത്തിൽ യുവാവ് നടത്തിയ വെടിവയ്പിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. 2012 ജൂലൈ 20ന് 12 കൊളറാഡോയിലെ അറോറയിൽ ബാറ്റ്മാൻ സിനിമയുടെ പ്രദർശനത്തിനിടെ തിയറ്ററിനുള്ളിൽ അക്രമി നടത്തിയ വെടിവയ്പിൽ 12 പേരാണ് കൊല്ലപ്പെട്ടത്. 1991ൽ ടെക്‌സസ് റസ്റ്റാറന്റിൽ 22 പേരും 2015ൽ സാൻ ബെർനാർഡിനോയിൽ 14 പേരും 2009ൽ ഫോർട് ഹുഡ് സൈനികതാവളത്തിൽ 13 പേരും സമാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഇതിനൊപ്പം ചെറിയെ വെടിവയ്‌പ്പുകളും അമേരിക്കയിൽ ്സ്ഥിരം വാർത്തയാണ്.

പ്രശസ്തമായ ചൂതാട്ടകേന്ദ്രം സ്ഥിതിചെയ്യുന്ന മാൻഡലേ ബേ കാസിനോ ഹോട്ടൽ മുറ്റത്ത് ജാസൻ അൽദിയാന്റെ സംഗീതനിശ ആസ്വദിച്ചിരുന്നവർക്കുനേരേ 32-ാം നിലയിൽനിന്നാണു വെടിവയ്പുണ്ടായത്. പൊലീസ് സംഘം ഇയാളുടെ മുറിയിലേക്ക് ഇരച്ചുകയറിയെങ്കിലും അക്രമിയെ ജീവനോടെ പിടികൂടാനായില്ല. ഹോട്ടൽ മുറിയിൽനിന്ന് 10 തോക്കുകളും കണ്ടെത്തി. ആക്രമണത്തെ കൊടുംക്രൂരതയെന്നു വിശേഷിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച ലാസ് വെഗസ്സ് സന്ദർശിക്കുമെന്ന് അറിയിച്ചു. അക്രമിയുടെ മതവിശ്വാസം അടക്കം ഒന്നും അറിവില്ലെന്നു ക്ലാർക്ക് കൗണ്ടി നഗരപിതാവ് ജോസഫ് ലൊംബാർഡോ പറഞ്ഞു.

പാഡോക്കിനൊപ്പം കഴിഞ്ഞിരുന്ന ഏഷ്യൻ വംശജയായ മരിലു ഡാൻലി എന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്ക് വെടിവയ്പുമായി ബന്ധമുണ്ടോയെന്നു വെളിപ്പെടുത്തിയിട്ടില്ല. പാഡോക്കിന്റെ രണ്ടു കാറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു.