ന്യൂയോർക്ക്: പുതിയ വീടുകളുടെ വില്പനയിൽ ഏറെ ഉണർവ് പ്രകടമാകുന്നുവെന്ന് കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ട്. ജൂലൈ മാസം വീടു വില്പനയിൽ ഏറെ വർധനയാണ് രേഖപ്പെടുത്തിയത്. ഒമ്പതു വർഷത്തെ ഏറ്റവും വലിയ തോതിലുള്ള വില്പനയാണ് ഇപ്പോൾ നടക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. താഴ്ന്ന പലിശ നിരക്കും തൊഴിൽ വിപണി മെച്ചപ്പെട്ടതും യുഎസ് റിയൽ എസ്റ്റേറ്റ് മാർക്കറ്റിൽ പുത്തൻ ഉണർവിന് കാരണമായി എന്നാണ് വിലയിരുത്തപ്പെടുന്നത്.

ജൂലൈ മാസം പുതിയ വീടുകളുടെ വില്പനയിൽ 12.4 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. നിലവിൽ സെൻട്രൽ ബാങ്ക് പലിശ നിരക്ക് 0.25 ശതമാനത്തിനും 0.5 ശതമാനത്തിനും മധ്യേയായതിനാൽ കുറഞ്ഞ നിരക്കിൽ വീടു വാങ്ങുന്നതിനുള്ള മോർട്ട്‌ഗേജുകൾ ലഭ്യമാണു താനും. കൂടാതെ തൊഴിൽ മേഖല ശക്തിപ്രാപിച്ചതും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വേതനത്തിൽ വർധന വന്നതും ഹൗസിങ് ഡിമാൻഡ് വർധിക്കാൻ കാരണമായി.

അതേസമയം പുതിയ സിംഗിൾ ഫാമിലി ഹോമുകളുടെ നിർമ്മാണത്തിൽ ഇടിവു വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ സപ്ലൈയുടെ കാര്യത്തിലും ഇടിവുണ്ടാകുമെന്ന് ആശങ്കയുണ്ട്. യുഎസ് നോർത്ത് ഈസ്റ്റ് മേഖലയിൽ ജൂലൈയിൽ തന്നെ 40 ശതമാനം വർധനയാണ് വീടുവില്പനയിൽ ഉണ്ടായിട്ടുള്ളത്. തെക്കൻ മേഖലയിൽ 18 ശതമാനവും രേഖപ്പെടുത്തി. എന്നാൽ വീടുകളുടെ വിലയിൽ 0.5 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്.