വാഷിങ്ടൺ: സിറിയൻ, ഇറാഖ് അഭയാർഥികളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനുള്ള ബിൽ യുഎസ് ജനപ്രതിനിധി സഭ പാസാക്കി. പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്ന ഭീഷണിയെ തുടർന്നാണ് അഭയാർഥികളുടെ പുനരധിവാസം ദുഷ്‌ക്കരമാക്കിക്കൊണ്ട് യുഎസ് ഹൗസ് ബിൽ പാസാക്കിയിരിക്കുന്നത്. 137 നെതിരേ 289 വോട്ടുകൾക്കാണ് ബില്ലിന് സഭ അനുമതി നൽകിയത്. ഡസൺ കണക്കിന് ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളും റിപ്പബ്ലിക്കൻസ് അവതരിപ്പിച്ച ബില്ലിനെ പിന്തുണച്ചത് ശ്രദ്ധേയമായി.

അതേസമയം ബിൽ തടയാൻ ശ്രമിക്കുമെന്ന് മൈനോറിട്ടി ലീഡർ ഹാരി റീഡ് പ്രസ്താവിച്ചതോടെ സെനറ്റിൽ ബില്ലിന്റെ ഭാവി അനിശ്ചിതത്വത്തിലായിട്ടുണ്ട്. ലെജിസ്ലേഷൻ വീറ്റോ ചെയ്യുമെന്ന് പ്രസിഡന്റ് ബരാക് ഒബാമയും പ്രഖ്യാപിച്ചിരിക്കുകയാണ്. പാരീസ് ആക്രമണത്തിൽ ഗ്രീസ് വഴി കടന്നു വന്ന ഒരു സിറിയൻ അഭയാർഥി കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് പ്രശ്‌നം ഇപ്പോൾ വഷളാക്കാൻ കാരണമായത്.

ഒരു വർഷത്തിനുള്ളിൽ പതിനായിരം സിറിയൻ അഭയാർഥികളെ പുനരധിവസിപ്പിക്കുമെന്ന് സെപ്റ്റംബറിൽ ഒബാമ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് സിറിയൻ അഭയാർഥികളെ സ്വീകരിക്കില്ലെന്ന് കഴിഞ്ഞ ദിവസം 31 സംസ്ഥാനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ബിൽ സെനറ്റിൽ പാസാക്കിയാൽ മാത്രമേ പ്രസിഡന്റിന്റെ മുന്നിൽ എത്തുകയുള്ളൂ.

യുഎസ് ഹൗസ് പാസാക്കിയ ബിൽ പ്രകാരം, രാജ്യത്തേക്ക് കടക്കുന്ന അഭയാർഥി അമേരിക്കയുടെ സുരക്ഷിതത്വത്തിന് ഭീഷണി ഉയർത്തുനനില്ല എന്ന് എഫ്ബിഐ തലവൻ, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി, നാഷണൽ ഇന്റലിജൻസ് ഡയറക്ടർ എന്നിവ സാക്ഷ്യപ്പെടുത്തിയിരിക്കണം.