റിയാദ്: ഇസ്രയെലിനെതിരെ വൻ സേനയെ അതിർത്തിയിൽ ഇറാൻ വിന്യസിച്ച് നിർത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് അമേരിക്ക പിൻവാങ്ങാനൊരുങ്ങുന്നു. സൗദി തലസ്ഥാനമായ റിയാദിലുള്ള യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഇതിന്റെ സൂചനകൾ നൽകി. ഇറാനെ ആണവ നിർവ്യാപനത്തിൽ നിർബന്ധിക്കുന്നതിൽ കരാർ പരാജയമാണെന്നാണ് പോംപിയോ പറഞ്ഞത്. കൂടുതൽ സ്വീകാര്യമായ വ്യവസ്ഥകൾ ഏർപ്പെടുത്തുന്നില്ലെങ്കിൽ കരാറിൽനിന്ന് യു.എസിന് പിന്മാറേണ്ടിവരുമെന്നും പോംപിയോ വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.

ഇറാൻ ആണവപദ്ധതികൾ 12 വർഷം നിർത്തിവെച്ചുകൊണ്ടുള്ള കരാറിലാണ് 2015-ൽ ഒപ്പുവെച്ചത്. പകരം ലോകരാജ്യങ്ങൾ ഇറാനുമേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കുമെന്നായിരുന്നു കരാറിലെ വ്യവസ്ഥ.

ഭീകരതയെയും യെമെനിലെ ഹൂതിവിമതരെയും പിന്തുണയ്ക്കുന്ന ഇറാൻ നയത്തെ പോംപിയോ അപലപിക്കുകയും ചെയ്തു. യു.എസ്. വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം നടത്തുന്ന ആദ്യ പശ്ചിമേഷ്യൻ പര്യടനത്തിന്റെ ഭാഗമായാണ് പോംപിയോ സൗദിയിൽ എത്തിയത്. സൗദിയിൽനിന്ന് ഇസ്രയേലിലേക്ക് പോകുന്ന അദ്ദേഹം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും.

അതേസമയം, ഇറാനുമായുള്ള കരാറിൽനിന്ന് പിന്മാറുന്നത് സംബന്ധിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതുവരെയും തീരുമാനമെടുത്തിട്ടില്ലെന്ന് യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ പറഞ്ഞു.