വാഷിങ്ടൺ: മെയ്‌ മാസത്തിലുണ്ടായ മാന്ദ്യത്തിനു പകരം ശക്തമായ തിരിച്ചുവരവ് നടത്തി യുഎസ് സമ്പദ് ഘടന. ജൂൺ മാസത്തിൽ 287,000 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് സമ്പദ് വ്യവസ്ഥ ശക്തമായ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്. മുമ്പ് പ്രവചിച്ചിരുന്നതിനെക്കാൾ കൂടുതലായി യുഎസ് ഡോളറും വിപണിയിൽ കരുത്താർജിച്ചു.

തൊഴിലില്ലായ്മ നിരക്കിൽ കുറവു രേഖപ്പെടുത്തിയത് വിവിധ തൊഴിൽ മേഖലകളിൽ രജിസ്റ്റർ ചെയ്ത ആളുകളുടെ എണ്ണത്തിൽ വർധന ഉണ്ടായതിനെ തുടർന്നാണ്. സമ്പദ് ഘടനയിലും ഇതിന്റെ പ്രതിഫലനം കണ്ടുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിർമ്മാണ മേഖല, റീട്ടെയ്ൽ സെക്ടർ, ഹോസ്പിറ്റാലിറ്റി മേഖലകളിൽ ആൾക്കാർക്ക് കൂടുതൽ തൊഴിൽ ലഭിച്ചു തുടങ്ങിയെന്നാണ് റിപ്പോർട്ട്.

മേയിൽ തൊഴിൽ മേഖലയിൽ ക്ഷീണം അനുഭവപ്പെട്ടത് 35,000 വെരിസോൺ തൊഴിലാളികളുടെ പണിമുടക്കിന് കാരണമാകുകയും ചെയ്തിരുന്നു. പിന്നീട് ഇവർ തൊഴിലിലേക്ക് മടങ്ങിയതോടെ ഇൻഫർമേഷൻ ടെക്‌നോളജി തൊഴിൽ സാധ്യതയും 44,000 എന്നു കണ്ട് വർധിക്കുകയായിരുന്നു. വേജ് ഗ്രോത്തിലും പുരോഗതി ഉണ്ടായതായി ലേബർ ഡിപ്പാർട്ട്‌മെന്റ് ചൂണ്ടിക്കാണിക്കുന്നു. മുൻ മാസത്തെക്കാൾ ജൂണിൽ 0.1 ശതമാനം വർധനയാണ് വേജ് ഗ്രോത്തിൽ ഉണ്ടായിരിക്കുന്നത്. ആൾക്കാരുടെ വരുമാനവും കഴിഞ്ഞ വർഷം ജൂണിനെ അപേക്ഷിച്ച് 2.6 ശതമാനം വർധിച്ചു. മേയിലേക്കാൾ ഇത് 2.5 ശതമാനമാണ് ഈ മാസം കൂടിയത്.