കൊച്ചി: അമേരിക്കയിൽ മലയാളി വനിത വാഹനാപകടത്തിൽ മരിച്ചു. വിനോദയാത്രയ്ക്ക് പോയ കുടുംബത്തിന്റെ കാർ അറ്റ്‌ലാന്റയിൽ വെച്ച് ഉണ്ടായ അപകടത്തിൽപ്പെട്ട് മൂന്ന് മക്കളുടെ അമ്മയായ സ്ത്രീയാണ് ദാരുണമായി കൊല്ലപ്പെട്ടത്. തിരുവനന്തപുരം പിഎംജി ജംക്ഷൻ വികാസ് ലെയ്ൻ വള്ളോന്തറയിൽ ആൻസി ജോസ് ആണ് മരിച്ചത്. 43 വയസ് ആയിരുന്നു. അറ്റ്‌ലാന്റയിലെ ബയോ ഐവിടി കമ്പനിയിൽ ഏഷ്യ റീജിയൻ ബിസിനസ് ആൻഡ് മാർക്കറ്റിങ് അനലിസ്റ്റായിരുന്നു ഇവർ.

അവർ സഞ്ചരിച്ച കാർ ട്രെയിലർ ലോറിക്കു പിന്നിലിടിച്ചാണ് അപകടം. ഒപ്പമുണ്ടായിരുന്ന മകൾ നവോമി ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്. കഴിഞ്ഞ 24ന് പുലർച്ചെ അറ്റ്‌ലാന്റയിലെ താമസ സ്ഥലത്തു നിന്ന് മക്കളുമൊത്ത് സൗത്ത് കാരലിനയിലെ ബീച്ചിലേക്ക് കാർ ഓടിച്ചു പോകുമ്പോൾ അഗസ്തയിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ആൻസി സംഭവ സ്ഥലത്തു തന്നെ മരിച്ചു.

മറ്റു മക്കളായ അന, ഇവ എന്നിവർ കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ആൻസിയുടെ സംസ്‌ക്കാരം ശനിയാഴ്ച അമേരിക്കൻ സമയം രാവിലെ 10ന് അറ്റ്‌ലാന്റയിൽ നടന്നു. ന്യൂയോർക്കിലെ ലോങ് ഐലൻഡ് യൂണിവേഴ്‌സിറ്റിയിൽ വെബ് ഡെവലപ്പ്‌മെന്റ് വിഭാഗം ഡയറക്ടായ എറണാകുളം കടവന്ത്ര വില്ലോത്ത് വിനോദിന്റെ ഭാര്യയാണ് ആൻസി.

ഐസിയുവിലുള്ള മകൾ നവോമി അപകടനില തരണം ചെയ്തിട്ടുണ്ട്. അനയുടെ ഇരട്ട സഹോദരിയാണ് നവോമി. ജൂൺ അഞ്ചിന് ഔദ്യോഗിക യാത്രയുടെ ഭാഗമായി നാട്ടിലേക്കു വരാനിരിക്കെയാണ് അപകടം ആൻസിയുടെ ജീവൻ കവർന്നത്. വിവരമറിഞ്ഞ് ആൻസിയുടെ മാതാപിതാക്കളായ തോമസ് വി.ജോസ്, ലാലി എന്നിവരും അമേരിക്കയിലെത്തിയിട്ടുണ്ട്. വിനോദും ആൻസിയും വർഷങ്ങളായി അമേരിക്കയിൽ സ്ഥിരതാമസക്കാരാണ്.