വാഷിങ്ടൺ: അമേരിക്കൻ സൈന്യത്തിൽ ഇനി ഭിന്നലിംഗക്കാർക്കും സേവനം ചെയ്യാം. ഭിന്നലിംഗക്കാർക്ക് പ്രത്യേക മെഡിക്കൽ കെയർ നൽകുമെന്നും തീരുമാനം ഒരു വർഷത്തിനുള്ളിൽ നടപ്പാക്കി തുടങ്ങുമെന്നും പെന്റഗൺ വ്യക്തമാക്കി. രാജ്യത്തെ ജനങ്ങൾക്കും സൈന്യത്തിനും വേണ്ടി ചെയ്യാവുന്ന മെച്ചപ്പെട്ട കാര്യമാണിതെന്ന് പ്രതിരോധ സെക്രട്ടറി ആഷ് കാർട്ടർ വ്യക്തമാക്കി.

രാജ്യത്തെ ജനതയുടെ നൂറു ശതമാനത്തേയും രാജ്യസേവനത്തിനായി ഉപയോഗിക്കാൻ നമുക്ക് സാധിക്കണമെന്നും ഇക്കാര്യത്തിൽ വിവേചനമൊന്നും പാടില്ലെന്നും കാർട്ടർ വെളിപ്പെടുത്തി.
വളരെപ്പെട്ടെന്ന് തന്നെ തീരുമാനം നിയമപരമാക്കും. ഭിന്നലിംഗക്കാരാണെന്ന പേരിൽ സൈനിക സേവനത്തിന് അവസരം ലഭിക്കാത്ത സാഹചര്യം യു.എസിൽ ഒരിക്കലും ഇനി ഉണ്ടാകാൻ അനുവദിക്കില്ലെന്ന് കാർട്ടർ വ്യക്തമാക്കി. ഭിന്നലിംഗക്കാരായ സൈനികർക്ക് പ്രത്യേകമായ മെഡിക്കൽ കവറേജ് നൽകും. ഹോർമോൺ തെറാപ്പി, ലിംഗമാറ്റ ചികിത്സ എന്നിവ ഡോകടർമാരുടെ നിർദ്ദേശം അനുസരിച്ച് ലഭ്യമാക്കും. പുതിയ പരിഷ്‌കാരത്തെ തുടർന്ന്‌റിപബ്ലിക്കൻ, കൺസർവേറ്റീവ് പാർട്ടികളിലെ ചില നേതാക്കൾ പെന്റഗണെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഇതോട് കൂടി, ഭിന്ന ലിംഗക്കാർക്കു സൈന്യത്തിൽ പ്രവേശനം അനുവദിക്കുന്ന 19ആം രാജ്യമാണ് അമേരിക്ക. ഭിന്ന ലൈംഗിക സ്വത്വം വെളിവായതിനെത്തുടർന്ന് ജോലി നഷ്ടമായേക്കാമായിരുന്ന ആയിരക്കണക്കിന് അമേരിക്കൻ സൈനികർക്ക് ആശ്വാസമാവുകയാണു പുതിയ തീരുമാനം.

ഔദ്യാഗികമായി ഭിന്നലിംഗക്കാർക്ക് സേനയിൽ പ്രവേശനം ഇല്ലെങ്കിലും അമേരിക്കൻ മിലിറ്ററിയിൽ 2500 ഓളം ഭിന്നലിംഗക്കാർ ഉള്ളതായി കണ്ടെത്തിയിരുന്നു. റിസർവ് സേനയിൽ 1500 പേരും വരും. എന്നാൽ ഈ കണക്ക് 7000 മുകളിൽ പോകാനുള്ള സാധ്യതയും ചില ഏജൻസികൾ പ്രഖ്യാപിച്ചിരുന്നു.

സ്വവർഗാനുരാഗികൾക്കുള്ള വിലക്ക് നീക്കി അഞ്ചു വർഷം പിന്നിടുമ്പോഴാണ് ഭിന്നലിംഗക്കാർക്കുള്ള വിലക്കു നീക്കിക്കൊണ്ട് അമേരിക്കൻ സൈന്യത്തിലെ പുതിയ മാറ്റം.