വാഷിങ്ടൺ: രണ്ടു വയസുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു. മിൽവോക്കിയിൽ കുട്ടികളുമായി കാർ യാത്ര നടത്തുന്നതിനിടെയാണ് രണ്ടു വയസുകാരന്റെ കൈയിലിരുന്ന് തോക്ക് അബദ്ധത്തിൽ പൊട്ടിയത്. കാറിന്റെ പിൻസീറ്റിലിരുന്ന തോക്ക് എടുത്തു കളിച്ച കുട്ടി അബദ്ധത്തിൽ വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പാട്രിസ് പ്രൈസ് എന്ന യുവതിയാണ് കുട്ടിയുടെ വെടിയേറ്റ് മരിക്കുന്നത്. പാട്രിസിന്റെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന കാമുകന്റെ കാറിൽ രണ്ടു കുട്ടികളുമായി യാത്ര ചെയ്യവേയാണ് കുട്ടി പിൻസീറ്റിലിരുന്ന തോക്ക് എടുത്തു കളിക്കുന്നതും അബദ്ധത്തിൽ വെടിപൊട്ടുന്നതും. ലോക്കൽ ഹൈവേയിലൂടെ യാത്ര ചെയ്യുകയായിരുന്നു പാട്രിസും കുട്ടികളും. പാട്രിസാണ് കാർ ഓടിച്ചിരുന്നത്. പാട്രിസിന്റെ അമ്മയും കുട്ടികൾക്കൊപ്പം കാറിലുണ്ടായിരുന്നു.

രണ്ടു വയസുകാരൻ കൂടാതെ ഒരു മൂത്ത പെൺകുട്ടിയാണ് പാട്രിസിനുള്ളത്. കഴിഞ്ഞ മാസം ഇതുപോലൊരു സംഭവത്തിൽ ഫ്‌ളോറിഡയിലുള്ള നാലു വയസുകാരന്റെ വെടിയേറ്റ് അമ്മയ്ക്ക് പരിക്കേറ്റിരുന്നു. പിൻസീറ്റിലിരുന്ന തോക്കെടുത്തു കളിച്ച കുട്ടി ഡ്രൈവ് ചെയ്യുകയായിരുന്ന അമ്മയെ അബദ്ധത്തിൽ വെടിവയ്ക്കുകയായിരുന്നു. പരിക്കേറ്റ അമ്മ ജാമി ഗിൽറ്റ് ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു.