- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് സെറ്റുകൾ നീണ്ട ത്രില്ലർ പോരാട്ടം; ഒളിമ്പിക്സിലെ തോൽവിക്ക് സ്വരേവിനോട് പകരം വീട്ടി ജോക്കോവിച്ച് യു.എസ് ഓപ്പൺ ഫൈനലിൽ; കലാശപ്പോരിൽ മെദ്വദേവിനെ നേരിടും; ജയിച്ചാൽ കലണ്ടൻ സ്ലാമും 21-ാം ഗ്രാൻഡ്സ്ലാം കിരീടവും; ചരിത്രനേട്ടത്തിനരികെ ജോക്കോ
ന്യൂയോർക്ക്: യുഎസ് ഓപ്പണിൽ പുരുഷ സിംഗിൾസിൽ ലോക ഒന്നാം നമ്പർ സെർബിയയുടെ നൊവാക് ജോക്കോവിച്ച് ഫൈനലിൽ. സെമിയിൽ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവിനെ 4-6, 6-2, 6-4, 4-6, 6-2 എന്ന സ്‌കോറിന് കീഴടക്കിയാണ് ജോക്കോ ഫൈനൽ ബർത്ത് ഉറപ്പിച്ചത്.
folks, we really need to work on our catching skills... pic.twitter.com/Yp9DwwAQmt
- US Open Tennis (@usopen) September 11, 2021
ടോക്യോ ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവ് സ്വരേവിനോട് ക്വാർട്ടറിൽ ഏറ്റ തോൽവിക്ക് പകരം വീട്ടാനും ജോക്കോയ്ക്ക് കഴിഞ്ഞു. ഫൈനലിൽ ദാനിൽ മെദ്വദേവിനെ ജോക്കോ നേരിടും. ജോക്കോയുടെ ഒൻപതാം യുഎസ് ഓപ്പൺ ഫൈനലാണിത്.
ഇതോടെ കലണ്ടർ സ്ലാം എന്ന നേട്ടത്തിലേക്ക് താരം ഒരുപടി കൂടി അടുത്തു. 21-ാം റെക്കോഡ് ഗ്രാൻഡ്സ്ലാം നേട്ടവും കലണ്ടർ സ്ലാം എന്ന റെക്കോഡുമാണ് ഒരു ജയത്തിനപ്പുറം ജോക്കോയെ കാത്തിരിക്കുന്നത്.
അതേസമയം കനേഡിയൻ താരം ഫെലിക്സ് ഓഗറിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ദാനിൽ മെദ്വദേവ് തോൽപ്പിച്ചത്. സ്‌കോർ 6-4, 7-5, 6-2. 2019ലെ റണ്ണർ അപ്പാണ് മെദ്വദേവ്. കരിയറിലെ മൂന്നാമത്തെ ഗ്രാൻസ്ലാം ഫൈനലിനാണ് മെദ്വേദ് യോഗ്യത നേടിയത്.
യുഎസ് ഓപ്പൺ വനിതാ ഫൈനലിൽ ശനിയാഴ്ച കൗമാരപ്പോരാട്ടം നടക്കും. കാനഡയുടെ ലെയ്ല ഫെർണാണ്ടസും ബ്രിട്ടന്റെ എമ്മ റാഡുക്കാനുവുമാണ് കിരീടപ്പോരാട്ടത്തിൽ ഇന്ന് ഏറ്റുമുട്ടുന്നത്. മുൻനിര താരങ്ങളെ അട്ടിമറിച്ചാണ് ഇരുവരും ഫൈനലിൽ എത്തിയത്.
18 വയസ്സുകാരി ബ്രിട്ടന്റെ എമ്മ റഡുകാനുവും 19 വയസ്സുള്ള കാനഡയുടെ ലെയ്ല ഫെർണാണ്ടസും കലാശപ്പോരാട്ടത്തിനു യോഗ്യത നേടിയതിനൊപ്പം ടെന്നിസ് ചരിത്രത്തിലും ഇടംപിടിച്ചു. സീഡ് ചെയ്യപ്പെടാത്ത താരങ്ങൾ ഗ്രാൻസ്ലാം ടെന്നിസ് ഫൈനലിൽ ഏറ്റുമുട്ടുന്നത് ഓപ്പൺ കാലഘട്ടത്തിൽ (1968 മുതൽ) ഇതാദ്യമാണ്. 22 വർഷത്തിനുശേഷം ഗ്രാൻസ്‌ലാം ഫൈനലിൽ കൗമാര താരങ്ങൾ ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയും ശനിയാഴ്ച നടക്കുന്ന മത്സരത്തിനുണ്ട്.
സെമിയിൽ ലെയ്ല 2ാം സീഡ് അരീന സബലേങ്കയെ അട്ടിമറിച്ചപ്പോൾ (7- 6, 4 -6, 6 - 4) എമ്മ 17ാം സീഡ് ഗ്രീസിന്റെ മരിയ സക്കാറിയെ നിഷ്പ്രഭയാക്കി (6 - 1, 6 - 4). ലോക റാങ്കിങ്ങിൽ 150ാം സ്ഥാനത്തുള്ള റഡുകാനു യോഗ്യതാ റൗണ്ട് ഉൾപ്പെടെ യുഎസ് ഓപ്പണിൽ ഇതുവരെ കളിച്ച 9 മത്സരങ്ങളിലും ഒരു സെറ്റുപോലും നഷ്ടപ്പെടുത്താതെയുള്ള അദ്ഭുത മുന്നേറ്റമാണു നടത്തിയത്. എല്ലാ മത്സരങ്ങളിലും അനായാസ ജയം സ്വന്തമാക്കിയ താരം ഈ ടൂർണമെന്റിൽ ഇതുവരെ കോർട്ടിൽ ചെലവഴിച്ച ആകെ സമയം 11.34 മണിക്കൂർ മാത്രം.
ഇതിൽ പ്രധാന റൗണ്ടിലെ 6 മത്സരങ്ങൾ 3.52 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി 17ാം വയസ്സിൽ 2004ലെ വിമ്പിൾഡൻ കിരീടം നേടിയ മരിയ ഷറപ്പോവയ്ക്കുശേഷം ഗ്രാൻസ്‌ലാം ഫൈനൽ കളിക്കുന്ന പ്രായംകുറഞ്ഞ താരം കൂടിയാണു റഡുകാനു. കരിയറിലെ 2ാം ഗ്രാൻസ്‌ലാം ടൂർണമെന്റാണിത്.
വനിതാ ടെന്നിസിലെ മുൻനിര താരങ്ങളെയെല്ലാം വീഴ്‌ത്തി ഫൈനലിലെത്തിയ ലെയ്ലയുടെ കുതിപ്പും അപ്രതീക്ഷിതമായിരുന്നു. ലോക റാങ്കിങ്ങിൽ ആദ്യ അഞ്ചിലുള്ള 3 പേരെ മുന്റൗണ്ടുകളിൽ ലെയ്ല അട്ടിമറിച്ചിരുന്നു. മുൻ ചാംപ്യന്മാരായ നവോമി ഒസാക, ആഞ്ചലിക് കെർബർ, എലേന സ്വിറ്റോലിന എന്നിവർ ലെയ്ലയ്ക്കു മുൻപിൽ അടിതെറ്റി വീണു. ഗ്രാൻസ്‌ലാം ടെന്നിസ് ഫൈനലിലെത്തുന്ന നാലാമത്തെ കാനഡ താരമാണ്.
സ്പോർട്സ് ഡെസ്ക്