വാഷിങ്ടൺ: അമേരിക്കയുടെ ഫോൺ നെറ്റ് വർക്കിൽ കടന്നുകയറി ഉത്തരകൊറിയ തന്ത്രപ്രധാന രഹസ്യങ്ങൾ ചോർത്തിയേക്കുമെന്ന മുന്നറിയിപ്പ് വന്നതോടെ ഇതിന് തടയിടാൻ അതിവേഗ 5ജി നെറ്റ് വർക്കിലേക്ക് പ്രധാന ഫോൺ ശൃംഖലകൾ മാറ്റാൻ യുഎസ് അധികൃതർ നടപടി വേഗത്തിലാക്കി. പുറത്തുനിന്ന് മറ്റാർക്കും നുഴഞ്ഞുകയറാൻ പറ്റാത്തവിധത്തിലുള്ള നെറ്റ് വർക്ക് ഒരുക്കുകയാണ് ലക്ഷ്യം. ഇതിനായി 5ജി ശൃംഖല എത്രയും വേഗം നടപ്പാക്കാനാണ് ശ്രമം തുടങ്ങിയിട്ടുള്ളത്.

ഏറ്റവും താഴേക്കിടയിൽ നിന്ന് തുടങ്ങി മുകളിലേക്ക് ഇത്തരമൊരു ശൃംഖല സൃഷ്ടിക്കാനാണ് യുഎസ് ശ്രമമെന്നും ഇതിന് എട്ടുമാസത്തോളം സമയം വേണ്ടിവരുമെന്നും മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. അതിവേഗ 5ജി വയർലെസ്റ്റ് നെറ്റ്‌വർക്ക് അടക്കമുള്ളവ സ്ഥാപിച്ച് ഫോൺ ചോർത്തൽ അവസാനിപ്പിക്കുന്നതിനാണു നീക്കമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഇക്കാര്യത്തിൽ അവസാന തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

പുറത്തുനിന്നുള്ള ഒരാൾക്കു പോലും കടന്നുകയറാൻ സാധിക്കാത്ത നെറ്റ്‌വർക്ക് നിർമ്മിക്കാനാണ് നീക്കം. ചൈന, നോർത്തുകൊറിയ എന്നിവടങ്ങളിൽ നിന്ന് ഫോൺ ചോർത്തലോ നെറ്റ് വർക്ക് വഴി കടന്നുകയറി രഹസ്യം ചോർത്തലോ ഉണ്ടായേക്കുമെന്നാണ് യുഎസ് ഭയക്കുന്നത്. ഇതൊഴിവാക്കാൻ 5ജി സേവനത്തിൽ ഉൾപ്പെടുന്നവർക്ക് അല്ലാതെ മറ്റാർക്കും യുഎസിൽ യാതൊന്നും ചെയ്യാൻ സാധിക്കരുതെന്ന നിലയിൽ ആണ് പുതിയ നെറ്റ് വർക്ക് രൂപപ്പെടുത്തുന്നത്.

ഉത്തര കൊറിയയും യുഎസുമായി നാൾക്കുനാൾ സംഘർഷം മൂർച്ഛിച്ചുവരികയാണ്. അമേരിക്ക മുഴുവൻ ലക്ഷ്യം വയ്ക്കുന്ന തരത്തിലുള്ള ആണവ, ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കുന്നതായി കൊറിയൻ ഏകാധിപതി കിമ്മും വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പമാണ് സാങ്കേതിക രഹസ്യങ്ങളും ഫോൺ സന്ദേശങ്ങളും ചോർത്താൻ കൊറിയ നീക്കം നടത്തുന്നുണ്ടെന്ന സംശയവും പ്രബലമായത്.