ന്യൂയോർക്ക്: കത്തുകൾ അയയ്ക്കുന്നതിന് ഇനി രാജ്യത്ത് നിരക്ക് കുറയും. ഒരു നൂറ്റാണ്ടിനുള്ളിൽ ആദ്യമായാണ് പോസ്റ്റൽ ചാർജ് കുറച്ചു കൊണ്ട് യുഎസ് പോസ്റ്റൽ സർവീസ് ഉത്തരവിറക്കുന്നത്. നിലവിൽ 49 സെന്റ് എന്നത് 47 സെന്റായി കുറയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. 

പോസ്‌റ്റേജ് സ്റ്റാമ്പിൽ രണ്ടു സെന്റ് കുറവു വരുത്തുന്നത് പോസറ്റൽ സർവീസിന് വർഷം രണ്ടു ബില്യൺ ഡോളറിന്റെ അധികബാധ്യത സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ട്. 2014 ജനുവരിയാണ് 2 സെന്റ് സർചാർജ് ചുമത്തി 47 സെന്റിൽനിന്ന് 49 സെന്റാക്കി ഉയർത്തിയത്. സാമ്പത്തിക മാന്ദ്യത്തിനുശേഷം നഷ്ടം വർധിച്ച് 4.6 ബില്യൺ ഡോളറായിരുന്നു. ഇത് നികത്തുവാനാണ് സർചാർജ് ചുമത്തിയത്.

സർചാർജിന്റെ കാലാവധി പൂർത്തിയായപ്പോൾ ഇത് നീട്ടേണ്ട എന്നു തീരുമാനിക്കുകയായിരുന്നു.
നിലവിൽ പോസ്റ്റൽ സ്റ്റാമ്പുകൾക്ക് നിരക്ക് കുറച്ചുവെങ്കിലും മറ്റു സേവനങ്ങൾക്കുള്ള നിരക്കുകളും ആനുപാതികമായി കുറയ്ക്കുമെന്നാണ് പോസ്റ്റ് മാസ്റ്റർ ജനറൽ മേഗൽ ബ്രണ്ണൻ വ്യക്തമാക്കുന്നത്.