ഹാംബർഗ്: ഹാംബർഗിൽ നടന്ന ജി 20 ഉച്ചകോടി ഇന്നലെയാണ് സമാപിച്ചത്. ഉച്ചകോടിയിൽ മറ്റ് ലോകനേതാക്കളെ പോലെ തന്നെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും താരമായി. ഇന്ത്യ - ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങുമായി കൂടിക്കാഴ്‌ച്ച നടത്തിയ അദ്ദേഹം അനൗപചാരികയമായി മറ്റ് പല ചർച്ചകളും ഉച്ചകോടിയിൽ നടത്തി.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും മോദി കൂടികകാഴ്‌ച്ച നടത്തി. ഉച്ചകോടിയുടെ രണ്ടാം ദിനമാണ് ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്‌ച്ച നടത്തിയത്. നരേന്ദ്ര മോദിയെ കണ്ട് ട്രംപ് നേരിട്ട് നടന്നടുക്കുകയായിരുന്നു. ഇരു നേതാക്കളും കൈകൊടുത്ത ശേഷം കുശലാന്വേഷണങ്ങളും നടത്തി. എന്താണ് ചർച്ചയിൽ വിഷയമായതെന്ന കാര്യം വ്യക്തമായില്ല. ട്രംപിന്റെ മകൾ ഇവാൻകയും മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തി.

ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്‌ച്ച നടത്തിയ ചിത്രങ്ങൾ നീതി ആയോഗ് ചെയർമാൻ അരവിന്ദ് പൻഗാരിയ ആണ് ട്വീറ്റ് ചെയ്തത്. അതേസമയം ഉച്ചകോടിയിലെ മറ്റൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിൽക്കാൻ വേണ്ടി സാക്ഷാൽ അമേരിക്കൻ പ്രസിഡണ്ട് മുൻനിര ഉപേക്ഷിച്ച് രണ്ടാം നിരയിലേക്ക് നടന്നുപോകുന്ന കാഴ്ചയാണ് ട്വിറ്ററിൽ പ്രചരിക്കുന്ന ഈ വീഡിയോയിൽ ഉള്ളത്. ബിജെപിയുടെ സോഷ്യൽ മീഡിയ വോളന്റിയറായ സുരേഷ് നൗക്കയാണ് മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ ഈ വീഡിയോ പങ്കുവെച്ചത്.

ജർമനിയിലെ ഹാംബർഗിൽ നടക്കുന്ന ജി 20 സമ്മേളനത്തിനിടെയാണ് രസകരമായ സംഭവം ഉണ്ടായത്. ജർമൻ പ്രസിഡണ്ട് ആഞ്ജല മെർക്കൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെയും ഭാര്യ മെലേനിയ ട്രംപിനെയും സ്വീകരിക്കുന്നു. തുടർന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. സ്വാഭാവികമായും മുൻനിരയിൽ നിൽക്കാനായിരുന്നു ട്രംപിന് കിട്ടിയ നിർദ്ദേശം.

ചുറ്റും നോക്കിയപ്പോഴാണ് ഡോണാൾഡ് ട്രംപ് രണ്ടാം നിരയിൽ നിൽക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോജദിയെ കണ്ടത്. ഇതോടെ ട്രംപ് ഒന്നാം നിര വിട്ട് രണ്ടാം നിരയിലേക്ക് നടക്കുകയായിരുന്നു. മോദിയുടെ തൊട്ടടുത്തെത്തിയാണ് ട്രംപ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ട്വിറ്ററിൽ നിമിഷങ്ങൾക്കകം ഈ വീഡിയോ വൈറലായി എന്ന് പറഞ്ഞാൽ മതിയല്ലോ.