വാഷിങ്ടൺ: വിവിധ തരത്തിലുള്ള വിമാനങ്ങൾക്ക് നാവികസേനയുടെ യുദ്ധകപ്പലുകളിൽ നിന്ന് പറന്നുയാൻ സഹായകമായ ഇലക്‌ട്രോ മാഗ്‌നറ്റിക് എയർക്രാഫ്റ്റ് ലോഞ്ച് സിസ്റ്റം (ഇമെൽസ്) ഇന്ത്യക്ക് കൈമാറാൻ അമേരിക്ക തയ്യാറാവുന്നു. നരേന്ദ്ര മോദി സർക്കാരിന്റെ നയതന്ത്ര വിജയമായാണ് ഇതിനെ കണക്കാക്കുന്നത്.

ഒബാമ അമേരിക്കൻ പ്രസിഡന്റായിരുന്ന കാലംമുതൽ ഇന്ത്യ ഈ സാങ്കേതിക വിദ്യ കിട്ടാനായി അമേരിക്കയ്ക്ക് അപേക്ഷ നൽകിയുന്നുവെങ്കിലും നടന്നിരുന്നില്ല. ഇപ്പോൾ ട്രംപ് അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യക്ക് ഈ സാങ്കേതിക വിദ്യ കിട്ടുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

ഏറെ നാളായി ഇന്ത്യൻ നാവിക സേന ഈ സാങ്കേതിക വിദ്യയ്ക്കായി കാത്തിരിപ്പ് തുടങ്ങിയിട്ട്. ഇപ്പോൾ അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണിന്റെ ഇന്ത്യൻ സന്ദർശനത്തിന് മുന്നോടിയായാണ് അമേരിക്ക സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറുന്നത്. ടില്ലേഴ്‌സണിന്റെ വരവ് എന്നാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

നിർമ്മാണത്തിലെ പ്രത്യേകതയാൽ വിവിധ തരത്തിലുള്ള, വ്യത്യസ്ത ഭാരം പേറുന്ന യുദ്ധ വിമാനങ്ങൾ വിക്ഷേപിക്കാൻ ഇമെൽസ് സാങ്കേതിക വിദ്യയിലൂടെ കഴിയുമെന്ന പ്രത്യേകതയാണ് ഇതിനെ ആകർഷകമാക്കുന്നത്. മിക്ക രാജ്യങ്ങൾക്കും ഇത്തരമൊരു സാങ്കേതിക വിദ്യ ഇല്ലെന്നതും ഇന്ത്യക്ക് നേട്ടമാകും. ഇക്കാര്യത്തിൽ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറാമെന്ന് തിങ്കളാഴ്ചയാണ് അമേരിക്ക സന്നദ്ധത അറിയിച്ചത്.

ഇതോടൊപ്പം പ്രശസ്ത ആണവ കമ്പനിയായ ജനറൽ ആറ്റോമിക്‌സ് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുന്നുമുണ്ട്. ഇന്ത്യൻ മിലിട്ടറിയുടെ ആവശ്യങ്ങളിൽ സഹായിക്കാൻ ഇവർ ഡൽഹിയിൽ ഓഫീസ് തുടങ്ങുമെന്ന് കമ്പനി ചീഫ് എക്‌സിക്യുട്ടീവ് ഡോ. വിവേക് ലാൽ വ്യക്തമാക്കിയിരുന്നു.

യുദ്ധവിമാനങ്ങളുടെ ടേക്ക് ഓഫ് സമയത്തെ അധിക ആയാസം കുറയുമെന്നതാണ് ഇപ്പോൾ ലഭിക്കുന്ന ഇമെൽസ് സാങ്കേതിക വിദ്യയുടെ പ്രത്യേകത. അതിനാൽ ഇതിന്റെ പേരിലുള്ള ചെലവും കുറയും. കൂടാതെ കൂടുതൽ പൂർണശേഷിയിൽ പോർമുനകൾ വഹിച്ചുകൊണ്ട് വിമാനങ്ങൾക്ക് കപ്പലുകളിൽ നിന്ന് കുതിച്ചുയരാനും ആകും.

ഇന്ത്യൻ മഹാസമുദ്രത്തിൽ അടുത്തകാലത്തായി ചൈനീസ് ഇടപെടൽ ശക്തമായ സാഹചര്യത്തിൽ കൂടിയാണ് ഇന്ത്യക്ക് ഈ സാങ്കേതിക വിദ്യ അമേരിക്ക കൈമാറുന്നതെന്നാണ് സൂചന. ഇതോടെ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ നിർമ്മാണ പദ്ധതികൾ വേഗത്തിലാക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.

ഐ എൻ എസ് വിശാൽ എന്ന കപ്പലിന്റെ നിർമ്മാണം ഐ എ സി 2 പദ്ധതിയനുസരിച്ചാണ് നടപ്പിലാക്കുന്നത്. വലിയ പോർവിമാനങ്ങൾ ഉൾക്കൊള്ളാൻ ശേഷിയുള്ള തരത്തിലാണ് ഐ എൻ എസ് വിശാലിന്റെ രൂപകല്പന . ഇത് കമ്മീഷൻ ചെയ്യാൻ നിലവിൽ പത്തുവർഷമെടുക്കുമെന്നാണ് കരുതുന്നത് .