ജോർജിയ: യുഎസ് സെനറ്റിൽ ഭൂരിപക്ഷ കക്ഷിയെ തീരുമാനിക്കുന്ന ജോർജിയയിൽ നിന്നുള്ള രണ്ട് യുഎസ് സെനറ്റ് സീറ്റുകളിലേക്ക് ആരംഭിച്ച ഏർലി വോട്ടിംഗിൽ സർവകാല റിക്കാർഡ്. ജനുവരി അഞ്ചിന് നടക്കുന്ന റൺഓഫ് മത്സരങ്ങളിൽ, തിങ്കളാഴ്ച ആരംഭിച്ച ഏർലി വോട്ടിംഗിൽ ഡിസംബർ 18 വെള്ളിയാഴ്ച ഒടുവിൽ ലഭിച്ച റിപ്പോർട്ട് അനുസരിച്ച് 1.1 മില്യൻ പേർ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയതായി ജോർജിയ വോട്ടിങ് ഡേറ്റാ രേഖപ്പെടുത്തുന്ന വെബ്സൈറ്റിൽ കാണുന്നു.

ഡമോക്രാറ്റിക് പാർട്ടിക്ക് സെനറ്റിൽ 48 സീറ്റുകൾ ലഭിച്ചപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് 50 സീറ്റുകളാണുള്ളത്. ജോർജിയയിൽ നടക്കുന്ന രണ്ട് യുഎസ് സെനറ്റ് സീറ്റുകളിലും വിജയിച്ചാൽ മാത്രമേ ഡമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷം നേടാനാകൂ. അതേസമയം ഒരു സീറ്റിൽ വിജയിച്ചാൽ മാത്രമേ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരപിക്ഷം നിലനിർത്താനാവൂ. റിപ്പബ്ലിക്കൻ സെനറ്റർമാരായ കെല്ലി ലോഫ്ലർ, ഡേവിഡ് പെഡ്രൂ എന്നിവർ നേരിടുന്നത് ഡമോക്രാറ്റിക് സ്ഥാനാർത്ഥികളായ റാഫേൽ വാർനോക്ക്, ജോൺ ഓസോഫ് എന്നിവരെയാണ്.

ഇരുപാർട്ടികളുടേയും ജീവന്മരണ പോരാട്ടമാണ് ഇവിടെ നടക്കുന്നത്. നൂറുകണക്കിന് മില്യൻ ഡോളറാണ് ഇരുവരും ഇവിടെ വാരിവിതറുന്നത്. പ്രസിഡന്റ് ട്രംപും, വൈസ് പ്രസിഡന്റ് മൈക്കും വിവിധ റാലികളെ അഭിസംബോധന ചെയ്യുമ്പോൾ, ബൈഡനും കമലാ ഹാരിസും പ്രചാരണങ്ങൾക്ക് ചുക്കാൻപിടിക്കുന്നു. നിലവിൽ റിപ്പബ്ലിക്കൻ സീറ്റുകളായിരുന്നാലും പാർട്ടി വിജയിക്കുമെന്നാണ് ട്രംപ് പ്രവചിച്ചിരിക്കുന്നത്.