വാഷിങ്ടൺ: ഭീകരവാദ നിരീക്ഷണപട്ടികയിൽ സംശയിക്കപ്പെടുന്നവർ തോക്കു വാങ്ങുന്നത് വിലക്കുക തുടങ്ങിയ തോക്കു നിയന്ത്രണവുമായി ബന്ധപ്പെട്ട് സെനറ്റിൽ അവതരിപ്പിച്ച തോക്കു നിയന്ത്രണ ബിൽ പരാജയപ്പെട്ടു. ഫ്‌ലോറിഡയിലെ സ്വവർഗാനുരാഗികളുടെ നൈറ്റ് ക്ലബിൽ നടന്ന വെടിവയ്പിൽ അമ്പതോളം പേർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച ബില്ലിന് സെനറ്റിൽ പാസാകാൻ ഏറെ തടസങ്ങളാണ് സെനറ്റർമാർ മുന്നോട്ടുവച്ചത്.

തോക്കുകൾ കൈവശം വയ്ക്കുന്നതിൽ അമേരിക്കൻ ജനതയ്ക്കുള്ള വൈകാരിക താൽപര്യമാണ് ഇവിടെ പ്രതിഫലിച്ചതെന്നും സഭാനടപടികൾ തന്ത്രപരമായി തടസ്സപ്പെടുത്തിയ അംഗങ്ങൾ നടപടിക്രമങ്ങൾ തടയുകയായിരുന്നുവെന്നും ഡെമോക്രാറ്റിക് സെനറ്റർ ക്രിസ് മുർഫി പ്രതികരിച്ചു.  ഭീകരവാദ നിരീക്ഷണ പട്ടികയിൽ സംശയിക്കപ്പെടുന്നവർ തോക്ക് വാങ്ങുന്നത് വിലക്കുക, ഭീകരവാദിയെന്ന് സംശയിക്കുന്നതോ അറിയപ്പെടുന്നതോ ആയ ആളുകൾ തോക്കു വാങ്ങുന്നത് തടയാൻ അറ്റോർണി ജനറലിനെ അധികാരപ്പെടുത്തുക, കരുതൽ നടപടി സ്വീകരിച്ചിട്ടും ഭീകരബന്ധമുള്ളവർ തോക്ക് വാങ്ങിയാൽ എഫ്.ബി.ഐയ്ക്ക് ജാഗ്രത നിർദ്ദേശം നൽകുക എന്നീ വ്യവസ്ഥകളാണ് ബില്ലുകളിൽ ഉണ്ടായിരുന്നത്.

ഒർലാൻഡോയിൽ സംഭവിച്ചത് ഇസ്ലാമിക് ഭീകരവാദത്തിന്റെ പ്രതിഫലനമാണെന്നും അത് ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കേണ്ടതെന്നും, രോഗത്തോടു പൊരുതാതെ രോഗലക്ഷണങ്ങളെ ചികിത്സിക്കാനാണ് തന്റെ സഹപ്രവർത്തകർ ശ്രമിക്കുന്നതെന്നും ബില്ലുകളിലൊന്ന് അവതരിപ്പിച്ച റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കൊന്യാൻ പറഞ്ഞു. അതേസമയം, വിമാനത്തിൽ കയറുന്നതിനു മുമ്പ് ഭീകരവാദം ഭയന്ന് കർശനമായ സുരക്ഷാ പരിശോധനകൾ നടക്കുന്നുണ്ടെങ്കിലും, ഭീകര ബന്ധം സംശയിച്ച് വാച്ച് ലിസ്റ്റിലുള്ളവർ തോക്കു വാങ്ങുന്നതിന് ഒരു പരിശോധനയും ഏർപ്പെടുത്താത്തതിൽ എന്തർഥമാണുള്ളതെന്ന് ഡെമോക്രാറ്റിക് സെനറ്റർ ബാർബറ മികുൽസ്‌കി അഭിപ്രായപ്പെട്ടു.