കെന്റക്കി: ക്രിസ്തീയ വിശ്വാസത്തിന്റെ പേരിൽ പാക്കിസ്ഥാനിൽ തൂക്കി കൊല്ലയ്ക്കു വിധിക്കപ്പെട്ട്, ജയിലിൽ കഴിഞ്ഞിരുന്ന ആസിയാ ബീബിയെ രാഷ്ട്രീയ സമ്മർദങ്ങൾക്കൊടുവിൽ വിട്ടയയ്ക്കുവാൻ തീരുമാനിച്ചുവെങ്കിലും ഇവരുടെ ജീവനു ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ യു എസിൽ ഇവർക്ക് രാഷ്ട്രീയ അഭയം നൽകണമെന്നു കെന്റുക്കിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ റാന്റ് പോൾ പ്രസിഡന്റ് ട്രംപിനോടാവശ്യപ്പെട്ടു.

എട്ടുവർഷം മുൻപ് അറസ്റ്റു ചെയ്യപ്പെട്ട് വധശിക്ഷയും കാത്തു കഴിഞ്ഞിരുന്ന ആസിയായെ (53) സുപ്രീം കോടതിയാണ് വിട്ടയ്ക്കാൻ ഉത്തരവിട്ടത്.നവംബർ 7 ന് ഇവർ സ്വതന്ത്രയാക്കപ്പെട്ടു. പാക്കിസ്ഥാനിൽ ഇവരുടെ ജീവനു ഭീഷിണിയുള്ളതായി ഭയപ്പെടുന്നുവെന്ന് ട്രംപിനയച്ച കത്തിൽ പോൾ പറഞ്ഞു. ആസിയായുടെ മരണ ശിക്ഷ ഒഴിവാക്കുന്നതിനു വേണ്ടി താൻ വാദിച്ചിരുന്നുവെന്നും പോൾ പറഞ്ഞു.

എട്ടുകൊല്ലം ക്രിസ്തീയ വിശ്വാസത്തിന്റെ പേരിൽ പാക്കിസ്ഥാൻ ജയിലിൽ പീഡനം അനുഭവിക്കേണ്ടി വന്ന ഇവരെയും ഇവരുടെ കുടുംബാംഗങ്ങളെയും സഹായിക്കുന്നതിനും, യുഎസിലേക്ക് കൊണ്ടുവരുന്നതിനുമുള്ള ചെലവ്ക്കു ഫണ്ട് രൂപീകരിക്കുവാൻ മതനേതാക്കന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോൾ പറഞ്ഞു. അഞ്ചു കുട്ടികളുടെ മാതാവാണ് ആസിയ ബീബി.