റ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ടുകൾ അനുസരിച്ച് അമേരിക്ക കടുത്ത മഞ്ഞിന്റെ പിടിയിൽ അമർന്നിരിക്കുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. ഈ അവസരത്തിൽ മഞ്ഞ് ബോംബുകൾ പൊട്ടി ജീവിതം ആകെ താറുമാറായിട്ടുണ്ട്. പ്രതികൂലമായ കാലാവസ്ഥ കാരണം രാജ്യമാകമാനം നിരവധി വിമാനങ്ങൾ റദ്ദ് ചെയ്തിട്ടുമുണ്ട്. കടുത്ത മഞ്ഞിന് പുറമെ കൊടുങ്കാറ്റും വെള്ളപ്പൊക്കവും പിന്നാലെയെത്തുന്നുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈ അവസരത്തിൽ ബോസ്റ്റണിൽ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണുണ്ടായിരിക്കുന്നത്. ഇവിടെ 15 അടിയോളമാണ് വെള്ളം പൊങ്ങിയിരിക്കുന്നത്.

തൽഫലമായി ബോസ്റ്റണിൽ ആളുകൾ വീടുകളിലും കാറുകളിലും കുടുങ്ങിപ്പോവുകയും ചെയ്തിരുന്നു. കടുത്ത ചക്രവാതം വീശിയടിച്ചതിനെ തുടർന്ന് നോർത്ത് ഈസ്റ്റിൽ സ്‌കൂളുകൾ അടച്ച് പൂട്ടിയിരുന്നു. കൂടാതെ 4000ത്തോളം വിമാനങ്ങൾ രാജ്യമാകമാനം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച അതിരാവിലെയായിരുന്നു നോർത്ത് ഈസ്റ്റിൽ കടുത്ത വിന്റർ കാറ്റ് വീശിയടിക്കാൻ തുടങ്ങിയത്.തൽഫലമായി ഇവിടെ കനത്ത നാശനഷ്ടങ്ങളാണുണ്ടാ യിരിക്കുന്നത്.അന്തരീക്ഷ സമ്മർദം പെട്ടെന്ന് താഴ്ന്നതിനെ തുടർന്ന് ' ബോംബ് സൈക്ലോൻ' സിസ്റ്റം എന്ന അപകടകരമായ കാലാവസ്ഥയാണ് രാജ്യത്ത്സംജാതമായിരിക്കുന്നത്.

ഇതിനെ തുടർന്ന് വളരെ വേഗത്തിൽ ശക്തമായ മഞ്ഞ് വീഴ്ചയും മണിക്കൂറിൽ 76 മൈൽ വേഗതയിൽ വീശിയടിക്കുന്ന കാറ്റും അമേരിക്കയുടെ മിക്ക ഭാഗങ്ങളെയും വലയ്ക്കുന്നുണ്ട്. 1978ൽ ഉണ്ടായത് പോലുള്ള പ്രകൃതിദുരന്തമാണ് ബോസ്റ്റണിൽ ഇപ്പോഴുണ്ടായിരിക്കുന്നത്. പ്രതികൂലമായ കാലാവസ്ഥ കാരണം ആറ് പേർ മരിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് പേർ മരിച്ചത് നോർത്ത് കരോലിനയിലാണ്.കൂടാതെ സൗത്ത് കരോലിനയിൽ ഒരാളും വെർജീനിയയിൽ രണ്ട് പേരും മരിച്ചിട്ടുണ്ട്. കടുത്ത കാറ്റിൽ മരങ്ങൾ റോഡിലേക്ക് വീണ് രാജ്യമാകമാനം കടുത്ത യാത്രാ തടസങ്ങളാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇതിനെ തുടർന്ന് തടസങ്ങൾ നീക്കുന്നതിനുള്ള യജ്ഞം രാജ്യവ്യാപകമായി നടന്ന് വരുന്നുമുണ്ട്.

ന്യൂയോർക്ക് സിറ്റിയിലെ ജോൺഎഫ് കെന്നഡി എയർപോർട്ടിലേക്കും ലാ ഗാർഡിയ എയർപോർട്ടിലേക്കും വരാനും പോകാനുമിരുന്ന എല്ലാ വിമാനങ്ങളും ഇന്നലെ റദ്ദാക്കിയിരുന്നു. ന്യൂയോർക്കിലെ സ്‌കൂളുകളെല്ലാം അടയ്ക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. രാജ്യമാകമാനം ഊഷ്മാവ് ഈ ആഴ്ച മുഴുവൻ ഫ്രീസിംഗിനും താഴെ നിലകൊള്ളുമെന്നാണ് മുന്നറിയിപ്പ്. ന്യൂ ഇംഗ്ലണ്ടിലന്റെ മിക്ക ഭാഗങ്ങളിലും കടുത്ത തണുപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച ന്യൂയോർക്കിലെ നിരവധി കൗണ്ടികളിൽ സ്റ്റേറ്റ് ഓഫ് എമർജൻസി പ്രഖ്യാപിച്ചിരുന്നു. ഫ്ലോറിഡ, ജോർജിയ, സൗത്ത് കരോലിന തുടങ്ങിയിടങ്ങളിൽ ബുധനാഴ്ച കടുത്ത വിന്റർ കാറ്റുകൾ വൻ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.