വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടക്കം മുതലേ എതിർത്തുവന്ന ഒരു കാര്യമായിരുന്നു തപാൽ വോട്ടുകൾ. എന്നാൽ ഡെമോക്രാറ്റുകൾ ആവട്ടെ അതിനാണ് മുൻതൂക്കം നൽകിയതും.

തപാൽ വോട്ടുകളിൽ ഭൂരിഭാഗവും തങ്ങളുടെതോണെന്നാണ് ഇവർ പറയുന്നത്. പുലർച്ചെ നാലുമണിക്ക് ശേഷം ലഭിച്ച വോട്ടുകൾ എണ്ണരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്ന ഡൊണാൾഡ് ട്രംപിനെ എന്തുവിലകൊടുത്തും നേരിടുമെന്ന് ഡമോക്രാറ്റുകൾ. വോട്ടെണ്ണൽ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന ട്രംപിന്റെ പരാമർശം അന്യായവും കീഴ് വഴക്കമില്ലാത്തതും അബദ്ധവുമാണെന്നാണ് ബൈഡന്റെ കാമ്പെയ്ൻ മാനേജർ ജെൻ ഒ മാലെ ഡില്ലൺ പുറത്തിറക്കിയ പ്രസ്താവനയിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

ട്രംപിന്റെ ശ്രമത്തെ പ്രതിരോധിക്കാൻ നിയമവിദഗ്ധരുടെ സംഘം തയ്യാറായി നിൽക്കുകയാണെന്നും ആ ശ്രമത്തിൽ അവർ വിജയിക്കുമെന്നും മാനേജർ അവകാശപ്പെട്ടു.'യഥാസമയത്ത് രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണുന്നത് അവസാനിപ്പിക്കണമെന്ന പ്രസിഡന്റിന്റെ പ്രസ്താവന അന്യായവും കീഴ് വഴക്കമില്ലാത്തതും അബദ്ധവുമാണ്. അത് അന്യായമാണ് കാരണം അമേരിക്കൻ പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കാനുള്ള നഗ്നമായ ശ്രമമാണ്.' ബുധനാഴ്ച പുലർച്ചെ നാലിന് മുമ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ ജെൻ പറയുന്നു.

വോട്ടുകൾ എണ്ണിത്തീരുന്നതിന് മുമ്പുതന്നെ തന്നെ തന്റെ വിജയം സ്വയം പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് വൈറ്റ് ഹൗസിൽ നടത്തിയ അതേ പ്രസംഗത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.വൈകി കിട്ടിയ തപാൽ വോട്ടുകൾ എണ്ണുതിന്റെ കാര്യത്തിൽ അനിശ്ചിതത്വം നിൽനിക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിൽ അത്ഭുദങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ജയം ഡൊണാൾഡ് ട്രംപിന് തന്നെയാണെന്നാണ് വിലയിരുത്തൽ.

ഇനി ഫലം വരാനുള്ള ചാഞ്ചാടുന്ന സംസ്ഥാനങ്ങൾ എന്നറിയപ്പെടുന്നവയിൽ ഭൂരിഭാഗത്തിലും ലീഡ് ചെയ്യുന്നത് ട്രംപ് ആണ്. അതുകൂടി കൂട്ടിയാൽ 295നും 300 ഇടയിലുള്ള വ്യക്തമായ ഭൂരിപക്ഷത്തോടെ ട്രംപ് അധികാരത്തിൽ ഏറുമെന്നാണ് കരുതുന്നത്. എന്നാൽ ബൈഡൻ പങ്കവും പ്രതീക്ഷ കൈവിട്ടില്ല. ഈ സംസ്ഥാനങ്ങളിൽ തപാൽ ബാലറ്റുകൾ എണ്ണിക്കഴിയുന്നതോടെ ചിലതിൽ എങ്കിലും കാര്യങ്ങൾ അനുകൂലം ആവുമെന്നാണ് അവർ കരുതുന്നത്. ഇത്തവ കോവിഡ് കാരണം പത്തുകോടിയോളം പേരാണ് തപാൽ വോട്ട് പ്രയോജനപ്പെടുത്തിയത്.

അവസാനത്തെ കക്ഷിനില അറിയുമ്പോൾ ബൈഡൻ 238 സീറ്റും ട്രംപ് 213 സീറ്റും നേടിയിട്ടുണ്ട്. സെനറ്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ 47 സീറ്റുകളിൽ ഇരു പാർട്ടികളും ലീഡ് ചെയ്യുന്നു. യുഎസ് കോൺഗ്രസ്സിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ 183 സീറ്റുകളിലും റിപ്പബ്ലിക്കന്മാർ 174 സീറ്റുകളിലും ലീഡ് ചെയ്യുന്നു.ഏഴ് സംസ്ഥാനങ്ങളിലാണ് ഇനി ഫലമറിയാനുള്ളത്. നെവാഡ, വിസ്‌കോൺസിൻ, മിഷിഗൺ, പെൻസിൽവേനിയ, നോർത്ത് കരോലിന, ജോർജ്ജിയ, അലാസ്‌ക എന്നിവിടങ്ങളിൽ.

19 സംസ്ഥാനങ്ങളിൽ ജോ ബൈഡനും 24 സംസ്ഥാനങ്ങളിൽ ട്രംപും വിജയം നേടി. അതേസമയം ഏറ്റവും കൂടുതൽ ഇലക്ടറൽ കോളേജ് വോട്ടുകളുള്ള (55) സംസ്ഥാനമായ കാലിഫോർണിയ ബൈഡൻ നേടി. 38 വോട്ടുള്ള ടെക്‌സാസിൽ ട്രംപ് വിജയിച്ചു. 29 വോട്ടുള്ള ഫ്‌ളോറിഡ, 18 വോട്ടുള്ള ഒഹായോ തുടങ്ങിയവ ട്രംപ് ജയിച്ചു. അതേസമയം ന്യൂയോർക്ക് (29), ഇല്ലിനോയ്‌സ് (20) തുടങ്ങിയവ ബൈഡൻ പിടിച്ചു. പെൻസിൽവേനിയ (20), മിഷിഗൺ (16), ജോർജ്ജിയ (16), നോർത്ത് കരോളിന (15) എന്നിവയാണ് ഇനി ഫലം വരാനുള്ള സംസ്ഥാനങ്ങളിൽ കൂടുതൽ ഇലക്ടറൽ വോട്ടുള്ളവ.