ഴിഞ്ഞ ദിവസം അമേരിക്കയിൽ നിന്നും കേരളത്തിലേക്ക് യാത്ര തിരിച്ച മലയാളിക്ക് വിമാനത്തിൽ വച്ച് ഹൃദയാഘാതം. മണിക്കൂറുകൾ നീണ്ട യാത്രയ്ക്കിയായിരുന്നു മരണം.

ലണ്ടനിൽ വിമാനം ലാന്റ് ചെയ്യാൻ ഒരുങ്ങവെ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അടുത്ത് ചെന്ന് വിമാനജീവനക്കാർ നോക്കി. അപ്പോഴാണ് മരണം അറിയുന്നത്. വിമാനയാത്രയ്ക്കിടെ ഉറക്കത്തിനിടയിൽ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം ഏറ്റുമാനൂർ സ്വദേശി എസ്റ്റി എബ്രഹാമാണ് കുടുംബാംഗങ്ങളോട് ഒത്തുള്ള യാത്രയിൽ മരണത്തിന് കീഴടങ്ങിയത്.

നീണ്ട കാലമായി അമേരിക്കയിൽ കഴിയുന്ന കുടുംബം നാട്ടിൽ ക്രിസ്തുമസ് അവധി ചെലവിടാൻ പുറപ്പെട്ടതാണെന്ന് ബന്ധുക്കളിൽ നിന്നും വിവരം ലഭിച്ചു. അമേരിക്കൻ എയർലൈൻസ് യാത്രക്കാരായ കുടുംബം ട്രാൻസിറ്റ് പ്ലെയിന് വേണ്ടി ലണ്ടനിൽ ഇറങ്ങാൻ ഒരുങ്ങവേയാണ് മരണത്തെ കുറിച്ച് അറിയുന്നത്. ഇതേ തുടർന്ന് ഭാര്യയും മക്കളും ഉടനടി എയർലൈൻസുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കി നൽകിയ ശേഷം നാട്ടിലേക്ക് യാത്രയായി. പരേതന് 70 വയസ് പ്രായമുണ്ട്.

ലണ്ടനിൽ കിങ്സ്റ്റൺ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം നടത്തിയേക്കും എന്നാണ് ലഭ്യമായ വിവരം. മരണ സർട്ടിഫിക്കറ്റ് ലണ്ടനിലെ ഇന്ത്യൻ എംബസിയിൽ സമർപ്പിച്ച് ആവശ്യമായ തുടർ യാത്രാ രേഖകൾ സംഘടിപ്പിച്ച ശേഷമേ മൃതദേഹം ഫ്യൂണറൽ ഏജൻസിക്ക് നാട്ടിലേക്ക് അയക്കുവാൻ കഴിയൂ. അതേ സമയം ആവശ്യമായ ഏതു സഹായവും ചെയ്തു നൽകാൻ തയ്യാറാണെന്ന് എംബസി ജീവനക്കാർ അറിയിച്ചു.

കുടുംബാംഗങ്ങളുടെ അഭ്യർത്ഥനയെ തുടർന്നാണ് എംബസിയിൽ വേഗത്തിലുള്ള നടപടിക്കായി ബന്ധപ്പെടേണ്ടി വന്നത്. ഇപ്പോൾ അയർലന്റിലുള്ള സഹോദരി ഭർത്താവാണ് എബ്രഹാമിന്റെ മൃതദേഹം ഏറ്റെടുത്ത് നാട്ടിലേക്ക് അയക്കാനുള്ള ശ്രമവുമായി രംഗത്തുള്ളത്. ഏറ്റുമാനൂർ അതിരമ്പുഴ പുതുശ്ശേരി കുടുംബാംഗമാണ് എബ്രഹാം.