ന്യൂയോര്‍ക്ക്; ലെിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (LANA) യുടെ പ്രാദേശിക സമ്മേളനം ന്യൂയോര്‍ക്കിലെ അക്ഷര നഗരിയില്‍ നവംബര്‍ ഒന്നു മുതല്‍ മൂന്നു വരെ നടത്തപ്പെടുന്നു. ന്യൂയോര്‍ക്കിലെ കേരളാ സെന്റ്റര്‍ ആണ് അക്ഷര നഗരിയായി അണിഞ്ഞൊരുങ്ങുന്നത്. മലയാളത്തിലെ പ്രമുഖ എഴുത്തുകാരന്‍ ഇ. സന്തോഷ്‌കുമാര്‍ മുഖ്യാതിഥിയായി എത്തിച്ചേരുന്ന സമ്മേളനത്തില്‍ നോര്‍ത്ത് അമേരിക്കയിലെ മലയാളി എഴുത്തുകാരുടെയും സാഹിത്യ പ്രേമികളുടെയും വലിയ നിരതന്നെ പങ്കെടുക്കും.

ഇ.സന്തോഷ് കുമാര്‍, മലയാള സാഹിത്യകാരന്മാരുടെ മുന്‍നിരയില്‍ എത്തപ്പെട്ട എഴുത്തുകാരനാണ്. 2006ലും, 2012ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ 'ചാവുകളി' 'അന്ധകാരനഴി' 'ജ്ഞാനഭാരം', 'പാവകളുടെ വീട്' എന്നീ രചനകള്‍ ഇതിനകം തന്നെ മലയാള വായനക്കു പുതിയ വാതായനങ്ങള്‍ സമ്മാനിച്ചു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വളര്‍ന്നുവന്ന മലയാളത്തിലെ എഴുത്തുകാരുടെ പുതിയ തലമുറയോടൊപ്പമാണ് അദ്ദേഹം പൊതുവെ തിരിച്ചറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ രചനയില്‍ രണ്ട് മുഴുനീള നോവലുകളും ആറ് നോവലെറ്റുകളും അറുപതിലധികം ചെറുകഥകളും ഉള്‍പ്പെടുന്നു.

മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന സാഹിത്യോത്സവത്തില്‍ കഥ, കവിത തുടങ്ങി സാഹിത്യമേഖലയിലെ പുതിയ പ്രവണതകള്‍, വൈവിധ്യമാര്‍ന്ന ചര്‍ച്ചകള്‍, പഠനകളരികള്‍, വിനോദങ്ങള്‍ ഒക്കെ ക്രമീകരിച്ചിട്ടുണ്ട്. ഭാഷയെ സ്‌നേഹിക്കുന്നവര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങള്‍ ചേര്‍ത്തിണക്കിയ സമ്പൂര്‍ണ്ണ സമ്മേളനം നോര്‍ത്ത് അമേരിക്കയിലെ എഴുത്തുകാര്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാനുള്ള അനുഭവം ആകുമെന്നു സംഘാടകര്‍ അറിയിക്കുന്നു.

സമ്മേളനത്തില്‍ ലാനയ്ക്ക് നേതൃത്വം നല്‍കിയ അതിന്റെ മുന്‍കാല പ്രവര്‍ത്തകരെ ആദരിക്കുകയും, അനുസ്മരിക്കുകയും ചെയ്യും.സമ്മേളനത്തിന് ജേക്കബ് ജോണ്‍, മനോഹര്‍ തോമസ്, ജെ. മാത്യൂസ്, സാംസി കൊടുമണ്‍, സന്തോഷ് പാലാ, രാജു തോമസ്, കെ. കെ. ജോണ്‍സണ്‍, കോരസണ്‍ വര്‍ഗീസ്, ജോസ് കാടാപ്പുറം, നിര്‍മലാ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ലാനയുടെ ലിങ്കില്‍ ലഭ്യമാണ് (lanalit.com). മനോഹര്‍ തോമസ് (917-9742670), ജെ. മാത്യൂസ് (914-4501442).

Registration Link:

https://docs.google.com/forms/d/e/1FAIpQLSdgUziQ8PfZc7NGpROcFnxRY8IK_mNcUS-FHdsC1Y3YkL5xCQ/viewform?usp=sharing