- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
ഫോമ അന്തർദേശീയ കൺവൻഷൻ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ലോകപ്രശസ്ത ഫൈവ് സ്റ്റാർ റിസോർട്ടിൽ; കുഞ്ഞ് മാലിയിൽ കൺവൻഷൻ ചെയർ
ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ) അതിന്റെ എട്ടാമത് അന്തർദേശീയ കൺവൻഷൻ തിയ്യതിയും വേദിയും പ്രഖ്യാപിച്ചു. ആഗോള മലയാളി സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും അതിവിപുലമായ രീതിയിൽ, ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ലോകപ്രശസ്തമായ പുന്റാ കാനയിലെ ബാർസലോ ബവാരോ പാലസ് 'ഓൾ ഇൻക്ലൂസീവ്' ഫൈവ് സ്റ്റാർ ഫാമിലി റിസോർട്ടിൽ വെച്ച് ഇങ്ങനെയൊരു കൺവൻഷൻ നടത്തുന്നത്.
2024 ഓഗസ്റ്റ് എട്ടു മുതൽ പതിനൊന്നു വരെയാണ് കൺവൻഷൻ. രണ്ടു മുതിർന്നവരും രണ്ടു കുട്ടികളും (ആറ് വയസ്സിൽ താഴെയുള്ള) ഉൾപ്പടെയുള്ള ഒരു കുടുംബത്തിന് എല്ലാ ഭക്ഷണവും, താമസവും, പ്രോഗ്രാമുകളും, എയർപോർട്ട് ട്രാൻസ്പോർട്ടേഷനും അടക്കം ആയിരത്തി ഇരുന്നൂറ്റി നാൽപ്പത്തിയഞ്ചു ഡോളർ ($1245) മാത്രമാണ് ചിലവു വരിക. കൂടുതൽ ദിവസങ്ങൾ താമസിക്കേണ്ടവർക്ക് കൺവെൻഷനു മൂന്ന് ദിവസം വരെ മുൻപും പിൻപും അതേ നിരക്കിൽ തന്നെ റൂമുകൾ ഫോമ ലഭ്യമാക്കും. കുറച്ചു കൂടുതൽ തുകക്ക് പൂർണമായും കടലിനെ അഭിമുഖീകരിക്കുന്ന 2 മുറികൾ അടങ്ങുന്ന പ്രീമിയം ഫാമിലി സ്യൂട്ടും ഫോമ ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ പകുതി സ്പോൺസർമാർക്കായി നീക്കി വച്ചിരിക്കുന്നു. വിശദവിവരങ്ങൾ അടുത്ത് തന്നെ ഫോമ വെബ്സൈറ്റിൽ ലഭ്യമാക്കും. കൺവൻഷൻ രജിസ്ട്രേഷൻ ജനുവരി അവസാന വാരത്തോടെ ആരംഭിക്കുന്നതായിരിക്കും.
കടലിനെ പ്രകൃതിദത്ത നീന്തൽക്കുളമാക്കി മാറ്റുന്ന ഒരു പവിഴപ്പുറ്റിനാൽ സംരക്ഷിക്കപ്പെടുന്ന പുന്റാ കാനയിലെ ഏറ്റവും മികച്ച, പഞ്ചസാര മണലുള്ള കടൽത്തീരത്താണ് സ്പാനിഷ് ഉടമസ്ഥതയിലുള്ള ഈ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ഫ്രഞ്ച്, ഇറ്റാലിയൻ, സ്പാനിഷ്, മെക്സിക്കൻ, ജാപ്പനീസ് തുടങ്ങിയ പതിനൊന്ന് മികച്ച റസ്റ്റോറന്റുകൾ, കാസിനോ, ഷോപ്പിങ്, സ്പാ, ജിം, തിയേറ്റർ, ഫുട്ബോൾ/വോളീബോൾ കോർട്ടുകൾ, എല്ലാ മുറികളിലും ബാൽക്കണി, ഹൈഡ്രോതെറാപ്പി, കടൽ കാഴ്ചകൾ (മുൻവശത്തോ ഭാഗികമായോ). ഡോൾഫിൻ സഫാരി, സ്നോർക്കലിങ്, ബോട്ടിങ്, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് യാത്രകൾ ഇവയും കൺവൻഷനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.കുഞ്ഞ് മാലിയിൽ (തോമസ് സാമുവേൽ) കൺവെൻഷൻ ചെയർ
ഫോമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയൊരു കൺവൻഷനു വേണ്ടി അരങ്ങൊരുക്കുവാൻ എക്സിക്യൂട്ടീവ് കമ്മിറ്റി, നാഷണൽ കമ്മിറ്റിയുടെ പൂർണ അംഗീകാരത്തോടെ കൺവൻഷൻ ചെയർ ആയി തിരഞ്ഞെടുത്തിരിക്കുന്നത് കുഞ്ഞ് മാലിയിൽ (തോമസ് സാമുവേൽ) എന്ന പരിചയസമ്പന്നനായ, കിടയറ്റ സംഘാടകനെയാണ്. കേരളത്തിൽ തലവടി സ്വദേശിയായ കുഞ്ഞ് മാലിയിൽ കഴിഞ്ഞ 40 വർഷമായി ന്യൂയോർക്കിൽ ലോംഗ് ഐലന്റിൽ താമസിക്കുന്നു. കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് പ്രസിഡന്റ്, ട്രസ്റ്റീ ബോർഡ് ചെയർമാൻ, ഫോമാ മെട്രോ റീജിയൻ വൈസ് പ്രസിഡന്റ്, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ച് അദ്ദേഹം തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം മികച്ച സംരംഭകനും യു ഡി എഫിനെ പ്രതിനിധീകരിച്ച് സംവാദങ്ങളിൽ നിറസാന്നിധ്യവുമാണ്. മാർത്തോമ്മ സഭാ മണ്ഡലം മെമ്പറും, വൈസ്മെൻ ഇന്റർനാഷണൽ ലോംഗ് ഐലന്റ് ക്ലബ്ബിന്റെ പ്രസിഡന്റും കൂടിയാണ്. ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫോമ കൺവൻഷൻ ജനപങ്കാളിത്തം കൊണ്ടും, വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ഏറ്റവും മികച്ചതാക്കുവാൻ ഫോമ എക്സിക്യൂട്ടീവിനോടും, ഫോമയുടെ എല്ലാ അഭ്യുദയകാംക്ഷികളോടും ചേർന്ന് പ്രവർത്തിക്കുമെന്ന് കുഞ്ഞ് മാലിയിൽ ഉറപ്പ് നൽകി.
അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ ഈ കുടുംബ സംഗമത്തിലേക്ക്, ഫോമാ 'DR' കൺവൻഷൻ 24-ലേക്ക് എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോ. ജെയ്മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ്, കൺവൻഷൻ ചെയർമാൻ കുഞ്ഞ് മാലിയിൽ എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: ഓജസ് ജോൺ, ഫോമ ജനറൽ സെക്രട്ടറി