- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക, ഹൂസ്റ്റൺ ചാപ്റ്ററിനു നവ നേത്ര്വത്വം
ഹൂസ്റ്റൺ: അമേരിക്കയിലെ മലയാള മാധ്യമ ചരിത്രത്തിൽ കാഴ്ചയുടെയും കേൾവിയുടെയും വായനാ ബോധത്തിന്റെയും നേർവഴി തുറന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) ഹൂസ്റ്റൺ ചാപ്റ്ററിനെ ഊർജസ്വലമായി നയിക്കാൻ പുതിയ ഭാരവാഹികളെ നിശ്ചയിച്ചു. 2024-2026 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രസിഡന്റ് ആയി നേർകാഴ്ച പത്രത്തിന്റെയും ഓൺലൈൻ ന്യൂസ് പോർട്ടലിന്റെയും സ്ഥാപകനും ചീഫ് എഡിറ്ററുമായ സൈമൺ വളാച്ചേരിലിനെ തിരഞ്ഞെടുത്തു.ഐ.പി.സി.എൻ.എ നാഷണൽ വൈസ് പ്രസിഡന്റ് അനിൽ ആറന്മുളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് .
കൈരളി ടി.വി ഹൂസ്റ്റൺ ബ്യൂറോ ചീഫായ മോട്ടി മാത്യുവാണ് സെക്രട്ടറി. ട്രഷറർ ആയി അജു വാരിക്കാട് (പ്രവാസി ചാനൽ), വൈസ് പ്രസിഡന്റ് ആയി ജീമോൻ റാന്നി (ഫ്രീലാൻസ് ജേണലിസ്റ്റ് നേർകാഴ്ച, ഇ മലയാളി), ജോയിന്റ് സെക്രട്ടറിയായി സജി പുല്ലാട് (ഏഷ്യാനെറ്റ് യു.എസ്.എ), ജോയിന്റ് ട്രഷററായി രാജേഷ് വർഗീസ് (നേർകാഴ്ച ചെയർമാൻ-ആർ.വി എസ് ഇൻഷുറൻസ് ഗ്രൂപ്പ്) തുടങ്ങിയവരും തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റാഫോർഡിലെ നേർകാഴ്ച പത്രം ഓഫീസിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ വൈസ് പ്രസിഡന്റ് അനിൽ ആറന്മുളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു പുതിയ ഭാരവാഹികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തത്.
ഇന്ത്യൻ നേവിയിൽ നിന്ന് ചീഫ് എഞ്ചിനീയറായി വിരമിച്ച സൈനികനും പ്രതിബദ്ധതയുള്ള മാധ്യമ പ്രവർത്തകനുമായ സൈമൺ വളാച്ചേരിൽ അമേരിക്കൻ മലയാളി സമൂഹത്തിന് ഏറെ സുപരിചിതനാണ്. അമേരിക്കയിലെ വിവിധ കമ്പനികളുടെ തലപ്പത്തു വരുകയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ സജീവമാകുകയും ചെയ്ത വ്യക്തിത്വമാണ് ഇദ്ദേഹത്തിന്റേത്. തന്റെ നിസ്തുലമായ സേവനങ്ങൾക്ക് സൈമൺ വാളച്ചേരിലിനെ തേടി നിരവധി പുരസക്കാരങ്ങളും എത്തിയിട്ടുണ്ട്.
നിലവിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) വൈസ് പ്രസിഡന്റായ ഇദ്ദേഹം ഷിക്കാഗോ മിഡ്വെസ്റ്റ് അസോസിയേഷൻ പ്രസിഡന്റ്, വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രോവിൻസ് ചെയർമാൻ (2023) എന്നീ നിലകളിൽ തിളങ്ങിയിട്ടുണ്ട്. മാധ്യമരംഗത്തെ മികവിന് ഇൻഡോ-അമേരിക്കൻ പ്രസ്ക്ലബ്, ഇന്ത്യ അമേരിക്കൻ നേഴ്സസ് അസോസിയേഷൻ, ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക, വേൾഡ് മലയാളി കൗൺസിൽ എന്നീ സംഘടനകൾ സൈമൺ വളാച്ചേരിലിനെ പുരസക്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. 2022 ലെ മുംബൈ ജ്വാല അവാർഡും നേടി. 2023 ജ്വാല അവാർഡ് ദാന ചടങ്ങിലെ ഗസ്റ്റ് ഓഫ് ഓണറായിരുന്നു.
സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മോട്ടി മാത്യു, മലയാള സാഹിത്യ സ്നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ ഹൂസ്റ്റണിലെ കേരള റൈറ്റേഴ്സ് ഫോറത്തിന്റെ പുതിയ സെക്രട്ടറിയാണ്. കേരളത്തിലും തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും വിവിധ പത്രമാധ്യമങ്ങളിൽ പ്രവർത്തിച്ച മോട്ടി മാത്യു ആദ്യ ഇന്റർനെറ്റ് ഡെയിലി ദീപിക ഡോട്ട് കോമിന്റെ ലേഖകനെന്ന നിലയിൽ തിളങ്ങി. 25 വർഷമായി ഹൂസ്റ്റണിൽ താമസിക്കുന്ന ഇദ്ദേഹം ഹോളിവുഡ് ഇൻസ്റ്റിറ്റ്യൂട്ട് കാലിഫോർണിയയിൽ നിന്നും സിനിമാ സംവിധാനവും സിനിമ നിർമ്മാണത്തിന്റെ വിവിധ വശങ്ങളും പഠിച്ചു. 2003-2004 ഘട്ടങ്ങളിൽ ദൃശ്യമാധ്യമ രംഗത്തേയ്ക്ക് പ്രനേശിച്ചു.
മുഖ്യധാര മാധ്യമങ്ങളിൽ ഒന്നായ കൈരളി ടി.വിയുടെ ഫ്യൂസ്റ്റൻ ബ്യൂറോ ചീഫ് ആണിപ്പോൾ. കഥയും തിരക്കഥയും സിനിമാഗാനങ്ങളും മ്യൂസിക് ആൽബങ്ങളും പരസ്യ ചിത്രങ്ങളും, തന്റെ സർഗ്ഗശക്തിയിൽ വികസിപ്പിച്ചെടുത്ത ഷോർട്ട് ഫിലിം ഡയറക്ടറുമാണ്. പാലക്കാട് ചിറ്റൂർ ഗവൺമെന്റ് കോളേജ് പൂർവ വിദ്യാർത്ഥിയായ മോട്ടി മാത്യു യൂണിവേഴ്സിറ്റി ആർട്സ് ഫെസ്റ്റിവൽ ജേതാവാണ്. സെലിബ്രിറ്റി ഫോട്ടേഗ്രാഫറും വീഡിയോഗ്രാഫറും നടനും എഴുത്തുകാരനും സംവിധായകനുമാണ് അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അംഗം കൂടിയായ മോട്ടി മാത്യു.
ഐ.പി.സി.എൻ.എ ഹൂസ്റ്റൺ ചാപ്റ്ററിന്റെ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട അജു വാരിക്കാട് മാധ്യമപ്രവർത്തനം പാഷനാക്കിയ വ്യക്തിയാണ്. നിലവിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ പി.ആർ.ഒ ആണ്. റിട്ടയർമെന്റ് സൊല്യൂഷൻസിൽ സ്പെഷലൈസ് ചെയ്ത ഫിനാൻഷ്യൽ പ്ലാനറായ ഇദ്ദേഹം കഴിഞ്ഞ എട്ടുവർഷമായി മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ (മാഗ്) സജീവ പ്രവർത്തകനാണ്. 2023ൽ മാഗ് ഡയറക്ടർ ബോർഡ് അംഗമായ ഇദ്ദേഹം ഇക്കൊല്ലവും തൽ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഔദ്യോഗികമായി പവൽ ഇൻഡസ്ട്രീസിൻ വയറിങ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വം വഹിക്കുന്നു. പ്രവാസി ചാനലിന് പുറമെ വിവധ മാധ്യമങ്ങൾക്ക് വേണ്ടിയും ഫ്രീലാൻസായി പ്രവർത്തിക്കുന്നു. ഐ.പി.സി.എൻ.എയുടെ സജീവാംഗമായ അജു വാരിക്കാട് സംഘടനയുടെ ട്രസ്റ്റി ബോർഡിലും സേവനമനുഷ്ഠിക്കുന്നുണ്ട്.
മാധ്യമപ്രവർത്തനത്തിലെ മികവുകൊണ്ട് ശ്രദ്ധേയനായ ജീമോൻ റാന്നി അമേരിക്കൻ മലയാളി സമൂഹത്തിലെ സ്പന്ദനങ്ങളും വർത്തകളും വിശേഷങ്ങളുമൊക്കെ യഥാസമയം വായനക്കാരിലെത്തിക്കുന്നതിൽ തത്പരനാണ്. ഐ.പി.സി.എൻ.എ ഹൂസ്റ്റൺ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഓവർസീസ് കോൺഗ്രസ് അമേരിക്കൻ റീജിയന്റെ സെക്രട്ടറി കൂടിയാണ്.
തന്റെ തിരക്കേറിയ ജോലിക്കിടയിലും സാമൂഹിക സേവനത്തിനായി ജീമോൻ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണ്. മാധ്യമ രംഗത്ത് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2023ൽ 'ഗ്ലോബൽ ഇന്ത്യൻ ന്യൂസ്' അദ്ദേഹത്തെ 'ഫ്രീലാൻസ് ജേർണലിസ്റ്റ് ഓഫ് ദി ഇയർ' പുരസ്കാരം നൽകി ആദരിച്ചിരുന്നു. മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് കമ്മിറ്റിയിൽ നിരവധി വർഷങ്ങളായി അംഗമാണ് ജീമോൻ റാന്നി. ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക സെക്ര ട്ടറിയാണിപ്പോൾ.
മികച്ച പ്രഭാഷകനും സംഘാടകനുമായ ജീമോൻ റാന്നി രാഷ്ട്രീയ രംഗത്തും വ്യക്തിമുദ്ര പതിപ്പിക്കുന്നു. റാന്നി സെന്റ് തോമസ് കോളേജ് യൂണിയൻ മുൻ ചെയർമാനാണ്. ഇപ്പോൾ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി എസ്.എ) നാഷണൽ ജനറൽ സെക്രട്ടറിയായി സംഘടനയ്ക്കു കരുത്തുറ്റ നേതൃത്വം നൽകി വരുന്നു. അടുത്തയിടെ ഹൂസ്റ്റൺ സീനിയർ ഫോറവും മാധ്യമ രംഗത്തെ മികവുറ്റ പ്രവർത്തനത്തിന്റ് പൊന്നാട നൽകി ആദരിച്ചു. നേർകാഴ്ച പത്രത്തിന്റെ എഡിറ്റോറിയൽ അംഗമാണ്.
ഏഷ്യാനെറ്റ് യു.എസ്.എയുടെ ജനപ്രിയ അവതാരകനും അസോസിയേറ്റ് പ്രൊഡ്യൂസറുമാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്ററിന്റെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സജി പുല്ലാട്. മിമിക്രി കലാകാരൻ എന്ന നിലയിൽ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സജി പുല്ലാട് രചനയും സംഗീത സംവിധാനവും നിർവഹിച്ച നിരവധി സംഗീത ആൽബങ്ങൾ അമേരിക്കയിൽ റിലീസ് ചെയ്തിട്ടുണ്ട്. അവയെല്ലാം ആസ്വാദകർ ഹൃദയത്തിലേറ്റിയവയുമാണ്.
റേഡിയോ ഹാർട്ട് ബീറ്റ്സി'ന്റെ അവതാരകനായും ശ്രോതാക്കളുടെ പ്രംശംസ ഏറ്റുവാങ്ങിയ ഇദ്ദേഹം മികച്ച ഗായകൻ കൂടിയാണ്. പ്രമുഖ ക്രിസ്ത്യൻ മാസികയായ ക്രിസ്ത്യൻ ടൈംസിന്റെ 2007ലെ 'മീഡിയ പേഴ്സൺ ഓഫ് ദ ഇയർ' അവാർഡ് നേടിയ സജി പുല്ലാട് മാധ്യമ പ്രവർത്തകനെന്ന നിലയിലും സമൂഹത്തിലെ അനുദിന നേർകാഴ്ചകൾ പ്രേക്ഷകർക്ക് പകർന്ന് കൊടുക്കുന്നു.
രാജേഷ് വർഗീസ്
നേർകാഴ്ച ന്യൂസിന്റെ ചെയർമാനായ രാജേഷ് വർഗീസ് മാർക്കറ്റിങ് രംഗത്തെ പ്രവർത്തനങ്ങൾകൊണ്ട് നിരവധി അംഗീകാരങ്ങൾക്ക് പാത്രീഭൂതനായിട്ടുണ്ട്. മാഗിന്റെ സെക്രട്ടറിയായി പ്രവർത്തിച്ച ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒട്ടേറെ ജനപ്രിയ പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്.
ആർ.വി എസ് ഇൻഷുറൻസ് ഗ്രൂപ്പിന്റെ ഉടമകൂടിയാണ് ഐ.പി.സി.എൻ.എ ഹൂസ്റ്റൺ ചാപ്റ്റർ ജോയിന്റ് ട്രഷറായി തിരഞ്ഞെടുക്കപ്പെട്ട രാജേഷ് വർഗീസ്. പത്തു വർഷത്തിലേറെയായി ഇൻഷുറൻസ് മേഖലയിൽ ഊർജ്വസ്വലമായി പ്രവർത്തിക്കുന്ന രാജേഷ് തന്റെ ഉപഭോക്താക്കളുടെ ജീവനും സ്വത്തിനും ഇൻഷുറൻസ് പരിരക്ഷ നൽകുക വഴി ഈ രംഗത്ത് സർവസമ്മതനാണ്. ഓട്ടോ ഇൻഷുറൻസ്, ഹോം ഇൻഷുറൻസ് ഫ്ളഡ് ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്, കൊമേഴ്സ്യൽ ഇൻഷുറൻസ് തുടങ്ങിയ മേഖലകളിലാണ് ആർ.വി എസ് ഗ്രൂപ്പ് സേവനം വ്യാപിപ്പിക്കുന്നത്. ഈ സേവനങ്ങളിൽ ഉപഭോക്താക്കൾ സംതൃപ്തരാണെന്ന് അവരുടെ നിരന്തരമായ പ്രതികരണങ്ങൾ തെളിയിക്കുന്നു.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ രാജേഷ് അക്കൗണ്ടിങ് ആൻഡ് ഫിനാൻസിൽ മാസ്റ്റർ ബിരുദവും എം.ബി.എയും കരസ്ഥമാക്കിയിട്ടുണ്ട്. ഹിന്ദി, തമിഴ് ഭാഷകളിലും പ്രാവീണ്യം നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയ മാർക്കറ്റിലും തിളങ്ങുന്നു. യാക്കോബായ സഭ നോർത്ത് അമേരിക്കൻ ഡയോസിസിന്റെ ഭാരവാഹിയായ ഇദ്ദേഹം 'മലങ്കര ദീപം' എന്ന സോവനീറിന്റെ ചീഫ് എഡിറ്റർ കൂടിയാണ്. വിവിധ കാലഘട്ടങ്ങളിൽ ഹൂസ്റ്റൺ സെന്റ് മേരീസ് പള്ളിയിലെ കമ്മിറ്റിയംഗമായിരുന്നു.
നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ നിത്യജീവിത അവസ്ഥകൾ പങ്കുവെയ്ക്കുന്നതിനോടൊപ്പം മാധ്യമ പ്രവർത്തകർ തമ്മിലുള്ള ഊഷ്മളമായ ബന്ധം ഊട്ടിയുറപ്പിക്കാൻ ഐ.പി.സി.എൻ.എ ഹൂസ്റ്റൺ ചാപ്റ്റർ പ്രതിജ്ഞാബദ്ധമാണെന്ന് നിയുക്ത ചാപ്റ്റർ പ്രസിഡന്റ് സൈമൺ വളാച്ചേരിൽ പറഞ്ഞു. കർമഭൂമിയിലെ മാധ്യമങ്ങളുടെ സുഗമവും സുതാര്യവുമായ പ്രവർത്തനങ്ങൾക്ക് ചാലക ശക്തിയായി നിലനിന്നുകൊണ്ട്, പുതു തലമുറയെയും മാധ്യമ രംഗത്തേക്ക് കൊണ്ടുവരിയാണ് നമ്മുടെ ലക്ഷ്യം.
സുനിൽ ട്രൈസ്റ്റാറിന്റെ നേതൃത്വത്തിലുള്ള നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിയോടും സുനിൽ തൈമറ്റത്തിന്റെ നേതൃത്വത്തിലുള്ള നാഷണൽ അഡൈ്വസറി ബോർഡിനാടും ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടാവും ഹൂസ്റ്റൺ ചാപ്റ്റർ പ്രവർത്തിക്കുകയെന്ന് സൈമൺ വളാച്ചേരിൽ വ്യക്തമാക്കി.