- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
കേരളത്തിൽ നടക്കുന്നത് മുഖ്യമന്ത്രിയുടെ തോന്ന്യാസങ്ങൾ! സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സ് സ്വീകരണത്തിൽ കെ. സുധാകരൻ
ഹൂസ്റ്റൺ: പൗരന്മാരെ സംരക്ഷിക്കുന്നതിൽ ലോകത്ത് മറ്റു രാജ്യങ്ങൾക്ക് അമേരിക്ക മാതൃകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഹൂസ്റ്റണിൽ സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സ് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎസിൽ ആദ്യമായാണ് എത്തുന്നത്. ഇവിടെ എത്തിയതോടെ അമേരിക്കയെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ മാറി. അമേരിക്ക 'റോൾ മോഡൽ ടു വേൾഡ്' എന്നാണ് ഇപ്പോൾ മനസിലാക്കുന്നത്. ഈ രാജ്യത്തെ സർക്കാർ ഇന്ത്യയിൽ നിന്ന് കുടിയേറിയവരോട് അടക്കം കാട്ടുന്ന സ്നേഹവും കരുതലും അനുകമ്പയുമെല്ലാം ഇന്ത്യയിൽ സ്വപ്നത്തിൽ പോലും കാണാൻ കഴിയുന്നതല്ല. അത്ഭുതം തോന്നുകയാണ. വിശാലമായ റോഡുകൾ, രമ്യഹർമ്യങ്ങൾ. ഓരോ പൗരന്റെയും ജീവിത്തിൽ സർക്കാർ ഇടപെടുന്നു. ജോലി നഷ്ടപ്പെട്ട ചില മലയാളികളെ കണ്ടു. ജോലി പോയെങ്കിലും അവർക്ക ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കുന്നുണ്ട്. കേട്ടപ്പോൾ വലിയ സന്തോഷം തോന്നിയെന്നും സുധാകരൻ പറഞ്ഞു.
നാട്ടിലെ സ്ഥിതി എന്താണ്. മാറി മാറി വരുന്ന സർക്കാരുകൾ ജനങ്ങൾക്ക് എന്തു മെച്ചമാണ് ചെയ്യുന്നത് എന്ന് ചിന്തിച്ചു പോവുകയാണെന്നും സുധാകരൻ പറഞ്ഞു. യുഎസിൽ എത്തിയിട്ടും മലയാളികൾ കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത് ഭാഗ്യമായി കരുതുന്നു. ലോകത്ത് ഏതു ഭാഗത്താണെങ്കിലും സ്വന്തം മണ്ണിനെക്കുറിച്ച് ചിന്തിക്കാൻ സമയം കണ്ടെത്തുന്ന നിങ്ങളുടെ മനസ്സ് വിശാലമാണെന്നും അദ്ദേഹം പറഞ്ഞു.
യുഎസിലെ ഡോക്ടർമാരുടെ പെരുമാറ്റവും കൃത്യനിഷ്ടയും കരുതലും ചികിത്സയ്ക്കായി അമേരിക്കയിൽ എത്തിയ തന്നെ ആശ്ചര്യപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. നാട്ടിൽ മുഖ്യമന്ത്രിയുടെ തോന്ന്യാസമാണ് നടക്കുന്നത്. പ്രതിഷേധിക്കുന്നവരെ അടിച്ചൊതുക്കുന്നു. ശബരിമലയിൽ 2000 പൊലീസുകാരെ മാത്രമാണ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. മുഖ്യമന്ത്രിക്ക് കാവൽ 6000 പൊലീസുകാരാണ്. ശബരിമലയിൽ തിക്കിലും തിരക്കിലും പെട്ടു ജനങ്ങൾ കുഴഞ്ഞു വീഴുകയാണ്. സർക്കാരിന് ഒന്നിനും സമയമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ് പാർട്ടി കേരളത്തിൽ തിരിച്ചുവരവിന്റെ പാതയിലാണ്. കോളജുകളിൽ കെഎസ്യു നേടിയ വിജയങ്ങൾ താൻ നൽകിയ സംരക്ഷണത്തിന്റെ ബലത്തിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. നേതാക്കന്മാർ ആത്മാർഥമായി പ്രവർത്തിച്ചാൽ കേരളത്തിൽ കോൺഗ്രസ് മാത്രമേ കാണൂ എന്നും സുധാകരൻ ചൂണ്ടിക്കാട്ടി. അമേരിക്കയിൽ ബിസിനസ്സുകാരെയെല്ലാം ഉൾപ്പെടുത്തി ഇത്രയും അച്ചടക്കത്തോടു കൂടി സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സ് എന്ന പ്രസ്ഥാനം മുന്നോട്ടു കൊണ്ടുപോകുന്ന ഭാരവാഹികളെ കെ. സുധാകരൻ അഭിനന്ദിച്ചു.
പൊന്നാടയും തലപ്പാവും അണിയിച്ചാണ് സുധാകരനെ സ്വീകരിച്ചത്. കണ്ണൂരിന്റെ രാഷ്ട്രീയ തട്ടകത്തിൽ വളർന്ന കെ. സുധാകരൻ കേരളത്തിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരുടെയും പ്രതീക്ഷയാണെന്ന് അധ്യക്ഷനായിരുന്ന സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ബേബി മണക്കുന്നേൽ പറഞ്ഞു. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ അതിഥിയായി എത്തിയ സുധാകരൻ ഇനി മുഖ്യമന്ത്രി എന്ന നിലയിൽ എത്തട്ടെ എന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. ജോർജ് എം. കാക്കനാട് ആശംസിച്ചു.
ചേംബർ സെക്രട്ടറി ബ്രൂസ് കൊളമ്പേൽ, മുൻ പ്രസിഡന്റ്മാരായ ജിജി ഓലിക്കൻ, സണ്ണി കാരിക്കൽ എന്നിവർ ആശംസാപ്രസംഗം നടത്തി. അസോസിയേറ്റ് സെക്രട്ടറി ചാക്കോ തോമസ് നന്ദിപറഞ്ഞു. മുൻ പ്രസിഡന്റ് ജോർജ് കൊളച്ചേരിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.