- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഫോമാ 'ടീം യൂണിറ്റി' ഭൂരിഭാഗം അംഗ സംഘടനകളുടെ പിൻബലത്തിൽ മത്സര രംഗത്ത്
ന്യൂയോർക്ക്: മലയാളീ സംഘടനകളുടെ സംഘടനയായ ഫോമയുടെ 2024-2026 ദ്വൈവാർഷിക കാലത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ആസന്നമായപ്പോൾ ചുറുചുറുക്കും, യുവത്വവും, പ്രവർത്തി പരിചയവും, അഖണ്ഡതയും, നിശ്ചയദാർഡ്ഡ്യവുമുള്ള യുവ നേതാക്കളെ അണിനിരത്തി ഹ്യൂസ്റ്റണിലെ അഭിമാന പ്രതീകമായ ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിൽ ഫോമ "ടീം യൂണിറ്റി' ഏവരുടെയും പിന്തുണ ഏറ്റുവാങ്ങി മുന്നേറുന്നു.
ബേബി മണക്കുന്നേൽ - ഫോമാ പ്രസിഡന്റ് സ്ഥാനാർത്ഥി
മലയാളീ അസ്സോസ്സിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ (MAGH) പ്രസിഡന്റ്, ക്നാനായ കാത്തലിക് കോൺഗ്രസ്സ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ്, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് പ്രസിഡന്റ്, സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമ്മേർഴ്‌സ് പ്രസിഡന്റ്, ഹ്യൂസ്റ്റൺ ക്നാനായ ഹോംസ് പ്രസിഡന്റ്, ഹൂസ്റ്റണിലെ വിവിധ മലയാളീ അസ്സോസ്സിയേഷനുകളിലെ അംഗം, ഫോമായുടെ തുടക്ക കാലം മുതലുള്ള സജീവ പ്രവർത്തകൻ, ഹിൽട്ടൺ ഓഫ് അമേരിക്കയിൽ നടന്ന ഫോമായുടെ 2008-ലെ ആദ്യത്തെ കൺവെൻഷൻ ചെയർമാൻ എന്നിങ്ങനെ എണ്ണിയാലൊതുങ്ങാത്ത വിവിധ സ്ഥാനങ്ങളിൽ സ്തുത്യർഹ സേവനം കാഴ്ചവച്ച് പ്രവർത്തി പരിചയമുള്ള ഹൂസ്റ്റണിലെ മലയാളികളുടെ ഇടയിലെ നിറ സാന്നിനിധ്യമായ ബേബി മണക്കുന്നേലാണ് ഫോമായുടെ 2024-2026 വർഷത്തേക്കുള്ള പ്രസിഡന്റ് ആയി മത്സരിക്കുവാൻ ഇത്തവണ രംഗത്തുള്ളത്. മിതഭാഷിയും, സൗമ്യനും എല്ലാം തികഞ്ഞ ഒരു സംഘാടകനുമാണ് ബേബി. കഴിഞ്ഞ കുറെ വർഷങ്ങളായി അനേകം സംഘടനകളിൽ വിവിധ ഔദ്യോഗിക സ്ഥാനങ്ങൾ അനായാസേന കൈകാര്യം ചെയ്തുള്ള പ്രവൃത്തി പരിചയം ഫോമായുടെ 2024-2026 ടേമിലെ പ്രസിഡന്റ് ആയി ഫോമായെ ഉയരങ്ങളിലേക്ക് എത്തിക്കുവാൻ ബേബിക്ക് സാധിക്കും എന്നതിൽ എതിരഭിപ്രായമില്ല.
തന്നെപ്പോലെതന്നെ പ്രവർത്തി പരിചയം ഉള്ളവരും വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഫോമയ്ക്ക് പ്രാധിനിത്യം ലഭിക്കുന്നതിന് ഉതകുന്ന രീതിയിൽ അതാതിടങ്ങളിലെ മലയാളികളുടെ ഇടയിൽ അറിയപ്പെടുന്നവരുമായ ചുറുചുറുക്കുള്ള മറ്റു വ്യക്തികളെയാണ് ബേബി തന്റെ "യൂണിറ്റി" ടീമിൽപെടുത്തി മറ്റ് ചുമതലാ സ്ഥാനങ്ങളിലേക്ക് മത്സര രംഗത്ത് അണിനിരത്തുന്നത്.
ബൈജു വർഗ്ഗീസ് - ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി
ന്യൂജേഴ്‌സിയിലെ പ്രശസ്ത മലയാളീ സംഘടനയായ കേരളാ അസ്സോസ്സിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ (KANJ) നിലവിലെ പ്രസിഡന്റും, 2020-2022 വർഷത്തെ ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണൽ വൈസ് പ്രസിഡന്റും 2022-ൽ നടന്ന കാൻകൂണിലെ ഫോമാ കൺവെൻഷനിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച് ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ വ്യക്തിയും, കോവിഡ് കാലത്ത് ന്യൂജേഴ്‌സിയിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളീ സമൂഹത്തിന് മലയാളീ ഹെല്പ് ലൈനിലൂടെ സഹായ പ്രവർത്തനങ്ങൾ ഭംഗിയായി ഏകോപിപ്പിക്കാൻ കഴിഞ്ഞ വ്യക്തി എന്ന നിലയിലും, ഐ.ടി. രംഗത്തെ വിദഗ്ദ്ധൻ എന്ന നിലയിലും ന്യൂജേഴ്‌സിയിലെയും മറ്റു വിവിധ സംസ്ഥാനങ്ങളിലെയും മലയാളികളുടെ ഉറ്റ സുഹൃത്ത് എന്ന നിലയിലും പ്രശസ്തനും ഊർജ്ജസ്വലനുമായ ബൈജു വർഗീസാണ് ബേബി മണക്കുന്നേലിന്റെ ടീമിലെ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി. എപ്പോഴും പോസിറ്റീവ് ചിന്താഗതി ഉള്ളവനും, പ്രശ്‌ന പരിഹാരത്തിന് പ്രഗത്ഭനും, പ്രതിസന്ധികളെ തരണം ചെയ്ത് മുമ്പോട്ട് സംഘടനയെ നയിക്കുവാൻ പ്രാപ്തനുമാണ് ബൈജു. KANJ-ന്റെ ജോയിന്റ് ട്രഷറർ, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ഫോമാ കൺവെൻഷൻ രജിസ്ട്രേഷൻ കോർഡിനേറ്റർ തുടങ്ങിയ നിലകളിലെ പ്രവർത്തി പരിചയം ഫോമാ സെക്രട്ടറിയായി ശോഭിക്കുവാൻ ബൈജുവിന് ഒട്ടും പ്രയാസം ഉണ്ടാകില്ല എന്ന് തീർച്ച. അമേരിക്കയിലെ മലയാളീ സമൂഹത്തിന്റെ വിവിധ ആവശ്യങ്ങൾക്ക് വേണ്ടി മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുവാനുള്ള നല്ലൊരു അവസരമാണ് ഫോമാ ജനറൽസെക്രട്ടറി സ്ഥാനം എന്ന് ഉറച്ച് വിശ്വസിക്കുന്ന വ്യക്തിയാണ് ആ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഏറ്റവും യോഗ്യനായ ബൈജു വർഗ്ഗീസ്.
സിജിൽ പാലക്കലോടി - ട്രഷറർ സ്ഥാനാർത്ഥി
അർപ്പണബോധവും, സ്ഥിരോത്സാഹവും, കർമ്മനിരതയും, വിശ്വാസതയും നേതൃസ്ഥാനത്തേക്ക് വരാനാഗ്രഹിക്കുന്ന ഒരാൾക്ക് അത്യന്തം ആവശ്യമായ സ്വഭാവ സവിശേഷതയാണ്. പ്രത്യേകിച്ച് ഒരു സംഘടനയെ മുമ്പോട്ട് നയിക്കുന്ന ഒരാൾക്ക് ഈ സവിശേഷത ഇല്ലെങ്കിൽ ആ സംഘടന നിർജ്ജീവമായിപ്പോകും. ഫോമാ എന്ന ഒരു സംഘടനയെ നിർജ്ജീവമാക്കാൻ ആഗ്രഹിക്കാത്ത ഏവരും സംഘടനയുടെ നേതൃസ്ഥാനത്തേക്ക് പ്രത്യേകിച്ച് സംഘടനയുടെ സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്ന ട്രഷറർ എന്ന പദവിയിലേക്ക് ഏറ്റവും വിശ്വസ്തനായ വ്യക്തി വരണമെന്നാഗ്രഹിക്കുന്നവരാണ്. ഏതായാലും ഫോമാ യൂണിറ്റി ടീമിന് അങ്ങനെ ഒരാളെ മത്സര രംഗത്തെത്തിക്കാൻ സാധിച്ചത് അവരുടെ പ്രാഥമിക വിജയം തന്നെയാണ്. ഫോമാ വെസ്റ്റേൺ റീജിയൺ നാഷണൽ കമ്മറ്റി മെമ്പർ, കാൻകൂൺ കൺവെൻഷൻ വെസ്റ്റേൺ റീജിയൺ കോർഡിനേറ്റർ, നിലവിൽ ഫോമാ വെസ്റ്റേൺ റീജിയൺ ബിസിനെസ്സ് ഫോറം ചെയർമാൻ തുടങ്ങി ഫോമായുടെ പ്രാരംഭകാലം മുതൽ അതിന്റെ എല്ലാ പ്രവർത്തന രീതിയും മനസ്സലാക്കിയിട്ടുള്ള പ്രഗത്ഭനായ സിജിൽ ജോർജ് പാലക്കലോടിയാണ് യൂണിറ്റി ടീമിന്റെ ട്രഷറർ സ്ഥാനാർത്ഥി. സിജിൽ ഫോമയിൽ മാത്രമല്ല കഴിവ് തെളിയിച്ചിട്ടുള്ളത്. സാക്രമെന്റോ മലയാളി അസ്സോസ്സിയേഷന്റെ ട്രഷറർ, സെക്രട്ടറി, പ്രസിഡന്റ്, ചെയർമാൻ എന്നീ നിലകളിൽ തിളങ്ങി ശോഭിച്ച സിജിൽ "മലയാളി മനസ്സ്" എന്ന മലയാള വാരികയുടെ പത്രാധിപർ, ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഫ്‌ളോറിഡ ചാപ്റ്റർ പ്രഥമ പ്രസിഡന്റ്, നാഷണൽ ജോയിന്റ് ട്രഷറർ, സീറോ മലബാർ കാത്തലിക്ക് കോൺഗ്രസ്സ് ഷിക്കാഗോ രൂപതാ ട്രഷറർ, സെക്രട്ടറി, പ്രസിഡന്റ്, ഇന്ത്യൻ അസ്സോസ്സിയേഷൻ ഓഫ് സാക്രമെന്റോ ട്രഷറർ തുടങ്ങി നിരവധി ഔദ്യോഗിക സ്ഥാനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്. ഫോമാ ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന സിജിൽ ഫോമയ്ക്ക് ഒരു മുതൽക്കൂട്ട് തന്നെ.
ഷാലു പുന്നൂസ് - വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി
പല സംഘടനകളിലും തലമുതിർന്ന നേതൃത്വം തങ്ങളുടെ നേതൃ സ്ഥാനം ഒഴിഞ്ഞു കൊടുക്കുവാനോ, യുവ നേതൃത്വത്തെ മുൻ നിരയിലേക്ക് കൊണ്ടുവരുവാനോ മടികാണിക്കുന്നവരാണ്. അതിനാൽ പലപ്പോഴും യുവാക്കൾ, പ്രത്യേകിച്ച് രണ്ടും മൂന്നും തലമുറകളിൽപ്പെട്ട നമ്മുടെ യുവാക്കൾ, മുൻനിര നേതൃത്വത്തിലേക്ക് വരുവാൻ മടിക്കുന്നു. അവിടെയാണ് ഫോമാ "ടീം യൂണിറ്റി" വ്യത്യസ്തത പുലർത്തുന്നത്. യുവ നേതൃത്വത്തെ അല്ലെങ്കിൽ യുവാക്കളെ സ്വാധീനിക്കാൻ കഴിവുള്ള വ്യക്തികളെ ഫോമായുടെ 2024-2026 വർഷത്തെ ചുമതലാസ്ഥാനത്തേക്ക് "ടീം യൂണിറ്റി" അണിനിരത്തുകയാണ്. അതിനു ഉദാത്ത മാതൃകയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സര രംഗത്തിറക്കിയിരിക്കുന്ന യുവ നേതാവ് ഷാലു പുന്നൂസ്. ഫിലാഡൽഫിയയിലെ മലയാളീ സമൂഹത്തിനിടയിൽ സുപരിചിതനും സുസമ്മതനും ഊർജ്ജസ്വലനുമായ യുവ നേതാവാണ് ഷാലു. യുവജനങ്ങളുടെ ഇടയിൽ പ്രിയങ്കരനും സ്വാധീനവുമുള്ള യുവ നേതാവാണ് ഷാലു. മലയാളി അസ്സോസ്സിയേഷൻ ഓഫ് ഫിലാഡൽഫിയ (MAP) എന്ന പ്രശസ്ത സംഘടനയുടെ പ്രസിഡന്റായി രണ്ടു വർഷം വ്യത്യസ്തമായ രീതിയിൽ പ്രവർത്തനം കാഴ്‌ച്ചവച്ചപ്പോൾ മലയാളികൾക്ക് ഷാലുവിന്റെ സംഘടനാ നേതൃത്വ പാടവം മനസ്സിലായതാണ്. തനിക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ മാത്രം പറയുകയും പറയുന്ന കാര്യങ്ങൾ മുഴുവൻ വിജയപ്രദമായി പ്രവർത്തിച്ചു കാണിക്കുകയും ചെയ്യുക എന്നത് ഷാലുവിന്റെ പ്രത്യേകതയാണ്. ഫിലാഡൽഫിയ പ്രിസൺ ഡിപ്പാർട്ട്‌മെന്റിൽ ഉദ്യോഗസ്ഥനായ ഷാലുവിന്റെ കഠിനാധ്വാനവും പ്രവർത്തനമികവും, എല്ലാവരുമായുള്ള സൗഹൃദ ബന്ധവും, സഹായമനസ്‌കതയും കണക്കിലെടുത്ത് പെൻസിൽവാനിയ പൊലീസ് ഡിപ്പാർട്ട്‌മെന്റ് അവരുടെ ഉപദേശക സമിതി ഏഷ്യൻ കമ്മ്യൂണിറ്റി പ്രതിനിധിയായി അദ്ദേഹത്തെ നിയമിച്ചു. MAP ട്രസ്റ്റീ ബോർഡ് അംഗം, എക്യൂമെനിക്കൽ ഫെലലോഷിപ് ജനറൽ സെക്രട്ടറി, ഫോമാ നാഷണൽ കമ്മറ്റി അംഗം, ജീവകാരുണ്യ രംഗത്തെ പ്രവർത്തന പരിചയം എന്നിവ പരിഗണിച്ചാൽ പ്രവർത്തന മികവിനാൽ ഫോമയുടെ അടുത്ത കാലാവധിലേക്കുള്ള വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുവാൻ ഏറ്റവും യോഗ്യനായ വ്യക്തിയാണ് ഷാലു പുന്നൂസ്.
പോൾ പി. ജോസ് - ജോയിന്റ് സെക്രട്ടറി സ്ഥാനാർത്ഥി
സൗമ്യതയും, ലാളിത്യവും, പ്രസന്നവദനവും, ആല്മാർഥതയും, സത്യസന്ധതയും കൈമുതലായുള്ള ഒരു വ്യക്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഏവരുടെയും മനസ്സിൽ സ്ഥാനം പിടിക്കുന്നവനായിരിക്കും. ഈ സവിശേഷതകളോടൊപ്പം സംഘടനാ പാടവും കൂടി ആയാൽ ഫോമയുടെ ജോയിന്റ് സെക്രട്ടറി ആയി ശോഭിക്കുവാൻ ആ വ്യക്തിക്ക് ഒട്ടുംതന്നെ പ്രയാസം ഉണ്ടാവില്ല എന്നത് യാഥാർഥ്യമാണ്. അത്തരം ഗുണഗണങ്ങൾ എല്ലാം ഒത്തു ചേർന്ന് തികച്ചും യോഗ്യനായ ലീഡറാണ് ഫോമാ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന 'ടീം യൂണിറ്റി' അംഗമായ പോൾ പി. ജോസ്. ന്യൂയോർക്കിലെ ആദ്യകാല സംഘടനയായ അര നൂറ്റാണ്ട് പിന്നിട്ട കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ ഗോൾഡൻ ജൂബിലി പ്രസിഡന്റ് ആയി പ്രശസ്ത സേവനം കാഴ്ച വച്ച് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ വ്യക്തിയാണ് പോൾ ജോസ്. നിലവിലെ ഫോമായുടെ ന്യൂയോർക്ക് മെട്രോ റീജിയൺ ആർ.വി.പി. ആയ പോൾ ന്യൂയോർക്കിലെ മറ്റു പല സംഘടനകളിലെയും ഔദ്യോഗിക സ്ഥാനത്തു തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. ഇന്ത്യ കാത്തലിക് അസ്സോസ്സിയേഷൻ ഓഫ് അമേരിക്കയുടെ മുൻ പ്രസിഡന്റ്, നിലവിലെ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ, നോർത്ത് ഹെംപ്സ്റ്റഡ് മലയാളി അസ്സോസ്സിയേഷൻ ജോയിന്റ് ട്രഷറർ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് സെക്രട്ടറി, വൈസ് മെൻ ക്ലബ്ബ് ട്രഷറർ, കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തന പരിചയം പോളിന് ഫോമായുടെ ജോയിന്റ് സെക്രട്ടറി ആയി അനായാസം പ്രവർത്തിക്കുവാനുള്ള മുതൽക്കൂട്ടാണ്. ചെറുപ്പകാലം മുതലേ ജന്മനാട്ടിൽ വിവിധ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിച്ച ആൽമധൈര്യവും പിന്നീട് അമേരിക്കയിലെത്തിയപ്പോൾ ന്യൂയോർക്കിലെ മലയാളികളുടെ ഇടയിൽ വിവിധ സംഘടനകളിൽ പ്രവർത്തിച്ച ആൽമവിശ്വാസവും ഫോമായുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുവാൻ പോളിന് ധൈര്യം നൽകി. അത്തരം പ്രവർത്തി പരിചയം ഫോമാ ജോയിന്റ് സെക്രട്ടറി ആയി മികച്ച പ്രകടനം കാഴ്ച വെക്കുവാൻ പോളിന് സാധിക്കും എന്നതിൽ ആർക്കും സംശയമില്ല.
അനുപമ കൃഷ്ണൻ - ജോയിന്റ് ട്രഷറർ സ്ഥാനാർത്ഥി
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ഫോമായുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ സ്ത്രീകളെയും പങ്കു ചേർക്കണം എന്ന നിർബന്ധബുദ്ധി ബേബിയുടെ 'ടീം യൂണിറ്റി'-ക്ക് ഉള്ളതിനാൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഒരു വനിതയെ ജോയിന്റ് ട്രഷറർ സ്ഥാനത്തേക്ക് മത്സരിപ്പിക്കാം എന്ന് തീരുമാനിച്ച് യോഗ്യ ആയ ഒരാളെ കണ്ടെത്തുകയായിരുന്നു. ഒഹായോ സംസ്ഥാനത്ത് ലൈറ്റിങ് വ്യവസായത്തിലെ ഒരു സപ്ലൈ ചെയിൻ കമ്പനിയുടെ ഡയറക്ടർ ആയി പ്രവർത്തിക്കുന്നതും മലയാളി കമ്മ്യൂണിറ്റിയിലെ അറിയപ്പെടുന്ന ഒരു വ്യക്തിയുമായ അനുപമ കൃഷ്ണൻ ജോയിന്റ് ട്രഷറർ സ്ഥാനത്തേക്ക് ഏറ്റവും യോഗ്യയായ വ്യക്തിയാണ് എന്ന് മനസ്സിലാക്കി പ്രസ്തുത സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നു. ഫോമായുടെ സജീവ പ്രവർത്തകയായ അനുപമ കേരളാ അസ്സോസ്സിയേഷൻ ഓഫ് ഒഹായോയുടെ (KAO) മുൻ പ്രസിഡന്റാണ്. നിലവിൽ ഗ്രേറ്റ് ലേക്സ് വിമൻസ് ഫോറത്തിന്റെ ചെയർപേഴ്സൺ ആയി പ്രവർത്തിക്കുകയാണ് അനു. KAO എന്ന സംഘടനയുടെ സജീവ പ്രവർത്തകയായ അനുപമ പ്രസ്തുത സംഘടനയിൽ വൈസ് പ്രസിഡന്റ് എന്ന നിലയിലും, പ്രസിഡന്റ് എന്ന നിലയിലും സ്തുത്യർഹമായ സേവനമാണ് കാഴ്ച വച്ചത്. എല്ലാ പ്രശ്‌നങ്ങളെയും ചെറു പുഞ്ചിരിയോടെ നേരിട്ട് വളരെ തന്മയത്വത്തോടെ പ്രശ്‌ന പരിഹാരം കണ്ടെത്താൻ പ്രത്യേക കഴിവുള്ള വ്യക്തിയാണ് അനുപമ. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അതീവ തല്പരയായ അനു ഫോമായിലൂടെയും നല്ല നിലയിൽ ചാരിറ്റി പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കണം എന്ന ആഗ്രഹം മനസ്സിൽ സൂക്ഷിക്കുന്ന വ്യക്തിയാണ്. ഫോമായുടെ ജോയിന്റ് ട്രഷറർ ആയാൽ ആ സ്ഥാനത്ത് ആല്മാർഥമായും സത്യസന്ധമായും പ്രവർത്തിക്കണമെന്ന് നിബന്ധമുള്ള വ്യക്തിയാണ് അനുപമ. താൻ പ്രതിനിധാനം ചെയ്യുന്ന KAO എന്ന സംഘടനയിൽ നിന്നും ഗ്രേറ്റ് ലേക്സ് റീജിയണിൽ നിന്നും സ്വന്തം കുടുംബാംഗങ്ങളിൽ നിന്നും നിസ്സീമമായ പിന്തുണയുടെ ബലത്തിലാണ് മത്സര രംഗത്തേക്ക് വരുവാൻ തീരുമാനം എടുത്തതെന്നും ജോയിന്റ് ട്രഷറർ സ്ഥാനത്തേക്ക് വിജയിച്ചു വരും എന്ന് ഉറച്ച ആത്മവിശ്വാസം തനിക്ക് ഉണ്ട് എന്നും അനുപമ പറയുന്നു. അനുപമയുടെ വിശ്വാസത്തിനു ശക്തി പകരുവാൻ 'ടീം യൂണിറ്റി' ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു.
'ടീം യൂണിറ്റി' പാനലിലെ എല്ലാവരെയും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും, വിജയിച്ചു വരുമ്പോൾ അടുത്ത രണ്ടു വർഷത്തെ കാലാവധിയിൽ ഫോമായേ വീണ്ടും ഉന്നതങ്ങളിലേക്ക് എത്തിക്കുവാൻ എല്ലാ വിധത്തിലും ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്നും ബേബി മണക്കുന്നേലും ടീം അംഗങ്ങളും ഒറ്റക്കെട്ടായി ഉറപ്പു നൽകുന്നു. ഫോമായുടെ വോട്ടവകാശമുള്ള എല്ലാ പ്രതിനിധികളോടും തങ്ങളുടെ ടീമിനെ മുഴുവനായും വിജയിപ്പിക്കണമെന്ന് 'ടീം യൂണിറ്റി' അഭ്യർത്ഥിക്കുന്നു.