ന്യൂ യോർക്ക് : ഇന്ത്യ പ്രസ് ക്‌ളബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) 2024-2025 വർഷത്തെ പുതിയ ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. റോയൽ ആൽബർട്‌സ് പാലസിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങ് കേരളത്തിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

ഒറ്റക്കെട്ടായ പ്രവർത്തനമായിരിക്കും ഇന്ത്യ പ്രസ്സ് ക്ലബ് എന്നും പിന്തുടരുക എന്നും എല്ലാവരുടെയും പിന്തുണ അതിന് അനിവാര്യമാണെന്നും സ്വാഗതം പറഞ്ഞ ഐപിസിഎൻഎ സെക്രട്ടറി ഷിജോ പൗലോസ് ചൂണ്ടിക്കാട്ടി. നല്ല രീതിയിലുള്ള പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുപോകും. എല്ലാവരെയും ഒന്നിപ്പിച്ചു സംഘടനയെ ശക്തിപ്പെടുത്തുക എന്നതായിരിക്കും പ്രഥമ ദൗത്യമെന്നും ഷിജോ പൗലോസ് പറഞ്ഞു.

അങ്കമാലി എംഎ‍ൽഎ റോജി എം.ജോൺ നിലവിളക്ക് കൊളുത്തി പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. മുഖ്യാതിഥിയായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുൽ ജനറൽ ബിനയ ശ്രീകാന്ത പ്രധാൻ പങ്കെടുത്തു. ജഡ്ജി ജൂലി മാത്യു ആയിരുന്നു മറ്റൊരു പ്രധാന അതിഥി. പ്രസ് ക്ലബ് പ്രസ് ക്ലബ് അഡൈ്വസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നാഷണൽ സെക്രട്ടറി ഷിജോ പൗലോസ്, ട്രെഷറർ വിശാഖ് ചെറിയാൻ, , ജോയിന്റ് സെക്രട്ടറി ആശ മാത്യു, ഫൊക്കാന പ്രസിഡന്റ് ഡോക്ടർ ബാബു സ്റ്റീഫൻ, ഫോമാ നാഷണൽ ട്രെഷറർ ബിജു തോണിക്കടവിൽ, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ, അഡൈ്വസറി ബോർഡ് അംഗങ്ങൾ, ആതിഥ്യമരുളുന്ന ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി, മറ്റു ഭാരവാഹികളും സ്റ്റേജിൽ ഉപവിഷ്ടരായിരുന്നു. ഇതോടൊപ്പം തന്നെ പ്രസിഡന്റ് ഷോളി കുമ്പിളുവേലിയുടെ നെത്ര്വത്വത്തിലുള്ള ന്യൂ യോർക്ക് ചാപ്റ്ററിന്റെ ഉദ്ഘാടനവും റോജി ജോണിന്റെ സാന്നിധ്യത്തിൽ ഔദോദികമായി നിർവ്വഹിക്കപ്പെട്ടു.

റോജി ജോൺ എംഎൽഎ. ഉദ്ഘാടന പ്രസംഗത്തിൽ തന്റെ രണ്ടു മുൻ സന്ദർശനങ്ങളും പ്രസ് ക്ലബുമായി ബന്ധപ്പെട്ടായിരുന്നു എന്ന് അനുസ്മരിച്ചു. ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവൻ മാധ്യമ പ്രവർത്തനം വലിയ പ്രതിസന്ധി നേരിടുകയാണ്. ഭരണകൂടങ്ങളുടെ സമ്മർദ്ദം, മാധ്യമ മുതലാളിമാരുടെ സാമ്പത്തിക താൽപര്യം, സോഷ്യൽ മീഡിയയുടെ അതിപ്രസരം എല്ലാം മാധ്യമപ്രവർത്തനത്തിന് ഭീഷണിയാണ്. വേൾഡ് പ്രസ് ഫ്രീഡത്തിന്റെ കണക്കുകകൾ പുറത്തു വന്നപ്പോൾ ഇന്ത്യ ഏറെ പിന്നാലാണ് എന്ന വസ്തുത ഏറെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്.

മാധ്യമപ്രവർത്തകരെ നിശ്ശബ്ദരാക്കാനുള്ള ശ്രമങ്ങൾ ധാരാളം നടക്കുന്നു.
ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങൾ. ശബ്ദമില്ലാത്തവരുടെ ശബ്ദം.. അതുകൊണ്ട് മാധ്യമങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. അമേരിക്കയിലെ ഓരോ ചലനങ്ങളും ഒപ്പിയെടുത്ത് മലയാളികൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു .

'ഗസ്റ്റ് ഓഫ് ഹോണറായി' പങ്കെടുത്ത ന്യൂ യോർക്ക് ഇന്ത്യൻ കോൺസുൽ ജനറൽ ബിനയ ശ്രീകാന്ത പ്രധാൻ കേരളവുമായി അടുത്ത ബന്ധമാണ് തനിക്കുള്ളതെന്നു ചൂണ്ടിക്കാട്ടി. കൊച്ചിയിൽ പ്രവർത്തിച്ച പരിചയമുണ്ട്. പ്രസ് ക്ലബ് പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാറും, മറ്റു പ്രതിനിധികളുമായി കോൺസുലേറ്റിൽ നടന്ന യോഗത്തെക്കുറിച്ചു അദ്ദേഹം പരാമർശിച്ചു. വിവിധ വിഷയങ്ങളിൽ മാധ്യമപ്രവർത്തകരുമായി നടന്ന ചർച്ചകൾ വളരെ പ്രാധാന്യമുള്ളതായിരുന്നു എന്നദ്ദേഹം കൂടി ചേർത്തു.

ഫൊക്കാന, ഫോമാ, തുടങ്ങി വിവിധ സംഘടനാ നേതാക്കളുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. ഒ.സിഐ കാർഡുകൾ ലഭിക്കാൻ തടസ്സമുണ്ടെങ്കിൽ അത് പരിഹരിക്കും. അതിനായി പ്രത്യേക കോൺസുലാർ ക്യാമ്പ് ആരംഭിക്കും. ഇന്ത്യയും അമേരിക്കയും തമ്മിൽ അടുത്ത സൗഹൃദമാണ് ഇപ്പോഴുള്ളത്. ആണവ പരീക്ഷണകാലത്ത് ഇന്ത്യക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ആ കാലമൊക്കെ മാറി. ഇപ്പോൾ നല്ല സൗഹൃദത്തിന്റെ കാലമാണെന്നും ദുബായിലെ പോലെ ന്യജേഴ്‌സിൽ ഇന്ത്യ മാർട്ട് തുടങ്ങാനുള്ള ആലോചനകൾ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

അമേരിക്കയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നു എന്ന മാധ്യമ റിപ്പോർട്ടുകൾ വരുന്നുണ്ട്. അവരെ ഏറ്റവും സഹായിക്കാൻ സാധിക്കുക ഇന്ത്യൻ സമൂഹത്തിന് തന്നെയാണ്. അക്കാര്യങ്ങളും ഇവിടുത്തെ ഇന്ത്യൻ സമൂഹവുമായി ചർച്ച ചെയ്യുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

അമേരിക്കയിലെ മലയാളി സമൂഹത്തെ ഒന്നിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതിൽ മാധ്യമ രംഗം വലിയ പങ്കാണ് വഹിക്കുന്നതെന്ന് ചടങ്ങിൽ മൂഖ്യാതിഥിയായി പങ്കെടുത്ത ഹൂസ്റ്റണിലെ മലയാളി ജഡ്ജി ജൂലി മാത്യു അഭിപ്രായപ്പെട്ടു. ഇന്ത്യ പ്രസ് ക്‌ളബ് ഓഫ് നോർത്ത് അമേരിക്ക പുതിയ ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും ജൂലി മാത്യു അറിയിച്ചു.

നവമാധ്യമ കാലത്തിലൂടെയും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിലൂടെയും കടന്നു പോകുന്ന ഈ അവസരത്തിൽ ഇതൊക്കെ എങ്ങനെ മാധ്യമ രംഗത്ത് ഉപകാരപ്രദമാക്കാം എന്നതിനേക്കുറിച്ച ആലോചിക്കുകയും, അപഗ്രഥനം ചെയ്യുകയും, ഈ സാധ്യതകൾ ഉൾക്കൊള്ളാനും എങ്ങനെ ഇതിനെ പ്രായോജകമാക്കാം എന്നുള്ളതിനെക്കുറിച്ചു മനസ്സിലാക്കാനും ഇന്ത്യ പ്രസ് ക്‌ളബിന്റെ വരും വർഷങ്ങളിലെ പ്രവർത്തനത്തിന്റെ ഭാഗമാക്കുമെന്നും അധ്യക്ഷത വഹിച്ച പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ ചൂണ്ടിക്കാട്ടി.

വാഗ്ദാനങ്ങളല്ല, പ്രവർത്തനം എന്ന ഉറപ്പാണ് നൽകാനുള്ളത്. കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും കൂടി വേദിയാണ് ഇന്ത്യ പ്രസ് ക്‌ളബ് ഓഫ് നോർത്ത് അമേരിക്ക എന്നും അതിന് ഉദാഹരണമാണ് എല്ലാ സംഘടനകളുടെയും ഈ പരിപാടിയിലെ പ്രാതിനിധ്യമെന്നും സുനിൽ ട്രൈസ്റ്റാർ പറഞ്ഞു. ഇന്ത്യ പ്രസ് ക്‌ളബിന്റെ മുൻ പ്രസിഡന്റുമാരും സെക്രട്ടറിമാരും എല്ലാ കാലത്തും സംഘടനയുടെ താങ്ങും തണലുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വന്ദേഭാരതിന്റെ വേഗതയിൽ ഓടാൻ പുതിയ ഭരണസമിതിക്ക് കഴിയട്ടേ എന്ന് അഡൈ്വസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം ആശംസിച്ചു. സമൂഹത്തിലെ കളകൾ പറിച്ചുമാറ്റുക എന്നതാണ് മാധ്യമ പ്രവർത്തകരുടെ ധർമ്മം. എന്നാൽ അതിന് കൈവിലങ്ങിടുന്ന സാഹചര്യമാണ് ഇന്ത്യയിലും ലോകമെമ്പാടും ഉള്ളത്. അതൊക്കെ അതീജിവിച്ച് മുന്നോട്ടുപോകുന്ന കുറച്ചുമാധ്യമ പ്രവർത്തകരെങ്കിലും ഈ സംഘടനയിലും ലോകത്തും അവശേഷിക്കുന്നുണ്ടെന്ന് തൈമറ്റം പറഞ്ഞു.

ഇന്ത്യയിൽ അടിയന്തിരാവസ്ഥ നിലനിൽക്കുന്നില്ലെങ്കിലും ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു. പുതിയ ഭരണസമിതിക്ക് ഫോമയുടെ എല്ലാ പിന്തുണയും അറിയിക്കുന്നുവെന്ന് ഫോമ നാഷണൽ ട്രഷറർ ബിജു തോണിക്കടവിൽ പറഞ്ഞു. മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതിൽ വലിയ പങ്കാണ് അമേരിക്കയിലെ മലയാളി മാധ്യമങ്ങൾ നിർവ്വഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡബ്‌ള്യു എം.സി ഗ്‌ളോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ താൻ പ്രതിനിധാനം ചെയ്യുന്നത് ലോകമെമ്പാടുമുള്ള മലയാളികളാണെന്നും, എല്ലാവിധമായ സഹകരണവും പ്രസ് ക്ലബിന് വാഗ്ദാനം ചെയ്തു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ മാധ്യമ രംഗത്ത് ഉപയോഗിക്കാമെന്നതിൽ സെമിനാറുകളും പരിശീലന പരിപാടികളും ഈ വർഷം സംഘടിപ്പിക്കുമെന്നും, നോർത്ത് അമേരിക്കയിലെ സംഘടനകളുമായും, നേതാക്കളുമായും ചർച്ചകൾക്കുള്ള വേദി ഒരുക്കാനും, കൂടുതലായി സംഘടനയുടെ കാര്യങ്ങൾ മാധ്യമത്തിലൂടെ അറിയിക്കാനും സഹകരണത്തിനും പുതിയ എക്‌സിക്യൂട്ടീവ് തീരുമാനമെടുത്തതായും ഐ.പി.സി.എൻ.എ ജോയിന്റ് സെക്രട്ടറി ആശാ മാത്യു അറിയിച്ചു. കേരള മീഡിയ അക്കാദമിയുമായി സഹകരിച്ച് ജേർണലിസം വിദ്യാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള പുതിയ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതായും, കേരളത്തിലെയും ഗൾഫ് മേഖലയിലെയും പ്രസ് ക്‌ളബുകളുമായി സഹകരിക്കാനായി ' പ്രസ് ക്ലബ് കണക്ട് ' തുടങ്ങും എന്നും ആശ പറഞ്ഞു. എല്ലാത്തിനും നോർത്ത് അമേരിക്കയിലെ മലയാളികളുടെ സഹകരണം അഭ്യർത്ഥിച്ചു.

ഐ.പി.സി.എൻ.എ ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി തന്റെ പ്രസംഗത്തിൽ ന്യൂ യോർക്ക് ചാപ്റ്റർ പ്രസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ സജീവമാണെന്നും 2025 ഒക്ടോബറിൽ നടക്കാൻ പോകുന്ന അന്താരാഷ്ട്ര മാധ്യമ കോൺഫെറെൻസിന്റെ വിജയത്തിനായി പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അറിയിച്ചു. ട്രഷറർ വിശാഖ് ചെറിയാൻ വേദിയിലും സദസ്സിലുമുള്ള എല്ലാവര്ക്കും നന്ദി അറിയിക്കുകയും, പ്രസ് ക്ലബ്ബുമായി സഹകരിക്കാനും അഭ്യർത്ഥിച്ചു. ഇന്ത്യ പ്രെസ് ക്ലബ്ബിന്റെ വക ഫലകം നൽകി റോജി എം ജോൺ കോൺസുൽ ജനറൽ ബിനയ പ്രധാനെ ആദരിക്കുകയും ചെയ്തു.