ഹൂസ്റ്റൺ: കോട്ടയം എംറ്റി സെമിനാരി ഹൈസ്‌കൂളിൽ നിന്നും 1974 ൽ എസ്എസ്എൽസിക്കു പഠിച്ചവർ 2024-ൽ 50 വർഷം തികയ്ക്കുകയാണ്!

അമ്പത് മഹത്തായ വർഷങ്ങൾ എന്ന നാഴികക്കല്ലിനെ സമീപിക്കുമ്പോൾ, ഏറെ സംവൃതി നിറയുന്ന ഒരു ഗൃഹാതുരത്വവും ആത്മനിർവൃതിയും ഉണരുകയാണ്. എംറ്റി സ്‌കൂൾ നമ്മൾ ഓരോരുത്തരുടേയും ജീവിതത്തിന്റെ അടിത്തറയിട്ടു എന്നതിനു ഒരു സംശയവുമില്ല.

ജീവിതത്തിന്റെ തിരയോട്ടത്തിനൊടുവിൽ ഒരു തിരിഞ്ഞുനോട്ടം എപ്പോഴും ഏറെ പ്രിയങ്കരമായ അനുഭവമാണ്. പഴയ നാളുകളിലെ സ്‌കൂൾ ദിനങ്ങളുടെ തുടക്കം കുറിച്ചിരുന്ന 'ലീഡ് കൈൻഡ്ലി ലൈറ്റ്' എന്ന പ്രാർത്ഥനാ ഗാനത്തിന്റെ ആഖ്യാനം പോലെ, നന്നായി ജീവിച്ചു, ലോകമെമ്പാടും ചിതറിക്കിടക്കുന്ന ഒരു തലമുറയുടെ സുവർണ്ണ വാർഷികമാണിത്.

ഈ കൂടിച്ചേരൽ ആവേശഭരിതമായിരിക്കും എന്നതിനു സംശയമില്ല. 2024 ഏപ്രിൽ 20 ശനിയാഴ്ച സ്‌കൂൾ സന്ദർശിക്കുവാനും പഴയ ഓർമ്മകൾ പുതുക്കുവാനുമുള്ള ഒരു അവസരമാണ്. അതിന്നു വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. പഴയ സ്‌കൂളിലേക്ക് നമ്മളെ ഒരിക്കൽ കൂടി സ്വാഗതം ചെയ്യുവാൻ ഹെഡ്‌മിസ്ട്രസും ഉണ്ടാവുമവിടെ.

സ്‌കൂൾ കാമ്പസിൽ അൽപനേരം ഒത്തുകൂടുകയും തുടർന്ന് കോട്ടയം ക്ലബ്ബ് ഹൗസിൽ ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുകയും ചെയ്യുവാനാണ് പദ്ധതി.

1974 SSLC ബാച്ചിലെ ഓരോ അംഗങ്ങളും ഈ സന്ദേശം വ്യക്തിപരമായ ക്ഷണമായി പരിഗണിക്കും എന്നു വിശ്വസിക്കുന്നു.

പഴയകാല സുഹൃത്തുക്കൾ വീണ്ടും കണ്ടുമുട്ടാൻ കാത്തിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് എബ്രഹാം ജോസഫ് (അബുജി : 10-ബി, 1974) 1.847.302.1350 എന്ന നമ്പറിലോ abuji_2001@yahoo.com എന്ന ഈ മെയിലിലോ ബന്ധപ്പെടുവാൻ സാധിക്കും.