മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: ജീവിതം എപ്പോഴും സുഖ-ദുഃഖ സമ്മിശ്രമാണ്. ഏതു നിമിഷവും നമ്മുടെ ജീവിതത്തിൽ നമുക്ക് താങ്ങാനാവാത്ത ഒരു സംഭവം നടന്നെന്നിരിക്കാം. ഒരു പക്ഷെ അത് അപ്രതീക്ഷിതമായിരിക്കാം അല്ലെങ്കിൽ നമ്മുടെ അശ്രദ്ധ മൂലം നാം ക്ഷണിച്ചു വരുത്തുന്നതാകാം. എങ്ങനെയായാലും അത്തരം ചില സംഭവങ്ങൾ നമ്മുടെ ജീവിതത്തെ ദുഃഖത്തിന്റെ അഗാധ ഗർത്തത്തിലേക്ക് തള്ളിയിടുന്നതാകാം. അത് അപ്രതീക്ഷിതമായ ഒരു അപകടത്തിലൂടെയോ, ശരീരത്തെ കാർന്നു തിന്നുന്ന ഒരു രോഗത്തിലൂടെയോ, അല്ലെങ്കിൽ ജന്മനാൽ സംഭവിക്കുന്നതോ ആകാം. അങ്ങനെ വിധിയുടെ ക്രൂരതയാൽ ശരീരത്തിന് അംഗവൈകല്യം സംഭവിച്ച ധാരാളം പേർ നമ്മുടെ സമൂഹത്തിൽ ഉണ്ട്. അതിൽ കാലുകൾ നഷ്ടപ്പെട്ട് ചലന ശേഷി ഇല്ലാത്തവർക്ക് പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി സൗജന്യ കൃത്രിമ കാലുകൾ നൽകുന്നതിനായി നമ്മുടെ കൊച്ചു കേരളത്തിൽ കഴിഞ്ഞ പത്തു വർഷത്തിലധികമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് 'ലൈഫ് ആൻഡ് ലിംബ്'.

ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലെ വെട്ടിയാർ എന്ന കൊച്ചു ഗ്രാമത്തിൽ ജോൺസൺ ശാമുവേൽ (റെജി) എന്ന മനുഷ്യ സ്‌നേഹിയുടെ മനസ്സിൽ ഉദിച്ച ആശയത്തിലൂടെ 2013-ൽ സ്ഥാപിതമായതാണ് 'ലൈഫ് ആൻഡ് ലിംബ്' എന്ന സ്ഥാപനം. പ്രസ്തുത സ്ഥാപനത്തിലൂടെ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഇരുന്നൂറിലധികം അംഗവൈകല്യർക്കാണ് കൃത്രിമ കാലുകൾ ലഭിച്ച് ചലനശേഷി തിരികെ കിട്ടുവാൻ ഭാഗ്യം ലഭിച്ചത്. കേരളത്തിനുള്ളിൽ നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി കാലുകൾ നഷ്ടപ്പെട്ട നാനൂറിലധികം ആളുകൾ 'ലൈഫ് ആൻഡ് ലിംബിൽ' കൃത്രിമ കാലുകൾ ലഭിക്കുന്നതിന് അപേക്ഷകൾ നൽകി കാത്തിരിക്കുന്നു എന്നത് ആശങ്കാജനകമാണ്. ഇത്രയും പേർക്ക് ഉടൻ കൃത്രിമക്കാലുകൾ നൽകുക എന്നത് ഈ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രായോഗികമാണ്. എന്നാൽ ഒരു വർഷം പത്തു പേർക്ക് വീതം കൃത്രിമ കാലുകൾ നൽകണമെന്ന ഉദ്ദേശത്തോടെ ആരംഭിച്ച 'ലൈഫ് ആൻഡ് ലിംബ്' ക്രമാതീതമായി ലഭിച്ച നാനൂറിലധികം അപേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന അർഹതപ്പെട്ട നൂറു പേർക്ക്, നൂറ്റിപ്പതിനഞ്ച് കൃത്രിമ കാലുകൾ 2024 ഡിസംബർ 14-ന് നൽകണമെന്ന പ്രതീക്ഷയോടെ കഠിന പ്രയത്‌നത്തിലാണ് ഇപ്പോൾ.

ജീവിതത്തിന്റെ യാഥാർഥ്യങ്ങൾ മനസ്സിലാക്കാൻ തുടങ്ങുന്ന പ്രായത്തിൽ പതിനേഴാമത്തെ വയസ്സിൽ വെട്ടിയാർ എന്ന കൊച്ചു ഗ്രാമത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ വ്യക്തിയാണ് ജോൺസൺ. പ്രാരംഭ കാലങ്ങളിൽ ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ മൂത്ത സഹോദരൻ കുഞ്ഞുമോൻ ശാമുവേലിനോടൊപ്പം താമസിച്ച് മിനിയോള ഹൈസ്‌കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ക്വീൻസ് കോളേജിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദവും കരസ്ഥമാക്കി. കഴിഞ്ഞ 44 വർഷങ്ങളായി ന്യൂയോർക്കിൽ താമസമാക്കി എങ്കിലും ജന്മനാടിനോടുള്ള സ്‌നേഹവും നാട്ടിലുള്ള മറ്റു സ്വന്തക്കാരുമായുള്ള ബന്ധം നിലനിർത്തുന്നതിനുള്ള താൽപ്പര്യവും ജോൺസണിനെയും കുടുംബത്തെയും ഇടയ്ക്കിടെ കേരളം സന്ദർശിക്കുവാനായി അമേരിക്കയിൽ നിന്നും എത്തുവാൻ പ്രേരിപ്പിച്ചുരുന്നു. 2011-ൽ കടുംബസമേതം കേരളാ സന്ദർശനത്തിനെത്തിയ ജോൺസൺ നാട്ടിലൂടെയുള്ള യാത്രക്കിടെ ഒരു കാൽ നഷ്ട്ടപ്പെട്ട് ചലന ശേഷിയില്ലാത്ത ഹതഭാഗ്യനായ ഒരു മനുഷ്യനെ കാണുവാനിടയായി. അപ്രതീക്ഷിതമായി നേരിട്ട ഒരു അപകടത്തിലൂടെ അയാളുടെ കാലുകൾ നഷ്ടപ്പെട്ട കദനകഥയും അതെ തുടർന്ന് അയാളുടെ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും കേട്ടപ്പോൾ മുതൽ ജോൺസൺ തന്റെ മനസ്സിൽ വളരെ ദുഃഖഭാരമേറിയാണ് അത്തവണ നാട്ടിൽ നിന്നും തിരികെ അമേരിക്കയിലേക്ക് വിമാനം കയറിയത്. അന്ന് മുതൽ ഇത്തരം കാലുകൾ നഷ്ടപ്പെട്ടവരെ എങ്ങനെ സഹായിക്കാം എന്ന ചിന്ത മനസ്സിനെ വല്ലാതെ അലട്ടി. പിന്നീട് ഇതേപ്പറ്റി ദീർഘമായി റീസേർച്ച് നടത്തിയപ്പോൾ ജർമ്മൻ കമ്പനിയായ ഓട്ടോബൂക് അംഗവൈകല്യം സംഭവിച്ചവർക്കായി കൃത്രിമ അവയവങ്ങൾ നിർമ്മിച്ച് നൽകുന്നു എന്ന് മനസ്സിലാക്കി.

സ്വന്തം സമ്പാദ്യത്തിൽ നിന്നും പണം സ്വരൂപിച്ചാണ് 17 പേർക്ക് സൗജന്യമായി കൃത്രിമ കാലുകൾ നൽകി 2014-ൽ തന്റെ ജീവകാരുണ്യ പ്രവർത്തനത്തിന് ജോൺസൺ തിരികൊളുത്തിയതും 'ലൈഫ് ആൻഡ് ലിംബ്' എന്ന സ്ഥാപനത്തിന് ജന്മം നൽകിയതും, എല്ലാ വർഷവും പത്തു പേർക്കെങ്കിലും കൃത്രിമ കാലുകൾ നൽകണമെന്ന ആഗ്രഹം സഫലീകരിക്കുവാൻ ശ്രമം തുടങ്ങിയതും. സ്വന്തം സമ്പാദ്യത്തിൽ നിന്നും സഹധർമ്മിണി ഷേർളിയുടെ ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ച് സ്വരൂപിച്ചതുമായ തുകയിലൂടെ അടുത്ത വർഷം പത്തു പേർക്ക് സൗജന്യമായി കൃത്രിമ കാലുകൾ നൽകുവാൻ സാധിച്ചു എന്നത് ആല്മസംതൃപ്തി നൽകി. തന്റെ ഇത്തരം കാരുണ്യ പ്രവർത്തനത്തെ നേരിട്ട് മനസ്സിലാക്കുവാൻ സാധിച്ച സ്വന്തം സഹോദരങ്ങളും ബന്ധുക്കാരും അടുത്ത സുഹൃത്തുക്കളിൽ ചിലരും 'ലൈഫ് ആൻഡ് ലിംബ്' -മായി കൈകോർത്ത് പ്രവർത്തിക്കുവാൻ തുടങ്ങി. അതോടെ അവരുടെ കൈത്താങ്ങലുകൾ കൂടുതൽ പേർക്ക് കൃത്രിമക്കാലുകൾ നൽകുവാൻ പ്രചോദനമായി. സ്വജന്യ കൃത്രിമക്കാലുകൾ നൽകുന്നത് കേട്ടറിഞ്ഞ ധാരാളം പേർ അപേക്ഷയുമായി ഈ സ്ഥാപനത്തെ സമീപിച്ചു. പ്രസ്തുത അപേക്ഷകരുടെയെല്ലാം ആവശ്യങ്ങൾ നിറവേറ്റുവാൻ സ്വന്തമായി സാമ്പത്തികം കണ്ടെത്താൻ ഈ സ്ഥാപനത്തിന് സാധിക്കാതെ വന്നപ്പോൾ സഹായിക്കുവാൻ താല്പര്യമുള്ള പൊതുജനങ്ങളിൽ നിന്നും 'ലൈഫ് ആൻഡ് ലിംബ്' 2018 മുതൽ സാമ്പത്തിക സഹായം സ്വീകരിക്കുവാൻ തുടങ്ങി. ഒരു കൃത്രിമ കാലിന് ഏകദേശം രണ്ടു ലക്ഷത്തിനടുത്ത് രൂപാ ചിലവുള്ളതിനാൽ അമേരിക്കയിലുള്ള സഹായ മനസ്‌കരായ കുറെ സുഹൃത്തുക്കൾ ഒന്നും രണ്ടും മൂന്നും കൃത്രിമ കാലുകൾ സ്‌പോൺസർ ചെയ്യുവാൻ തയ്യാറായി മുമ്പോട്ട് വന്നു.

'ലൈഫ് ആൻഡ് ലിംബ്'-ന്റെ പ്രവർത്തനങ്ങളിലും കൃത്രിമ കാലുകൾ നൽകുന്ന ചടങ്ങുകളിലും ഏതാനും വർഷങ്ങളായി മുഖ്യ അതിഥികളായി പങ്കെടുക്കുന്ന 'കിഡ്‌നി അച്ചൻ' എന്നറിയപ്പെടുന്ന ഫാദർ ഡേവിസ് ചിറമേൽ അച്ചനും, ലോക പ്രശ്സത മന്ത്രികനും ഭിന്നശേഷി കുട്ടികൾക്കായുള്ള തിരുവനന്തപുരത്തെ 'ഡിഫറന്റ് ആർട്‌സ് സെന്റർ' സ്ഥാപകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാടും നൽകിയ പ്രചോദനങ്ങളും സ്ലാഖനീയമാണ്. പിന്നീട് നൂറുകണക്കിന് അർഹതപ്പെട്ടവരുടെ അപേക്ഷകൾ 'ലൈഫ് ആൻഡ് ലിംബ്' സ്ഥാപനത്തിലേക്ക് ഒഴുകിയെത്തുവാൻ തുടങ്ങി. അതിൽനിന്നും അർഹതപ്പെട്ട നൂറു പേർക്ക്, നൂറ്റിപ്പതിനഞ്ച് കൃത്രിമ കാലുകൾ 2024 ഡിസംബർ 14-ന് നൽകുവാനാണ് പദ്ധതിയിടുന്നത്. നൂറു പേരിൽ പതിനഞ്ചോളം പേർ രണ്ടു കാലുകളും നഷ്ടപ്പെട്ടവരാണ്. ഇതിനായി ഒരു കൃത്രിമ കാലിന് ഏകദേശം രണ്ടായിരം ഡോളർ ($2,000) വീതമാണ് ചെലവ്. 115 കാലുകൾ നൽകുന്നതിന് രണ്ടു ലക്ഷത്തി മുപ്പതിനായിരം ഡോളറാണ് ($230,000) ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.

അർഹതപ്പെട്ടവർക്ക് നൽകുന്ന കൃത്രിമക്കാലുകൾക്ക് ദീർഘ നാളത്തെ ഉപയോഗം മൂലം തേയ്മാനങ്ങളും കേടുപാടുകളും സംഭവിക്കുമ്പോൾ അവ റിപ്പയർ ചെയ്തു നൽകുന്നതിനും ക്രമീകരണങ്ങൾ ചെയ്യേണ്ടതായി വന്നു. കാലുകൾ നഷ്ടപ്പെട്ട് കൃത്രിമ കാലുകൾ വച്ച് നൽകുന്ന ചെറിയ കുട്ടികൾ വളർന്നു വരുന്ന മുറയ്ക്ക് വ്യത്യസ്തമായ സൈസിലുള്ള കാലുകൾ നൽകേണ്ടതും അത്യാവശ്യമാണ്. ആയതിനാൽ മാവേലിക്കര വെട്ടിയാറ്റിൽ ജോൺസന്റെ സ്വന്തമായുള്ള സ്ഥലത്ത് 'ലൈഫ് ആൻഡ് ലിംബ്' സ്ഥാപനത്തിന്റെ മേൽനോട്ടത്തിൽ സ്ഥാപിതമായ ഒരു പ്രോസ്‌തെറ്റിക്‌സ് ക്ലിനിക്ക് 2023 നവംബർ 14-ന് പ്രൊഫ. ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. കൃതിമക്കാലുകളുടെ റിപ്പയറിങ്ങിനും അതിന്റെ പാർട്ടുകൾക്കും നല്ല തുക ചെലവാകുമെങ്കിലും അതും ഈ സ്ഥാപനം സൗജന്യമായാണ് നൽകുന്നത്.

'ലൈഫ് ആൻഡ് ലിംബ്'-ന്റെ പ്രവത്തന രീതികളെപ്പറ്റിയും കൃതിമക്കാലുകൾ ലഭിച്ചവരുടെ ജീവിതാനുഭവങ്ങളും അവരുടെ സാക്ഷ്യങ്ങളും അറിയണമെന്ന് താല്പര്യമുള്ളവർക്ക് ബോധവൽക്കരണം നടത്തുന്നതിനായി ഒരു ഡിന്നർ നൈറ്റ് സംഘടിപ്പിക്കുവാൻ തയ്യാറെടുക്കുന്നു. 'ലൈഫ് ആൻഡ് ലിംബ്' സ്ഥാപകനായ ജോൺസൺ ശാമുവേലിന്റെ നേതൃത്വത്തിൽ ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ സമീപ പ്രദേശത്തെ 15 സാമൂഹിക-രാഷ്ട്രീയ-സംഘടനാ നേതാക്കളെ ചേർത്ത് ഒരു സംഘടനാ സമിതി (Organizing Committee) കഴിഞ്ഞ ദിവസം രൂപീകരിച്ചു. 'ലൈഫ് ആൻഡ് ലിംബ്' സ്ഥാപകൻ ജോൺസൺ ശാമുവേൽ, സെനറ്റർ കെവിൻ തോമസിന്റെ അഡൈ്വസറി കമ്മറ്റി അംഗവും സാമൂഹിക പ്രവർത്തകരുമായ അജിത് എബ്രഹാം (കൊച്ചൂസ്), ബിജു ചാക്കോ, മാധ്യമ പ്രവർത്തകനും ലോങ്ങ് ഐലൻസ് മാർത്തോമ്മാ പള്ളി സെക്രട്ടറിയുമായ മാത്യുക്കുട്ടി ഈശോ, നസ്സോ കൗണ്ടി പബ്ലിക് വർക്‌സ് ഡിപ്പാർട്‌മെന്റ് ഡെപ്യൂട്ടി കമ്മീഷണർ തോമസ് എം. ജോർജ് (ജീമോൻ), വേൾഡ് മലയാളീ കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസ് മുൻ സെക്രട്ടറി ജെയിൻ ജോർജ്, ഹെഡ്ജ് ബ്രോക്കറേജ് ഉടമ സജി എബ്രഹാം, ഫൊക്കാന മുൻ ചെയർമാൻ പോൾ കറുകപ്പിള്ളിൽ, വേൾഡ് മലയാളീ കൗൺസിൽ കമ്മറ്റി അംഗം അജിത് കുമാർ, ബ്ലൂ ഓഷൻ സൊല്യൂഷൻസ് ഫിനാൻഷ്യൽ അഡൈ്വസർ സാബു ലൂക്കോസ്, എക്കോ ചെയർമാൻ ഡോ. തോമസ് മാത്യു, മോട്ടിവേഷണൽ സ്പീക്കർ ഡോ. ബേബി സാം ശാമുവേൽ, പ്രവാസി ചാനൽ സി.ഇ.ഓ. സുനിൽ ട്രൈസ്റ്റാർ, സാമൂഹിക പ്രവർത്തകൻ കോശി ഉമ്മൻ തോമസ്, ഫൊക്കാനാ ട്രെഷറർ ബിജു കൊട്ടാരക്കര, സാമൂഹിക പ്രവർത്തക ഡോ. ഷെറിൻ എബ്രഹാം എന്നിവരാണ്‌സംഘാടക സമിതി അംഗങ്ങൾ.

സംഘടനാ ഭാരവാഹികളും സെനറ്റർമാരും ഒത്തുചേർന്ന് 2024 ഓഗസ്റ്റ് 4 ഞായറാഴ്ച വൈകിട്ട് 6-ന് ബെത്പേജിലുള്ള ദി സ്റ്റെർലിങ് ബാങ്ക്വറ്റ്‌സ് ഹാളിൽ (The Sterling Banquets, 345 Hicksville Road, Bethpage, NY 11714) വച്ച് ഒരു ഡിന്നർ മീറ്റിങ് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു. അമേരിക്കൻ സമൂഹത്തിലുള്ള കാലുകൾ നഷ്ട്ടപ്പെട്ടവരും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുമായ ഏതാനും പേർ തങ്ങളുടെ ജീവിത സാക്ഷ്യവും അനുഭവങ്ങളും പങ്ക് വയ്ക്കുവാൻ പ്രസ്തുത ഡിന്നർ മീറ്റിങ്ങിൽ എത്തിച്ചേരുന്നതാണ്. ജീവിതത്തിൽ ഇതുപോലുള്ള ദുരിതങ്ങൾ അനുഭവിക്കാത്തവർക്ക് പലരുടെയും ജീവിത പ്രശ്‌നങ്ങൾ അടുത്തറിയുന്നതിനും തങ്ങൾക്കു ദൈവം തന്നിരിക്കുന്ന അനുഗ്രഹങ്ങൾ മനസ്സിലാക്കുന്നതിനും ഇത്തരം കൂടിവരവ് സഹായകരമാകും എന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

ഓഗസ്റ്റ് 4-ന് നടത്തുന്ന ഡിന്നർ മീറ്റിങ് സംബന്ധമായ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ പറയുന്ന വ്യക്തികളുമായി ബന്ധപ്പെടുവാൻ താൽപ്പര്യപ്പെടുന്നു.

(1) Ajith Abraham (Kochuz) - 516-225-2814 (2) Biju Chacko - 516-996-4611 (3) Mathewkutty Easow - 516-455-8596 (4) Thomas M. George (Geemon) - 516-288-9027 (5) Jain George - 516-225-7284 (6) Saji Abraham (Hedge) - 516-606-3268 (7) Paul Karukappillil - 845-553-5671 (8) Ajith Kumar - 516-430-8564 (9) Sabu Lukose - 516-902-4300 (10) Dr. Thomas P Mathew - 516-395 - 8523 (11) Dr. Baby Sam Samuel - 347-882-8281 (12) Sunil TriStar - 917-662-1122 (13) Koshy O Thomas - 347-867-1200 (14) Biju Kottarakkara - 516-445-1873 (15) Dr. Sherin Abraham - 516-312-5849 (16) Johnson Samuel (Reji) - 646-996-1692.