വാഷിങ്ടൺ : ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങി ഡോ. മധു നമ്പ്യാർ. അമേരിക്കൻ മലയാളികൾക്കിടയിലെ സജീവ സാന്നിധ്യവും വേറിട്ട വ്യക്തിത്വവുമാണ്. സാമൂഹിക ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയനായ ഡോ. മധു നമ്പ്യാർ നിലവിൽ ഫോമാ ക്യാപിറ്റൽ റീജിയൻ റീജിയണൽ വൈസ് പ്രസിഡന്റാണ്. മെക്സിക്കോയിലെ കാൻകൂണിൽ നടന്ന ഫോമാ ഗ്ലോബൽ കൺവൻഷനിലെ മികച്ച കമ്മ്യൂണിറ്റി ലീഡർ പുരസ്‌കാര ജേതാവുമാണ്.

വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ നിരവധി പദ്ധതികൾ ഫോമയ്ക്കുവേണ്ടി വിജയകരമായി നടപ്പാക്കിയ വ്യക്തിത്വമാണ് ഡോ. മധു നമ്പ്യാർ. കലാ സാംസ്‌കാരിക കായിക രംഗത്ത് വിവിധ പദ്ധതികൾ ജനകീയമായി നടപ്പിലാക്കി. ഫോമയെ യുഎസ് ചെസ് ഫെഡറേഷന്റെ അഫിലിയേറ്റ് ആക്കി മാറ്റിയത് മധു നമ്പ്യാരുടെ ശ്രമങ്ങളുടെ ഭാഗമായാണ്. എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിച്ചുകൊണ്ട് വിവിധ പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ കഴിഞ്ഞതാണ് അദ്ദേഹത്തിനെ വ്യത്യസ്തനാക്കിയത്.

കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിങ്ടണിന്റെ പ്രസിഡന്റായിരുന്ന കാലയളവിൽ നിരവധി പരിപാടികൾ വിജയകരമായി സംഘടിപ്പിക്കാൻ കഴിഞ്ഞു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തന്നെ തിരഞ്ഞെടുത്താൽ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവവും ജനകീയമായ പങ്കാളിത്വത്തോടെയും നടപ്പാക്കുമെന്ന് ഡോ. മധു നമ്പ്യാർ പറഞ്ഞു.

കാസർഗോഡ് സ്വദേശിയായ ഡോ. മധു നമ്പ്യാർ മെഡിക്കൽ ബയോകെമസ്ട്രിയിലാണ് പിഎച്ച്ഡി നേടിയത്. യുഎസിൽ എത്തുന്നതിനു മുമ്പ് ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സെന്റർ ഫോർ ബയോ എൻജിനീയറിങ്ങിൽ ജോലി ചെയ്തു. ബയോമെഡിക്കൽ സയന്റിസ്റ്റായ അദ്ദേഹം മെഡിക്കൽ ഡിവൈസസ് ആൻഡ് ടെക്നോളജി, ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷനിൽ പോളിസി അഡൈ്വസറായി പ്രവർത്തിക്കുന്നു.

ഫോമ നാഷണൽ കമ്മിറ്റി അംഗം, ക്യാപിറ്റൽ റീജിയൻ സെക്രട്ടറി, കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിങ്ടൺ പ്രസിഡന്റ്-ഇലക്ട്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഫിനാൻഷ്യൽ ചെയർ, ഫെസിലിറ്റീസ് ചെയർ, പയനിയേഴ്‌സ് കമ്മിറ്റി, നായർ സൊസൈറ്റി ഓഫ് ഗ്രേറ്റർ വാഷിങ്ടൺ പ്രസിഡന്റ്, ഡയറക്ടർ ബോർഡ്, അഡൈ്വസറി ബോർഡ്, നിലവിൽ ഫിനാൻഷ്യൽ കമ്മിറ്റി ചെയർ, മാർലാൻഡ് സ്‌ട്രൈക്കേഴ്‌സ് സോക്കർ ക്ലബ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിച്ചു.

ഡോ. നമ്പ്യാർ യൂണിഫോംഡ് സർവീസസ് യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് എന്നിവിടങ്ങളിൽ ബയോമെഡിക്കൽ സയന്റിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ നിന്നുള്ള ഗവേഷണ മികവിനുള്ള ആദ്യ ഫെലോസ് അവാർഡ്, യൂണിഫോംഡ് സർവീസസ് യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ മെഡിസിനിലെ മികച്ച പേപ്പറിനുള്ള ജോൺ മഹർ അവാർഡ്, അമേരിക്കൻ മിലിട്ടറി സയൻസ് ആൻഡ് എൻജിനീയറിങ് പുരസ്‌കാരം പോൾ സിപ്പിൾ മെഡൽ, എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.

ഫോൺ: പ്ലസ് വൺ (301) 525-8522