ന്യൂയോർക്ക്: കേരളാ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പ്രവാസി കേരളാ കോൺഗ്രസ് (എം) ന്യൂയോർക്ക് ചാപ്റ്റർ വമ്പിച്ച സ്വീകരണം നൽകി. ഫ്ളോറൽ പാർക്ക് സന്തൂർ ഇന്ത്യൻ റെസ്റ്റാറന്റിൽ കൂടിയ സ്വീകരണ യോഗത്തിനു പ്രവാസി കേരളാ കോൺഗ്രസ്സ് (എം) ന്യൂയോർക്ക് ചാപ്റ്റർ ഭാരവാഹികളായ പ്രസിഡന്റ് ജോൺ സി. വർഗ്ഗീസ് (സലിം), സെക്രട്ടറി ജോസ് മലയിൽ, ട്രഷറർ ആന്റോ രാമപുരം, ബേബി ഊരാളിൽ, ജോസഫ് മാത്യു ഇഞ്ചക്കൽ എന്നിവർ നേതൃത്വം നൽകി യോഗത്തിൽ സംസാരിച്ചു.

2001 മുതൽ തുടർച്ചയായി അഞ്ചു തവണ കേരള നിയമ സഭയിലേക്കു കേരളാ കോൺഗ്രസ്സ് (എം) സ്ഥാനാർത്ഥിയായി ഇടുക്കി നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച റോഷി അഗസ്റ്റിൻ നിലവിലുള്ള നിയമ സഭയിൽ ജലസേചന വകുപ്പ് മന്ത്രിയായി സ്തുത്യർഹമായ സേവനം കാഴ്ച വയ്ക്കുന്നു. കേരളാ കോൺഗ്രസ്സ് (എം)-ന്റെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും പലരും പാർട്ടി വിട്ടു പോയ സാഹചര്യങ്ങളിലും പാർട്ടിയിൽ അടിയുറച്ചു നിന്ന നേതാവാണ് റോഷി എന്ന് പ്രസിഡന്റ് സലിം തന്റെ പ്രസംഗത്തിൽ മന്ത്രിയെ പ്രകീർത്തിച്ച് സംസാരിച്ചു.

കെ.എം. മാണി എന്ന അനിഷേധ്യ നേതാവിന്റെ പിതൃതുല്യമായ സ്‌നേഹവും കരുതലും തന്നിലുള്ള വിശ്വാസവും കാത്തു സൂക്ഷിക്കാനാണ് പല നേതാക്കളും മാണി സാറിന്റെ മരണശേഷം പാർട്ടി വിട്ടു പോയെങ്കിലും താൻ കേരളാ കോൺഗ്രസ്സ് (എം)-ൽ തന്നെ ഉറച്ചു നിന്നത് എന്ന് റോഷി അഗസ്റ്റിൻ വികാരഭരിതനായി തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. യുവാവായിരുന്നപ്പോൾത്തന്നെ എ. കെ. ആന്റണിയുടെ സാന്നിദ്ധ്യത്തിൽ നിയമ സഭയിലേക്കു മത്സരിക്കുവാൻ എനിക്ക് സീറ്റ് നൽകണമെന്ന് പറഞ്ഞ സ്‌നേഹനിധിയായ മാണി സാറിന്റെ നിശ്ചയദാർഢ്യം കൊണ്ട് മാത്രമാണ് തനിക്കു ഇന്നീ നിലയിൽ എത്തുവാൻ സാധിച്ചതെന്നാണ് തനറെ ജീവിതത്തിലെ വഴിത്താരകൾ വിവരിച്ചു കൊണ്ട് റോഷി അഗസ്റ്റിൻ സംസാരിച്ചത്.

പ്രസ്തുത യോഗത്തിൽ വച്ച് വേൾഡ് മലയാളി കൗൺസിൽ (WMC) ന്യൂയോർക്ക് പ്രൊവിൻസ് ഭാരവാഹികൾ മന്ത്രിയെ പൊന്നാടയണിയിച്ച് ആദരിച്ചു. WMC അമേരിക്കൻ റീജിയൺ വൈസ് ചെയർമാൻ കോശി ഓ. തോമസ്, നാഷണൽ സെക്രട്ടറി ബിജു ചാക്കോ, ന്യൂയോർക്ക് പ്രൊവിൻസ് ചെയർമാൻ വർഗ്ഗീസ് എബ്രഹാം (രാജു), പ്രസിഡന്റ് ഈപ്പൻ ജോർജ്, സെക്രട്ടറി ജെയിൻ ജോർജ്, അംഗങ്ങളായ സജി തോമസ്, ജോൺ കെ. ജോർജ് തുടങ്ങിയവർ ചേർന്നാണ് മന്ത്രിയെ പൊന്നാടയണിയിച്ചത്. WMC-യെ പ്രതിനിധീകരിച്ച് കോശി തോമസ് മന്ത്രിക്കു ആശംസകൾ അർപ്പിച്ചു.

കേരളാ സെന്റർ പ്രതിനിധി ഇ.എം. സ്റ്റീഫൻ, കൈരളി ടി.വി (യു.എസ്.എ.) ഡയറക്ടർ ജോസ് കാടാപുറം, മന്ത്രിയുടെ കുടുംബ സുഹൃത്തും ബിസിനെസ്സ്‌കാരനുമായ വർക്കി അബ്രഹാം, ഫോമാ വിമൻസ് ഫോറം ചെയർപേഴ്‌സൺ ലാലി കളപ്പുരക്കൽ, ഫോമാ വിമൻസ് ഫോറം മെമ്പർ ബെറ്റി, ഏഷ്യാനെറ്റ് യു.എസ്. വീക്കിലി റൗണ്ടപ്പ് റീജിയണൽ ഡയറക്ടർ മാത്യുക്കുട്ടി ഈശോ തുടങ്ങി മലയാളീ സമൂഹത്തിലെ പ്രമുഖരായ പലരും യോഗത്തിൽ സംബന്ധിക്കുകയും മന്ത്രിക്കു ആശംസകൾ നേരുകയും ചെയ്തു. പ്രവാസി കേരളാ കോൺഗ്രസ്സ് (എം) ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ജോൺ സി. വർഗ്ഗീസ് (സലിം) സ്വാഗതവും ട്രഷറർ ആന്റോ രാമപുരം കൃതജ്ഞതയും അർപ്പിച്ചു.