ഹൂസ്റ്റൺ: ഓൾ ഇന്ത്യ യുഎസ് ഓപ്പൺ ബാഡ്മിന്റൺ ഡബിൾസ് ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.ഹൂസ്റ്റൺ സ്മാഷ് ബ്രദേഴ്‌സ് സംഘടിപ്പിക്കുന്ന നാഷണൽ ബാഡ്മിന്റൺ ഡബിൾസ് ചാമ്പ്യൻഷിപ്പ് ഹൂസ്റ്റണിനടുത്തുള്ള ബ്രൂക്ഷയറിലുള്ള പതിനാറ് ബാഡ്മിന്റൺ കോർട്ടുകളുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടി എറൈസ് സ്പോർട്സ് കോംപ്ലക്‌സിൽ വെച്ച് ഒക്ടോബർ 11 ന് ശനിയാഴ്ച രാവിലെ 9 മുതൽ രാത്രി 9 വരെയും ഒക്ടോബർ രണ്ട് ഞായറാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെയുമാവും നടത്തപ്പെടുക.

ഹൂസ്റ്റണിൽ ചരിത്രത്തിലാദ്യമായി നടത്തപ്പെടുന്ന നാഷണൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ അമേരിക്കയുടെ മിക്ക സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഇന്ത്യക്കാർ അണിനിരക്കുമ്പോൾ തീപാറുന്ന മത്സരങ്ങൾക്ക് ഹൂസ്റ്റൺ സാക്ഷ്യം വഹിക്കും.

ഓപ്പൺ മെൻസ് വിഭാഗത്തിൽ 32 ടീമുകളും, വിമൻസ് ഓപ്പൺ വിഭാഗത്തിൽ പത്ത് ടീമുകളും, 50 വയസ്സിൽ മുകളിൽ ഉള്ളവർക്കായി നടത്തപ്പെടുന്ന സീനിയർ വിഭാഗത്തിൽ 10 ടീമുകളും മാറ്റുരയ്ക്കും. മെൻസ് ഓപ്പൺ വിഭാഗത്തിൽ വിജയികൾക്ക് 1500 ഡോളറും, രണ്ടാം സ്ഥാനക്കാർക്ക് 750 ഡോളറും സമ്മാനത്തുകളായി ലഭിക്കും. വിമൻസ് ഡബിൾസ് വിഭാഗത്തിലും, സീനിയർ മെൻസ് ഡബിൾസ് വിഭാഗത്തിലും വിജയികൾക്ക് 500 ഡോളറും, രണ്ടാം സ്ഥാനക്കാർക്ക് 250 ഡോളറുമാവും സമ്മാനത്തുക. കൂടാതെ എല്ലാ വിഭാഗത്തിൽ നിന്നും ബെസ്റ്റ് പ്ലെയർ, പ്രോമിസിങ് പ്ലെയർ ട്രോഫികളും, വിജയികൾക്കും രണ്ടാം സ്ഥാനക്കാർക്കും വ്യക്തിഗത ട്രോഫികളും ലഭിക്കും.

ടൂർണമെന്റിൽ പങ്കെടുക്കുവാൻ വരുന്നവർക്ക് ബാഡ്മിന്റൺ സെന്ററിന് അടുത്ത് തന്നെ വളരെ കുറഞ്ഞ നിരക്കിൽ ഹോട്ടൽ റൂമുകൾ റിസർവ്വ് ചെയ്തിട്ടുള്ളതായി സംഘാടകർ അറിയിച്ചു. പങ്കെടുക്കുന്ന എല്ലാ കളിക്കാർക്കും സൗജന്യമായി ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

 

രഞ്ജു രാജ്, റെജി കോട്ടയം, അനിത് ഫിലിപ്പ്, അനിൽ ജനാർദ്ദനൻ, വിനോദ് ചെറിയാൻ റാന്നി ഉൾപ്പെടുന്ന ഹൂസ്റ്റൺ സ്മാഷ് ബ്രദേഴ്‌സ് ഗ്രൂപ്പാണ് ടൂർണമെന്റിനു നേതൃത്വം കൊടുക്കുന്നത്.

ടൂർണമെന്റിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ രജിസ്റ്റർ ചെയ്യുവാൻ താഴെ പറയുന്ന നമ്പറുകളിൽ ഉടൻ ബന്ധപ്പെടുക.

രഞ്ജു രാജ് 832 874 4507
റജി കോട്ടയം 832 723 7995
അനിൽ ജനാർദ്ദനൻ 281 507 9721
അനിത് ഫിലിപ്പ് 832 454 3167
വിനോദ് ചെറിയാൻ 832 689 4742