ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ കാലാനുശ്രുത മാറ്റങ്ങളെ കൃത്യമായി അപഗ്രഥിച്ചു രാഷ്ട്രീയ നഭോമണ്ഡലത്തിൽ ഉജ്ജ്വലമായി പ്രകാശിക്കുന്ന, പുതു തലമുറയുടെ പ്രതീകമായി മാറിയ വിശ്വപൗരൻ ഡോ. ശശി തരൂരിന് ഒഐസിസി യുഎസ്എ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും പിന്തുണ അറിയിച്ചു.

ഒഐസിസി യുഎസ്എ ഒക്ടോബർ 9 ഞായറാഴ്ച വൈകുന്നേരം 8 മണിക്ക് സൂം പ്ലാറ്റ് ഫോമിൽ വിളിച്ചുകൂട്ടിയ പ്രത്യേക എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പ്രസിഡണ്ട് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു.

ചെയർമാൻ ജെയിംസ് കൂടൽ ആമുഖ പ്രസംഗം നടത്തി, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന 'ഭാരത് ജോഡോ യാത്ര' യിൽ സംഘടനയെ പ്രതിനിധീകരിച്ചു 2 ദിവസം പങ്കെടുത്ത ജെയിംസ് കൂടലിനെ കമ്മിറ്റി നന്ദി അറിയിച്ചു. യാത്രയുടെ തുടക്കത്തിൽ കന്യാകുമാരിയിലും കേരള അതിർത്തിയിലുമാണ് അദ്ദേഹം യാത്രാ സംഘത്തിൽ ചേർന്നത്.

കോൺഗ്രസ്സിന് ഉത്തേജനം നൽകേണ്ട പ്രസിഡണ്ട് സ്ഥാനാർത്ഥി ഊർജ്ജസ്വലനും ഇന്ത്യയുടെ എല്ലാവിഭാഗം ജനങളുടെ പ്രശ്‌നങ്ങളെ പഠിക്കുവാനും അതിനു പ്രശ്‌നപരിയാഹാരകനായ ഒരാൾ ആയിരിക്കണം. ജനങ്ങളോട് തുറന്നു സംവദിക്കുവാനും ആകർഷകമായ വ്യക്തിത്വവും വിദ്യാഭ്യാസവും പാർട്ടിയുടെ തിരിച്ചു വരവിനുള്ള അനുകൂല സാധ്യതകളായി നിരീക്ഷകരും പാർട്ടി പ്രവർത്തകരും കാണുന്നു. പുത്തൻ തലമുറയെ കോൺഗ്രസിലേക്ക് ആകർഷിക്കാൻ കഴിവുള്ള നേതാവായിരിക്കണം പ്രസിഡണ്ട്. ഇതെല്ലാം ഒത്തിണങ്ങിയ വ്യക്തിത്വമാണ്. ഡോ.തരൂരിന്റേത് ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപെട്ടു. ശ്രീ ചേറ്റൂർ ശങ്കരൻ നായർ എന്ന മലയാളി പാർട്ടി അധ്യക്ഷനായത് 1897 ലാണ്. നൂറ്റിഇരുപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറം മറ്റൊരു മലയാളി മത്സരിക്കുമ്പോൾ കേരളത്തിന് അതൊരു അഭിമാനമാണ്.

മല്ലികാർജുൻ ഖാർഗെയുടെ സേവനത്തെയും കോൺഗ്രസ് പാരമ്പര്യത്തെയും മാനിക്കുന്നു. എന്നാൽ പ്രായം ഒരു പ്രധാന ഘടകം ആണെന്നും ഈ കാലഘട്ടത്തിൽ കോൺഗ്രസ്സിനു ഒരു പുതുജീവൻ നൽകാൻ ഖാർഗേക്ക് കഴിയുമോയെന്നും അംഗങ്ങൾ സംശയം പ്രകടിപ്പിച്ചു.

പാർലമെന്ററി രംഗത്ത് ശക്തമായ പാരമ്പര്യമുള്ള പരിചയ സമ്പന്നനായ ഖാർഗെ പ്രസിഡണ്ട് ആയി വന്നാൽ കോൺഗ്രസിനു പുതു ജീവൻ നൽകാൻ കഴിയുമെന്ന് ചിലർ അഭിപ്രായപ്പെട്ടു. നിഷ്പക്ഷ നിലപാടുള്ളവരും ഉണ്ടായിരുന്നു.

കോൺഗ്രസ് പ്രസിഡന്റായി ആര് തിരഞ്ഞെടുക്കപെട്ടാലും ഒഐസിസി യുഎസ്എ യുടെ പൂർണ പിന്തുണയുണ്ടായിരിക്കുമെന്നും തീരുമാനിച്ചു. .

ട്രഷറർ സന്തോഷ് എബ്രഹാം, വൈസ് ചെയർമാന്മാരായ കളത്തിൽ വർഗീസ്, ജോബി ജോർജ് വൈസ് പ്രസിഡന്റുമാരായ ഡോ. മാമ്മൻ. സി .ജേക്കബ്, സജി എബ്രഹാം, ഷാലു പുന്നൂസ്, മീഡിയ ചെയർമാൻ പി.പി. ചെറിയാൻ, ജോയിന്റ് ട്രഷറർ ലാജി തോമസ്, വെസ്റ്റേൺ റീജിയൻ ചെയർമാൻ ജോസഫ് ഔസോ, പ്രസിഡണ്ട് ഈശോ സാം ഉമ്മൻ, സതേൺ റീജിയൻ ട്രഷറർ സഖറിയ കോശി, നോർത്തേൺ റീജിയൻ ട്രഷറർ ജീ മുണ്ടയ്ക്കൽ, യൂത്ത് വിങ് ചെയർ കൊച്ചുമോൻ വയലത്ത്, സാന്ഫ്രാൻസിസ്‌കോ ചാപ്റ്റർ പ്രസിഡണ്ട് അനിൽ ജോസഫ് മാത്യു, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ തോമസ് ജോർജ് (ചാച്ചി), ബിജു കോമ്പശ്ശേരിൽ, വർഗീസ് കെ ജോസഫ്, രാജു വർഗീസ് തുടങ്ങിയവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു.

സെക്രട്ടറി രാജേഷ് മാത്യു നന്ദി പ്രകാശിപ്പിച്ചു.