വാഷിങ്ടൻ : യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറായി തിരഞ്ഞെടുത്തതിനു റിപ്പബ്ലിക്കൻ അംഗങ്ങളെയും പ്രത്യേകിച്ച് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും അഭിനന്ദിച്ചും നന്ദി പറഞ്ഞ് കെവിൻ മക്കാർത്തി. തന്റെ വിജയത്തിനു ട്രംപിന്റെ സ്വാധീനം വളരെ വലുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്യാപിറ്റോൾ ആക്രമണ സമയത്ത് ട്രംപിനെ കുറ്റപ്പെടുത്തി സംസാരിച്ചതിനുശേഷം ഇരുവരും തമ്മിൽ അത്ര രസത്തിലായിരുന്നില്ല. മക്കാർത്തിയെ പരസ്യമായി എതിർത്ത വ്യക്തിയാണ് ട്രംപ്, പിന്നീട് അദ്ദേഹം അൽപം മയപ്പെട്ടു.

നാലു ദിവസം 14 റൗണ്ട് വോട്ടെടുപ്പ് നടത്തിയിട്ടും റിപ്പബ്ലിൻ സ്ഥാനാർത്ഥിയായ കെവിൻ മക്കാർത്തിക്ക് ജയിക്കാൻ സാധിച്ചിരുന്നില്ല. ഇനിയും ഇങ്ങനെ തുടരുന്നത് ശരിയല്ലെന്നും കെവിന്് വോട്ട് ചെയ്യണമെന്നും ട്രംപ് അഭ്യർത്ഥിച്ചിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിലെ തീവ്രപക്ഷക്കാരായ 20 വിമതർ മക്കാർത്തിക്കെതിരെ കലാപമുയർത്തിയതാണ് അനിശ്ചിതത്വമുണ്ടാക്കിയത്. ജനപ്രതിനിധി സഭയിൽ 222 അംഗങ്ങൾ ഉണ്ടായിട്ടും ജയിക്കാനാവശ്യമായ 218 വോട്ടുകൾ നേടാൻ മക്കാർത്തിക്ക് സാധിച്ചിരുന്നില്ല.

234 വർഷം പിന്നിടുന്ന ജനപ്രതിസഭയുടെ ചരിത്രത്തിൽ ഒന്നിലധികം വോട്ടെടുപ്പു വേണ്ടിവന്നത് ഇതിനു മുൻപ് 14 തിരഞ്ഞെടുപ്പുകളിലാണ്. 1855 ൽ 133 തവണ വോട്ടെടുപ്പ് വേണ്ടിവന്നു. ഈ നടപടി രണ്ടുമാസമാണു നീണ്ടത്. 1923 ൽ സ്പീക്കർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ വിമതർ കലാപക്കൊടി ഉയർത്തിയപ്പോൾ 11 വട്ടം വോട്ടെടുപ്പു വേണ്ടിവന്നു.

ശനിയാഴ്ച പുലർച്ചെ 15-ാം തവണ നടന്ന വോട്ടെടുപ്പിൽ 216 വോട്ടുകൾ മാത്രമാണ് മക്കാർത്തിക്ക് ലഭിച്ചത്. എന്നാൽ, മറ്റു ആറു പേർ ആർക്കും വോട്ട് രേഖപ്പെടുത്താതിരുന്നതാണ് അദ്ദേഹത്തിന്റെ ജയം ഉറപ്പിച്ചത്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ഹക്കീം ജെഫ്രീസിന് അവരുടെ 212 വോട്ടും ലഭിച്ചു.