ഹൂസ്റ്റൺ: ലോക മലയാളികൾക്കിടയിലെ വാർത്താ ശബ്ദമായി മാറിയ ഗ്ലോബൽ ഇന്ത്യൻ അവാർഡ് നൈറ്റും ഇൻഡോ അമേരിക്കൻ കൾച്ചറൽ ഫെസ്റ്റും മെയ് ഏഴ് ഞായറാഴ്ച ഹൂസ്റ്റണിൽ നടക്കും. 'നാട്ടു നാട്ടു' എന്നു പേരിട്ടിരിക്കുന്ന മഹാസംഗമത്തിൽ വിവിധ രംഗങ്ങളിൽ മികവു തെളിയിച്ച മലയാളി പ്രതിഭകൾക്ക് ഗ്ലോബൽ ഇന്ത്യൻ പുരസ്‌കാരം സമ്മാനിക്കും. ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച മഹത് വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിക്കും. ഇന്ത്യയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള പ്രമുഖകർ ചടങ്ങിൽ പങ്കെടുക്കും.

തുടർന്നു നടക്കുന്ന കലാപരിപാടികളാണ് മറ്റൊരു പ്രധാന ആകർഷണം. നിരവധി പ്രതിഭകളെ അണിനിരത്തി നൃത്തസന്ധ്യ, സംഗീതവിരുന്ന് എന്നിവ അരങ്ങേറും. ലോകപ്രശസ്ത ഗായകൻ ചാൾസ് ആന്റണിയുടെ സംഗീതവിരുന്ന് അവതരിപ്പിക്കും. സംഗീതത്തിന് ഭാഷയുടെ അതിർവരമ്പുകളില്ലെന്ന് നമ്മെ ഓർമിപ്പിക്കുന്ന ചാൾസ് ആന്റണി 18 വിദേശ ഭാഷകളിൽ പാടുന്ന സോളോ പെർഫോമറാണ്. ഇംഗ്ലീഷ്, സ്പാനിഷ് , ഇറ്റാലിയൻ, ഫ്രഞ്ച്, റഷ്യൻ തുടങ്ങിയ ഭാഷാ ഗാനങ്ങളാണ് ചാൾസിന്റെ സോളോ പെർഫോമൻസിൽ നിറയുന്നത്. ഗിത്താറിന്റെയും മൗത്ത് ഓർഗന്റെയും അകമ്പടിയോടെയാണ് ചാൾസ് ശ്രോതാക്കൾക്ക് സംഗീത വിരുന്ന് ഒരുക്കുന്നത്. മറഡോണ, സച്ചിൻ ടെൻഡുൽക്കർ, മോഹൻലാൽ തുടങ്ങിയവർക്കൊക്കെ പ്രിയങ്കരനാണ് ഈ കലാകാരൻ.

പരിപാടിയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ചെയർമാൻ ജെയിംസ് കൂടൽ, എഡിറ്റർ ഇൻ ചീഫ് ഹരി നമ്പൂതിരി, ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ തോമസ് സ്റ്റീഫൻ എന്നിവർ അറിയിച്ചു.

2002ൽ ഗ്ലോബൽ ഇന്ത്യൻ ആഘോഷവും പുരസ്‌കാര വിതരണവും 'ഉണർവ്' എന്ന പേരിൽ പത്തനാപുരം ഗാന്ധിഭവനിലായിരുന്നു നടന്നത്. പോയവർഷം ഗ്ലോബൽ ഇന്ത്യൻ പ്രത്യേക പുരസ്‌കാരം പത്തനാപുരം ഗാന്ധിഭവൻ, സേവനശ്രീ പുരസ്‌കാരം വേൾഡ് മലയാളി കൗൺസിൽ, ഹരിതശ്രീ പുരസ്‌കാരം ജോർജ് കുളങ്ങര, കർമശ്രീ പുരസ്‌കാരം ഡോ. എം.എസ്. സുനിൽ, മാധ്യമശ്രീ പുരസ്‌കാരം സേതുലക്ഷ്മി, യുവശ്രീ പുരസ്‌കാരം സുജിത്ത് കെ. ജെ എന്നിവരാണ് ഏറ്റുവാങ്ങിയത്. ആരോഗ്യമന്ത്രി വീണാ ജോർജ്, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ മോൻസ് ജോസഫ്, കെ. യു. ജനീഷ്‌കുമാർ, പുനലൂർ സോമരാജൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന കലാമാമങ്കത്തിന് കനൽ ബാൻഡ് നേതൃത്വം നൽകി.