- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യുവിന് ചേംബർ ഓഫ് കൊമേഴ്സിന്റെ ആദരം
ഹ്യൂസ്റ്റൺ: സ്റ്റാഫോർഡ് സിറ്റിയുടെ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ട കെൻ മാത്യുവിന് സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സ് പ്രൗഢഗംഭീരമായ സ്വീകരണം നൽകി. ഹ്യൂസ്റ്റണിലുള്ള ചേംബർ ഓഫ് കൊമേഴ്സിന്റെ കോർപറേറ്റ് ഓഫീസിലായിരുന്നു സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.
സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ബേബി മണക്കുന്നേൽ അധ്യക്ഷനായിരുന്നു. യു എസിലെ രാഷ്ട്രീയ രംഗത്ത് പഴയ തലമുറയ്ക്കൊപ്പം പുതിയ തലമുറയും പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 12 വർഷമായി ചേംബറിന്റെ പ്രവർത്തനങ്ങളിൽ താങ്ങും തണലുമായി നിന്ന കെൻ മാത്യുവിന്റെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.
17 വർഷം കൗൺസിലിൽ പ്രവർത്തിച്ച പ്രവർത്തന പരിചയവും കെൻ മാത്യുവിന്റെ സ്വഭാവഗുണങ്ങളുമാണ് അദ്ദേഹത്തെ മേയർ പദവിയിലേക്ക് ജനങ്ങൾ തെരഞ്ഞെടുക്കാൻ കാരണമായതെന്ന് മിസൂറി സിറ്റി മേയറും മലയാളിയുമായ റോബിൻ ഇലയ്ക്കാട് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. അമേരിക്കയുടെ എല്ലാ മേഖലകളിലും ഇന്ത്യാക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ സാന്നിധ്യം കൂടുതലായി കടന്നുവരുന്നതിനെ അദ്ദേഹം പ്രശംസിച്ചു. അമേരിക്കൻ മണ്ണിൽ മലയാളികൾക്ക് ഒരു സ്ഥാനമുണ്ടെന്നും ഇവിടെ കൂടുതൽ പ്രവർത്തിക്കാനുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മുൻ പ്രസിഡന്റ് ജിജി ഓലിക്കൽ മേയർ കെൻ മാത്യുവിനെ സദസിനു പരിചയപ്പെടുത്തി.
കഴിഞ്ഞ 12 വർഷമായി ഇന്ത്യൻ പൊതു സമൂഹവുമായി ചേർന്നു പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ചെംബറിന്റെ ഒപ്പം നിന്ന് പ്രവർത്തിക്കുന്ന ആളാണ് താനെന്നും സംഘടന നൽകിയിട്ടുള്ള എല്ലാ പിന്തുണയ്ക്കും നന്ദി പറയുന്നതായും മേയർ കെൻ മാത്യു മറുപടി പ്രസംഗത്തിൽ പറഞ്ഞു. അമേരിക്കയിലെ ചേംബർ ഓഫ് കൊമേഴ്സിന്റെ പ്രവർത്തനങ്ങളെ ശ്ലാഘിച്ച അദ്ദേഹം, സംഘടനയുടെ തുടർപ്രവർത്തനങ്ങളിൽ തന്റെ പിന്തുണയും സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. സംഘടന സമൂഹത്തിനു നൽകുന്ന സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. തിരഞ്ഞെടുപ്പിൽ സംഘടന നൽകിയ പിന്തുണ അദ്ദേഹം അനുസ്മരിച്ചു.
അമേരിക്കയിലെ രണ്ടു നഗരങ്ങളുടെ മേയർമാർ മലയാളികളാണെന്നുള്ളത് ഇന്ത്യാക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് ഏറെ അഭിമാനകരമാണെന്ന് സ്വീകരണ പരിപാടിയുടെ മുഖ്യസംഘാടകനും ചേംബർ ഓഫ് കൊമേഴ്സിന്റെ മുൻ പ്രസിഡന്റുമായ ഡോ. ജോർജ് കാക്കനാട്ട് പറഞ്ഞു. ഹൂസ്റ്റണോഡ് ചേർന്നുള്ള മിസ്സൂറി സിറ്റിയിലും സ്റ്റാഫ്ഫോർഡിലും ആണ് നിലവിൽ മലയാളി മേയർമാരുള്ളത്.
നിരവധി മലയാളികൾ അമേരിക്കൻ ഭരണസംവിധാനത്തിലും രാഷ്ട്രീയ രംഗത്തും നീതിന്യായ വ്യവസ്ഥയിലും സ്തുത്യർഹമായ സേവനം അനുഷ്ടിക്കുന്നു. ഫോർട്ടിമെൻ കൗണ്ടി ജഡ്ജി കെ പി ജോർജ്, മറ്റ് ജഡ്ജിമാരായ ജൂലി മാത്യൂ, സുരേന്ദ്രൻ പട്ടേൽ തുടങ്ങിയവർ മലയാളികൾക്ക് അഭിമാനമാണ്. നിരവധി നഗരങ്ങളിൽ കൗൺസിലർമാരായി നിരവധി മലയാളികൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അമേരിക്കൻ ഭരണസംവിധാനത്തിൽ മലയാളികളുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമാണെന്ന് ഡോ. ജോർജ് കാക്കനാട്ട് അഭിപ്രായപ്പെട്ടു.
സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സ് ജോയിന്റ് സെക്രട്ടറി ചാക്കോ തോമസ് സ്വാഗതവും മുൻ പ്രസിഡന്റ് സണ്ണി കാരിക്കൽ നന്ദിയും പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോജി ജോസഫ്, ഫോമ ഫൗണ്ടർ പ്രസിഡന്റ് ശശിധരൻ നായർ, വേൾഡ് മലയാളി കൗൺസിലിനെ പ്രതിനിധീകരിച്ച് എസ് കെ ചെറിയാൻ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിനെ പ്രതിനിധികരിച്ച് ജീമോൻ റാന്നി, ഇന്ത്യാ പ്രസ് ക്ലബ് പ്രതിനിധി അനിൽ ആറന്മുള, ഹൂസ്റ്റൻ ക്നാനായ കാത്തലിക്ക് സൊസൈറ്റി പ്രസിഡന്റ് തോമസ് ചെറുകര, സ്റ്റാഫോഡിൽ മത്സരിച്ച ഡോ. മാത്യു വൈരമൺ, പൊന്നു പിള്ള, ഷീല ചെറു, ജോർജ് ജോസഫ്, മൈസൂർ തമ്പി, ഡോ .സാം ജോസഫ് എന്നിവർ പ്രസംഗിച്ചു.