ന്യൂയോർക്ക്: കുടുംബ പാരമ്പര്യം കാത്തു സൂക്ഷിക്കുക എന്നത് ഏതൊരു മലയാളിയെ സംബന്ധിച്ചും അഭിമാനത്തിന്റെ പ്രശ്‌നമാണ്. ഒരുവിധം പ്രശസ്തമായ കുടുംബത്തിൽപ്പെട്ട ഒരു വ്യക്തിയാണെങ്കിൽ അവരുടെ കുടുംബപ്പേരിൽ അറിയപ്പെടുക എന്നത് അവർക്കു അതൊരു അഭിമാനമാണ്. പൊതുവെ ക്രിസ്തീയ കുടുംബങ്ങളിലാണ് കുടുംബ നാമത്തിൽ അറിയപ്പെടുവാൻ ആഗ്രഹിക്കുന്നവർ അധികമായുള്ളത്. എന്നാൽ പഴയ ചില നമ്പൂതിരി കുടുംബങ്ങളിൽപെട്ടവർ അവരുടെ 'മന'-യുടെ പേരിലാണ് അറിയപ്പെടുന്നത്. അതിനാൽ തന്നെ പല കുടുംബങ്ങളും അവരവരുടെ പൈതൃകവും പാരമ്പര്യവും കാത്തു സൂക്ഷിക്കുന്നതിനായി മൂലവേരിൽ അറിയപ്പെടുന്ന കുടുംബങ്ങളുടെ പേരിൽ കുടുംബയോഗങ്ങളും അവരുടെ ശാഖാ കുടുംബങ്ങളെ ഉൾപ്പെടുത്തി കുടുംബയോഗ സംഗമങ്ങളും പലയിടങ്ങളിലായി സംഘടിപ്പിക്കാറുണ്ട്.

കേരളത്തിൽ പലയിടങ്ങളിലും വൻ ബസ്സിനെസ്സുകാർ അവരുടെ കുടുംബപ്പേരിലാണ് ബിസ്സിനെസ്സ് വികസിപ്പിച്ചിരിക്കുന്നത്. ഉദ്ദാഹരണത്തിന്, മുത്തൂറ്റ്, പൊയ്കാലിൽ, മലയിൽ, ആലപ്പാട്ട്, ആലുക്കാസ്, ചെമ്മണ്ണൂർ തുടങ്ങിയുള്ള ബിസ്സിനെസ്സ്‌കാർ അവരുടെ കുടുംബപ്പേർ നിലനിർത്തിയാണ് മുന്നേറുന്നത്. ഓരോ പ്രദേശത്തുള്ള കുടുംബക്കാർ വിവിധ പ്രദേശങ്ങളിലേക്ക് കുടിയേറി പാർക്കുവാൻ തുടങ്ങിയപ്പോൾ കുടുംബത്തിന്റെ മൂലവേരുള്ള പ്രദേശത്തിന്റെ പേരുകൂടി ചേർത്ത് കുടുംബയോഗങ്ങൾ നടത്തുന്നുണ്ട്.

ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയാലും അവരവരുടെ കുടുംബ ശാഖകളിൽപെട്ടവരെ കോർത്തിണക്കി പലരും വർഷങ്ങളായി കുടുംബയോഗങ്ങൾ നടത്തിവരുന്നുണ്ട്. അങ്ങനെ മൂന്നര പതിറ്റാണ്ടുകളായി ന്യൂയോർക്കിൽ സംഗമിച്ചു വരുന്ന ഒരു കുടുംബയോഗമാണ് 'അയിരൂർ നടുവില്ലം' കുടുംബയോഗം. പ്രസ്തുത 'അയിരൂർ നടുവില്ലം' കുടുംബയോഗത്തിന്റെ വിവിധ ചാപ്റ്ററുകളും അമേരിക്കയിൽ വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്.

അമേരിക്കയിലും മറ്റ് വിദേശ രാജ്യങ്ങളിലും ജനിച്ചു വളരുന്ന പുതു തലമുറയിൽപ്പെട്ട പലരും ഇത്തരം കുടുംബ യോഗങ്ങളെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും അജ്ഞരാണ് എന്നതാണ് സത്യാവസ്ഥ. എന്നാൽ ഇത്തരം കൂടിവരവുകളും സംഗമങ്ങളും വ്യക്തികൾ തമ്മിലുള്ള കുടുംബ ബന്ധങ്ങൾ മനസ്സിലാക്കാനും പരസ്പരം പരിചയപ്പെടാനുമുള്ള അവസരങ്ങൾ ഒരുക്കുന്നുണ്ട്.

'അയിരൂർ നടുവില്ലം' കുടുംബയോഗത്തിന്റെ ന്യൂയോർക്ക് ചാപ്റ്റർ കഴിഞ്ഞ 32 വർഷത്തിലധികമായി നടത്തിവരുന്ന കുടുംബ സംഗമ പിക്നിക് ഈ വർഷവും പൂർവാധികം ഭംഗിയായി നടത്തുവാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരികയാണ്. നടുവില്ലം കുടുംബത്തിലും അതിന്റെ ശാഖാ കുടുംബങ്ങളിലും പെട്ട എല്ലാവരും പ്രസ്തുത വാർഷിക പിക്‌നിക്കിൽ വന്നു സംബന്ധിക്കണമെന്ന് സംഘാടകർ ആഗ്രഹിക്കുന്നു. ഓഗസ്റ്റ് 5 ശനിയാഴ്ച രാവിലെ 9 മുതൽ ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് ഹെംപ്സ്റ്റഡ് ലെയ്ക്ക് പാർക്കിൽ (Hempstead Lake State Park, Eagle Avenue, West Hempstead, NY 11552) നടത്തപ്പെടുന്ന വാർഷിക പിക്നിക് കൂടിവരവിനുള്ള ഒരു അവസരമായി കണക്കാക്കി എല്ലാ നടുവില്ലം കുടുംബാംഗങ്ങളും ശാഖാ കുടുംബാംഗങ്ങളും വന്നു ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു. അയിരൂർ നടുവില്ലം കുടുംബയോഗത്തിലെ മറ്റ് ശാഖാ കുടുംബങ്ങൾ ഇവയാണ്: കക്കുഴിയിൽ, ചെറിയ ചങ്ങായിൽ, ചാരങ്ങനെത്ത്, കല്ലുപുരയിൽ, തേപ്പുകല്ലുങ്കൽ, ഒറ്റപ്പിലാ മൂട്ടിൽ, പഴമണ്ണിൽ നിരന്നനിലത്ത്, കോട്ടയിൽ, ഊളകാവിൽ, പൊന്മക്കൽ, മലയിൽ, നള്ളത്ത്, ചാരകുന്നേൽ, പണിക്കർ വീട്.

ഇതിലേതെങ്കിലും കുടുംബങ്ങളിൽ പെട്ടിട്ടുള്ളവർ പിക്നിക്കിന് എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് മുൻകൂട്ടി ബന്ധപ്പെടുക: (1) C. V . Simonkutty - 516-987-0596 (2) M. Thomas - 917-741-1747 (3) Saju David - 516-581-4365 (4) Anil Mathew - 516-996-6065 (5) Mathew Thomas (Babu) - 917-539-1652.