ഹൂസ്റ്റൺ: റിവർസ്റ്റോൺ മലയാളികളുടെ കൂട്ടായ്മയായ 'ഒരുമ' സെപ്റ്റംബർ ഒമ്പതാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മുതൽ മിസ്സോറി സിറ്റി സെന്റ് തോമസ് ഓർത്തഡോക്സ് ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായ രീതിയിൽ ഓണാഘോഷം നടത്തും.

സ്വന്തം നാടിന്റെ ഓർമ്മയിലൂടെയുള്ള യാത്രയായി അനുഭവപ്പെടുന്ന മെഗാ ഓണസംഗമത്തിൽ കുട്ടികളുടേയും മുതിർന്നവരുടേയും കലാപരിപാടികൾക്കൊപ്പം നാടിന്റെ വിവിധ പ്രദേശങ്ങളിലുള്ള കായിക വിനോദങ്ങളും, കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് പ്രതിനിധാനം ചെയ്യുന്ന ഇരുന്നൂറിൽപ്പരം കുടുംബങ്ങളിൽ നിന്നുള്ള അംഗങ്ങൾ 'ഒരുമ'യിൽക്കൂടി ഒത്തുചേരുന്നതാണ്.

ഒരുമ പ്രസിഡന്റ് ആന്റു വെളിയേത്തിന്റെ അധ്യക്ഷതയിൽ കൂടുന്ന ആഘോഷ പരിപാടികൾ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ഉദ്ഘാടനം ചെയ്യും. ഡോ. ടോം. ജെ. വളിക്കോടത്ത് വിശിഷ്ടാതിഥിയായിരിക്കും.

അഞ്ഞൂറോളം അംഗങ്ങൾക്കുള്ള ഓണസദ്യ ഒരുക്കുന്നതിനായി കമ്മിറ്റി അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു. കലാപരിപാടികൾക്കുള്ള പരിശീലനവും പുരോഗമിക്കുന്നു. സമീപ സ്ഥലങ്ങളിലുള്ള സ്ഥാപനങ്ങൾ ഒരുമയ്ക്ക് സഹായമായി സ്പോൺസർഷിപ്പ് നൽകുന്നതിൽ അഭിമാനിക്കുന്നു.

ഒരുമയുടെ ഓണാഘോഷം ഹൂസ്റ്റൺ മലയാളികൾക്ക് അഭിമാനമായി മാറുന്ന ഒന്നായിരിക്കുമെന്ന് പ്രസിഡന്റ് ആന്റു വെളിയത്ത്, സെക്രട്ടറി അനിൽ കിഴക്കേ വീട്ടിൽ , ട്രഷറർ സോണി പാപ്പച്ചൻ എന്നിവർ അറിയിച്ചു.

ഒരുമ പിആർഓ ജിൻസ് മാത്യു റാന്നി അറിയിച്ചതാണിത്.