സ്റ്റാംഫോർഡ്: ആശയങ്ങളാലും അറിവുകളാലും സമ്പുഷ്ടമായ ചർച്ചകളായിരുന്നു ദ്വിദിന രാജ്യാന്തര മാധ്യമ സമ്മേളനത്തിന്റെ പ്രത്ത്യേകത. അച്ചടി, ടിവി, ഓൺലൈൻ മാധ്യമ പ്രവർത്തകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അവസരങ്ങളെപ്പറ്റിയും സെമിനാറുകളും ചർച്ചകളും നടന്നു. ഓൺലൈൻ മാധ്യമങ്ങൾ ശക്തമായ സാന്നിധ്യമറിയിച്ച ഇക്കാലത്തു പത്ര-ദൃശ്യ മാധ്യമങ്ങളുടെ പ്രസക്തിയെ കുറിച്ചുള്ള ചർച്ചകൾക്ക് ചൂടേറി. കണക്ടികട്ടിലെ സ്റ്റാംഫോർഡിലെ ഹിൽട്ടൺ ഹോട്ടലിൽ നടന്ന സമ്മേളനത്തിൽ ഇന്ത്യയിൽ നിന്നും അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമുള്ള മാധ്യമ പ്രവർത്തകർ പങ്കെടുത്തു.

ചെയർമാൻ കമലേഷ് മേത്ത, ഫൗണ്ടർ ചെയർമാൻ ജിൻസ്‌മോൻ സക്കറിയ, ബോർഡ് സെക്രട്ടറി അജയ് ഘോഷ്, ജെനറൽ സെക്രട്ടറി സി.ജി. ഡാനിയേൽ അഡ്വക്കേറ്റ് ജയശങ്കർ, 24 ന്യൂസ് എഡിറ്റർ ഇൻ ചാർജ് പിപി ജെയിംസ്, 24 ന്യൂസ് അസ്സിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റർ വി. അരവിന്ദ്, കവയിത്രിയും ചലച്ചിത്ര താരവുമായ മീര നായർ, ഐഎപിസി ഡയറക്റ്റർ ഡോ.മാത്യു ജോയ്സ് എന്നിവർ ചേർന്ന് തിരി തെളിച്ചതോടെയാണ് ഔദ്യോഗിക പരിപാടികൾക്ക് തുടക്കമായത്.

വസ്തുതകളും സത്യങ്ങളും തുറന്നു കാണിച്ചു മാധ്യമ പ്രവർത്തകർ ജനാധിപത്യത്തിനു അടിത്തറ പാകണമെന്നു ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ സുജാത ഗഡ്കർ-വിൽകോക്സ് പറഞ്ഞു. നിയമ വകുപ്പിന്റെ ചെയർമാനും ക്വിന്നിപിയാക്ക് യൂണിവേഴ്സിറ്റിയിലെ നിയമപഠനത്തിന്റെ അസോസിയേറ്റ് പ്രൊഫസറുമായ സുജാത കണക്റ്റിക്കട്ടിലെ മനുഷ്യാവകാശ കമ്മീഷണർ കൂടിയാണ്. നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിലൂടെ മനുഷ്യാവകാശങ്ങളെ ശക്തിപ്പെടുത്താനുള്ള അവസരമാണ് മാധ്യമ പ്രവർത്തനമെന്നും അവർ കൂട്ടിച്ചേർത്തു.

തുടർന്ന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നു. ഐഎപിസിയിൽ അംഗമായവർക്ക് ഫൗണ്ടർ ചെയർമാൻ ജിൻസ്‌മോൻ സക്കറിയ സത്യവാചകം ചൊല്ലിക്കൊടുത്തു. ചെയർമാൻ കമലേഷ് മേത്ത അംഗത്വ സർട്ടിഫിക്കറ്റുകളും ഐഡി കാർഡുകളും വിതരണം ചെയ്തു. 24 ന്യൂസ് എഡിറ്റർ ഇൻ ചാർജ് പിപി ജെയിംസ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റർ വി. അരവിന്ദ്, കവയിത്രിയും നടിയുമായ മീര നായർ എന്നിവർ ആശംസകൾ പറഞ്ഞ ചടങ്ങിൽ ഐഎപിസിയുടെ ട്രെഷറർ ജോജി കാവനാൽ നന്ദി പ്രസംഗം നടത്തി. തുടർന്ന് ഹെഡ്ജ് എന്റർടൈന്മെന്റ് അവതരിപ്പിച്ച ചലച്ചിത്ര താരങ്ങളുടെ നേതൃത്വത്തിലുള്ള നൃത്ത സംഗീത നിശ റിഥം 2023 അരങ്ങേറി.

ചൂടേറിയ ചർച്ചകളോടെയായിരുന്നു രണ്ടാം ദിനത്തിന്റെ ആരംഭം. സാമൂഹ്യ മാധ്യമങ്ങളുടെ ജന ജീവിതത്തിൽ ഉള്ള ഇടപെടലുകളെക്കുറിച്ചായിരുന്നു ചർച്ച. ഡോ. മാത്യു ജോയ്സ് നയിച്ച സംവാദത്തിൽ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ.ജയശങ്കർ മാധ്യമ പ്രവർത്തകനും കോളമിസ്റ്റുമായ കോരസൺ വർഗീസ്, പത്രപ്രവർത്തകനായ ജോസഫ് ജോൺ കാൽഗറി, സോഷ്യൽ മീഡിയ ഇൻഫ്‌ളുൻസർ നിഷാ ജൂഡ്, ഡോ. ആലിസ് മാത്യു, കവയിത്രിയും ചലച്ചിത്ര താരവുമായ മീര നായർ എന്നിവർ പങ്കടുത്തു. സാമൂഹ്യ മാധ്യമങ്ങളുടെ വരവോടെ വാർത്തകളുടെ ജനാധിപത്യ വൽക്കരണം സംഭവിച്ചുവെന്ന് 24 എഡിറ്റർ ഇൻ ചീഫ് പിപി ജെയിംസ് വിലയിരുത്തി. സാമൂഹ്യ മാധ്യമങ്ങളുടെ വരവ് മുഖ്യധാരാ മാധ്യമങ്ങളുടെ പ്രാധാന്യം കുറച്ചിട്ടില്ലെന്നും വിശ്വാസ്യതയാണ് ഒരു മാധ്യമത്തെ സംബന്ധിച്ച് പ്രധാനമെന്നും ചർച്ച വിലയിരുത്തിയ 24 ന്യൂസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റർ വി അരവിന്ദ് പറഞ്ഞു.

തുടർന്ന് ഇന്ത്യയിലെ നൂറ്റി ഇരുപത്തഞ്ചിൽ പരം ഇന്ത്യൻ കമ്പനികളുടെ മോട്ടിവേഷണൽ ട്രെയ്‌നർ ആയ അനിൽ ഭട്‌നഗറുടെയുംഡിഫമേഷൻ നിയമങ്ങളെക്കുറിച്ചു സുപ്രീം കോർട്ടിലെ മുതിർന്ന അഭിഭാഷകനായ അശോക് അറോറയും ക്ലാസുകൾ എടുത്തു.

സമാപന സമ്മേളനത്തിൽ ടെലിവിഷൻ അവതാരകയും ബിസിനസുകാരിയുമായ മീര ഗാന്ധിയായിരുന്നു മുഖ്യ പ്രഭാഷക. ധ്രുവീകൃത ലോകത്ത് മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ചു സംസാരിച്ച മീര ഗാന്ധി വരുന്ന തലമുറക്ക് വേണ്ടി മാധ്യമങ്ങൾ നിക്ഷ്പക്ഷമായി നിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഓർമിപ്പിച്ചു.

ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നേടിയ ബിസിനസ്‌കാരനായ വിനയ് മഹാജൻ, മാധ്യമപ്രവർത്തകയും ബിസിനെസ്സ്‌കാരിയുമായ മീര ഗാന്ധി, ആരോഗ്യ പ്രവർത്തകരായ ഡോ സമ്പത് ശിവൻകി, ഡോ രേണു എബ്രഹാം വർഗീസ് എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ഡോ എച്ആർ ഷായ്ക്ക് വേണ്ടി ഐഎപിസി ബോർഡ് സെക്രട്ടറി അജയ് ഘോഷ് പുരസ്‌കാരം ഏറ്റുവാങ്ങി. പുരസ്‌കാര ജേതാവ് ഷാജൻ സ്‌കറിയ ചടങ്ങിനെത്തിയില്ല.
കോളമിസ്റ്റും മാധ്യമ പ്രവർത്തകനുമായ കോരസൺ വർഗീസ്, യൂട്ഊബർ ഡോ.ആലിസ് മാത്യു, എഴുത്തുകാരിയും , അഭിനയത്രിയുമായ മീര നായർ എന്നിവർ സോഷ്യൽ മീഡിയ ഇൻഫ്‌ളുൻസർ പുരസ്‌കാരം ഏറ്റുവാങ്ങി.ഉപന്യാസ രചന മത്സരത്തിൽ സീനിയർസ് വിഭാഗത്തിൽ ഗൗതം കൃഷ്ണ സജിയും, ജൂനിയർ വിഭാഗത്തിൽ സമീര കാവലും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

അഡ്വ എ ജയശങ്കർ, ഐഎപിസി ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ജേക്കബ് കുടശ്ശനാട്,ഐഎപിസി അംഗം ജെയിംസ് ചാക്കോ എന്നിവർ ആശംസകൾ നേർന്നു. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആസാദ് ജയന്റെ നന്ദി പ്രസംഗത്തോടെ ഔദ്യാഗിക പരിപാടികൾ അവസാനിച്ചു. തുടർന്ന് അത്താഴ വിരുന്നും സംഘടിപ്പിച്ചിരുന്നു.

ചെയർമാൻ കമലേഷ് മേത്ത, ജെനറൽ സെക്രട്ടറി സി.ജി ഡാനിയേൽ, എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ആസാദ് ജയൻ, വൈസ് പ്രസിഡന്റുമാരായ ആനി ചന്ദ്രൻ, നീതു തോമസ്, ഷിബി റോയ്, ട്രെഷറർ ജോജി കാവനാൽ, മുൻ പ്രസിഡന്റ് ഡോ. എസ്.എസ് ലാൽ, പിആർഓ ട്രീസ ടോം, സെക്രട്ടറിമാരായ അനിത നവീൻ, ജോയ് പല്ലാട്ടുമഠം, ഷാൻ ജെസ്‌റ്‌സ്, രൂപ്സി നാരുല, ജോയിന്റ് ട്രെഷറർ ബിൻസ് മണ്ഡപം, നാഷണൽ കോ-ഓർഡിനേറ്റർമാരായ ആൻ എബ്രഹാം, തോമസ് മാത്യു, സുനിൽ മഞ്ഞനിക്കര, ഹേമ വിരാനി, ബൈജുമോൻ ജോർജ്, വൈസ് ചെയർമാൻ മീന ചിറ്റിലപ്പള്ളി, ബോർഡ് സെക്രട്ടറി, ഫൗണ്ടർ ചെയർമാൻ ജിൻസ്‌മോൻ പി സഖറിയ, ഡയറക്റ്റർമാരായ സ്വപ്ന ജോയ്, ആഷ്ലി ജോസഫ്, ഡോ.റെനി മെഹ്റ, സംഗീത ദുവ, ഡോ.ജോസഫ് എം ചാലിൽ, സാബു കുരിയൻ, ജോസഫ് ജോൺ, ഡോ.മാത്യു ജോയ്സ്, പ്രവീൺ ചോപ്ര, ഡോ.പി.വി ബൈജു, മിലി ഫിലിപ്പ്, റെജി ഫിലിപ്പ്, മിനി നായർ, തമ്പാനൂർ മോഹൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാധ്യമ ശില്പശാല സംഘടിപ്പിച്ചത്.