ന്യു യോർക്ക്: രണ്ടു ദശാബ്ദത്തെ മികവുറ്റ സേവന ചരിത്രമുള്ള മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) അടുത്ത രണ്ട് വർഷത്തെ പ്രസിഡന്റായി സാമുവൽ ഈശോയും (സുനിൽ ട്രൈസ്റ്റാർ) ജനറൽ സെക്രട്ടറിയായി ഷിജോ പൗലോസും, ട്രെഷറർ ആയി വിശാഖ് ചെറിയാനും, വൈസ് പ്രെസിഡന്റായി അനിൽകുമാർ ആറന്മുളയും, ജോയിന്റ് സെക്രട്ടറിയായി ആശാ മാത്യുവും, ജോയിന്റ് ട്രെഷററായി റോയി മുളകുന്നവും ജനുവരി ഒന്ന് മുതൽ സ്ഥാനമേല്ക്കും.

സ്ഥാനമൊഴിയുന്ന ബിജു കിഴക്കെകുറ്റിന് പകരം അഡൈ്വസറി ബോർഡ് ചെയർമാനായി ഇപ്പോഴത്തെ പ്രസിഡന്റ് സുനിൽ തൈമറ്റം സ്ഥാനമേൽക്കും.

രണ്ട് പതിറ്റാണ്ടോളമായി അമേരിക്കയിലെ മലയാള മാധ്യമരംഗത്തിനുള്ള പിന്തുണയും, ഒപ്പം തന്നെ അമേരിക്കൻ മലയാളികളുടെ ഹൃദയ സ്പന്ദനങ്ങൾ ലോകത്തിനെ അറിയിക്കുന്ന മാധ്യമരംഗത്തു പ്രവർത്തിക്കുന്നവരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് മികവുറ്റ പ്രവർത്തനങ്ങൾ എക്കാലത്തെയും പോലെ തുടരുമെന്ന് പുതിയ ഭാരവാഹികൾ വ്യക്തമാക്കി. മാധ്യമപ്രവർത്തനത്തിനൊപ്പം സമൂഹ നന്മയുമെന്ന ലക്ഷ്യം സംഘടന തുടരും. കേരളത്തിലെ മുഖ്യധാര മാധ്യമപ്രവർത്തനവുമായുള്ള നല്ല ബന്ധവും തുടരും. ഇതിനു പുറമെ കേരള മീഡിയ അക്കാഡമിയുമായി സഹകരിച്ചു ജേർണലിസം വിദ്യാർത്ഥികൾക്കുള്ള പിന്തുണ നൽകുന്നതിനും, കേരളത്തിലെ പ്രെസ്സ്‌ക്ലബ്ബുകളുമായി സഹകരിക്കാനും, നാട്ടിലെ വിഷമതയനുഭവിക്കുന്ന മാധ്യമപ്രവർത്തകർക്ക് സഹായമെത്തിക്കുന്നതും തുടരും.

ഐ.പി.സി.എൻ.എ യുടെ ഏറ്റവും നല്ല ഒരു അന്താരാഷ്ട്ര കോൺഫറൻസ് മയാമിയിൽ ഒരുക്കിയ പ്രസിഡന്റ് സുനിൽ തൈമറ്റം പകർന്നു നൽകിയ ദീപനാളം ഏറ്റുവാങ്ങി നിലവിളക്ക് തെളിയിച്ച് നിയുക്ത പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ പ്രതീകാത്മകമായി സ്ഥാനമേറ്റിരുന്നു.