വാഷിങ്ടൺ ഡിസി: ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) യുടെ 2024-26 കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പിൽ, ഡോ. കല ഷഹിയുടെ പാനലിൽ നിന്ന് അസ്സോസിയേറ്റ് ട്രഷറർ സ്ഥാനത്തേക്ക് ടെക്‌സസിൽ നിന്നുള്ള സന്തോഷ് ഐപ്പ് മത്സരിക്കുന്നു. ഫ്രണ്ട്‌സ് ഓഫ് പെയർലാന്റ് മലയാളി അസ്സോസിയേഷന്റെ സ്ഥാപകാംഗമായ അദ്ദേഹം സംഘടനയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തൃശൂർ സ്വദേശിയായ സന്തോഷ് ഐപ്പ്, 2004 ലാണ് അമേരിക്കയിലെത്തുന്നത്. ഹ്യൂസ്റ്റണിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്ത ശേഷം റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് ചുവടു മാറ്റിയ ഐപ്പ്, നിലവിൽ മുഴുവൻ സമയ റിയൽറ്ററും ബിസിനസുകാരനുമാണ്. പെയർലാൻഡ് മലയാളി അസ്സോസിയേഷനിലൂടെ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും, സാമൂഹ്യ സേവന മേഖലയിൽ സജീവമാകുകയും ചെയ്തിട്ടുണ്ട്. ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഡോ. കല ഷഹി എന്നിവരുടെ നേതൃത്വത്തിൽ ഫൊക്കാന അതിന്റെ സുവർണ്ണകാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ, അതിന്റെ തുടർച്ചയാകാൻ ഈ മഹത്തായ സംഘടനയുടെ അടുത്ത കമ്മിറ്റിയിൽ പ്രവർത്തിക്കാനുള്ള അവസരം കൈവരുന്നതിൽ താൻ അങ്ങേയറ്റം അഭിമാനിക്കുന്നു എന്ന് സന്തോഷ് ഐപ്പ് പറഞ്ഞു. ഭാവിയിൽ നിരവധി പദ്ധതികൾ വിഭാവനം ചെയ്തുകൊണ്ടിരിക്കുന്ന പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ. കല ഷഹിയുടെ നേതൃത്വത്തിൽ അസ്സോസിയേറ്റ് ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന തന്നെ നിങ്ങളോരോരുത്തരുടേയും വിലയേറിയ വോട്ടുകൾ നൽകി വിജയിപ്പിക്കണമെന്നും അഭ്യർത്ഥിച്ചു.

വിവിധ രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള വ്യക്തിത്വങ്ങളെ ഫൊക്കാനയുടെ നേതൃത്വ നിരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമാണ് സന്തോഷ് ഐപ്പിന്റെ സ്ഥാനാർത്ഥിത്വമെന്ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി അഭിപ്രായപ്പെട്ടു. ചറുചുറുക്കുള്ള യുവ തലമുറയെ ഫൊക്കാനയുടെ അടുത്ത ഘട്ടത്തിലേക്ക് സജ്ജമാക്കുകയും, അവരെ അമേരിക്കൻ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുവാനും ഫൊക്കാന നൽകുന്ന പിന്തുണ വലുതാണ്. അത്തരത്തിൽ ഒരു ടീമിനെ വളർത്തിയെടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡോ. കല ഷഹി പറഞ്ഞു. അതിനായി സന്തോഷ് ഐപ്പിന്റെ പ്രവർത്തന വൈദഗ്ധ്യം ഫൊക്കാനയ്ക്ക് ഒരു മുതൽക്കൂട്ടാകുമെന്നും അവർ പറഞ്ഞു.

സന്തോഷ് ഐപ്പിന്റെ സ്ഥാനാർത്ഥിത്വം തങ്ങളുടെ പാനലിനും ഫൊക്കാനയ്ക്കും ഏറെ ഗുണപ്രദമാകുമെന്ന് സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി റോയ് ജോർജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാർത്ഥി ബിജു തൂമ്പിൽ, അസ്സോസിയേറ്റ് ട്രഷറർ സ്ഥാനാർത്ഥി സന്തോഷ് ഐപ്പ്, അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാർത്ഥി ഡോ. അജു ഉമ്മൻ, അഡീഷണൽ അസ്സോസിയേറ്റ് ടഷറർ സ്ഥാനാർത്ഥി ദേവസ്സി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാർത്ഥി നിഷ എറിക്, നാഷണൽ കമ്മിറ്റി അംഗങ്ങൾ, റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളായ ബെൻ പോൾ, ലിന്റോ ജോളി, റോയ് ജോർജ്, പ്രിൻസൺ പെരേപ്പാടൻ, ട്രസ്റ്റീ ബോർഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പൻ എന്നിവർ അഭിപ്രായപ്പെട്ടു.

കൂടുതൽ വിവരങ്ങൾക്ക്: ഡോ. കല ഷഹി 202 359 8427.