- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ജോൺ ബ്രിട്ടാസ് എംപി ഫൊക്കാന അന്താരാഷ്ട്ര കൺവൻഷനിൽ പങ്കെടുക്കും
വാഷിങ്ടൺ: അമേരിക്കൻ മലയാളി സംഘടനകളുടെ മാതൃസംഘടനയായ ഫെഡറേഷൺ ഓഫ് കേരള അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) യുടെ 21-ാം അന്താരാഷ്ട്ര കൺവൻഷനിൽ അതിഥിയായി രാജ്യസഭാംഗവും പ്രമുഖ മാധ്യമ പ്രവർത്തകനുമായ ജോൺ ബ്രിട്ടാസ് പങ്കെടുക്കും. കൺവൻഷനിൽ പങ്കെടുക്കുമെന്ന വിവരം അദ്ദേഹം ഫൊക്കാന ഭാരവാഹികളെ അറിയിച്ചു. 2024 ജൂലൈ 18 മുതൽ 20 വരെ വാഷിങ്ടൺ ഡി.സിയിൽ നടക്കുന്ന കൺവൻഷനിൽ കലാ-സാംസ്കാരിക-രാഷ്ട്രീയ-ചലച്ചിത്ര മേഖലയിലെ പ്രമുഖരടക്കം രണ്ടായിരത്തോളം പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് പ്രാഥമിക നിഗമനം.
രാജ്യസഭാ എം പിയായ ജോൺ ബ്രിട്ടാസിനെ മാധ്യമ രംഗത്തെ മുടിചൂടാമന്നൻ എന്നും വിശേഷിപ്പിക്കാവുന്നതാണ്. കൈരളി ടി വി ചാനലിന്റെ മാനേജിങ് ഡയറക്റ്ററായും സേവനമനുഷ്ഠിക്കുന്ന അദ്ദേഹം ബാബരി മസ്ജിദ് പൊളിക്കുന്നതു റിപ്പോർട്ട് ചെയ്തതിലൂടെയും, ഗുജറാത്ത് കലാപം റിപ്പോർട്ട് ചെയ്തതിലൂടെയും ലോകശ്രദ്ധ പിടിച്ചുപറ്റിയ മാധ്യമ പ്രവർത്തകനാണ്. ഇറാഖ് യുദ്ധം നടക്കുമ്പോൾ കൈരളി ചാനലിനു വേണ്ടി ഇറാഖിൽ നേരിട്ട് പോയി വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. നേപ്പാൾ തെരഞ്ഞെടുപ്പ്, പാക്കിസ്ഥാൻ രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 'മിനാരങ്ങൾ ധൂളികളായപ്പോൾ' എന്ന ബാബ്റി മസ്ജിദിന്റെ പതനത്തെക്കുറിച്ചുള്ള പ്രത്യേക റിപ്പോർട്ട് ലോക ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മാധ്യമ സംഘത്തിൽ അംഗമായി അമേരിക്ക, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
കണ്ണൂർ സ്വദേശിയായ ജോൺ ബ്രിട്ടാസ് തൃശൂർ ഡോൺബോസ്‌കോ റസിഡൻഷ്യൽ സ്‌കൂളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസവും തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും തുടർന്ന് തൃശ്ശർ കേരളവർമ്മ കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും, പയ്യന്നൂർ കോളേജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഡൽഹിയിൽ എം.ഫിൽ വിദ്യാർത്ഥിയായിരിക്കെ ദേശാഭിമാനിയുടെ ന്യൂഡൽഹി ബ്യൂറോ ചീഫായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആകാശവാണിയുടെ ഡൽഹി നിലയത്തിൽ വാർത്താ വായനക്കാരനായും പ്രവർത്തിച്ചിട്ടുണ്ട്. കൈരളിയിൽ ചേരുന്നതിനു മുമ്പ് ഏഷ്യാനെറ്റ് കമ്യൂണിക്കേഷൻസിന്റെ ബിസിനസ് ഹെഡായി പ്രവർത്തിച്ചിട്ടുണ്ട്.
മികച്ച അഭിമുഖകാരനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം, കെ.വി. ഡാനിയേൽ പുരസ്‌കാരം,ഗോയങ്ക ഫൗണ്ടേഷൻ ഫെലോഷിപ്പ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 'പരദേശി', 'തൂവാനത്തുമ്പികൾ' എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 'വെള്ളിവെളിച്ചം' എന്ന സിനിമയിൽ ആദ്യാമായി നായകനായി അഭിനയിച്ചു.
2023 ഏപ്രിലിൽ കേരളത്തിൽ വെച്ച് ഫൊക്കാന നടത്തിയ 40-ാമത് കേരള കൺവെൻഷനിൽ ഫൊക്കാനയുടെ മികച്ച പാർലമെന്റേറിയനുള്ള അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. തിരുവനന്തപുരത്ത് നടന്ന കൺവൻഷന്റെ
സമാപന സമ്മേളനത്തിലാണ് അദ്ദേഹത്തിന് പുരസ്‌ക്കാരം നൽകി ആദരിച്ചത്. ഡോ. ശശി തരൂർ എം പിയിൽ നിന്നാണ് അദ്ദേഹം അവാർഡ് ഏറ്റുവാങ്ങിയത്.
ജോൺ ബ്രിട്ടാസിനെപ്പോലെയുള്ള വ്യക്തിത്വങ്ങൾ ഫൊക്കാന കൺവൻഷനിൽ അതിഥിയായി എത്തുന്നത് ഫൊക്കാനയ്ക്ക് അഭിമാന നിമിഷങ്ങളായിരിക്കുമെന്നു മാത്രമല്ല, തങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവും പ്രചോദനവുമായിരിക്കുമെന്ന് പ്രസിഡന്റ് ബാബു സ്റ്റീഫനും മറ്റു കമ്മിറ്റി ഭാരവാഹികളും അഭിപ്രായപ്പെട്ടു.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. കല ഷഹി 202 359 8427.