ഒക്ലഹോമ സിറ്റി: ഗാര്‍ഹിക പീഡനക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജനപ്രതിനിധി ടൈ ബേണ്‍സ് രാജിവെക്കണമെന്ന് ഒക്ലഹോമ ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റ് ആവശ്യപ്പെട്ടു. പൊതുജനങ്ങളോടുള്ള പ്രതിബദ്ധത കണക്കിലെടുത്ത് ബേണ്‍സ് സ്ഥാനമൊഴിയണമെന്നും, ഇത്തരം കുറ്റകൃത്യങ്ങള്‍ ഗൗരവമായി കാണണമെന്നും ഗവര്‍ണര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം, ഗാര്‍ഹിക പീഡനത്തിനും ആക്രമണത്തിനും ബേണ്‍സ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി ഒക്ലഹോമ അറ്റോര്‍ണി ജനറല്‍ ഡ്രമ്മണ്ട് അറിയിച്ചിരുന്നു. നവംബര്‍ 2024, ഏപ്രില്‍ 25, 2025 തീയതികളില്‍ കുടുംബാംഗങ്ങളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസുകളിലാണ് 46-കാരനായ ബേണ്‍സ് കുറ്റക്കാരനാണെന്ന് തെളിഞ്ഞത്.

സംഭവത്തില്‍ ബേണ്‍സിന് ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചെങ്കിലും, പ്രൊബേഷന്‍ കാലയളവിലേക്ക് ഇത് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ശിക്ഷയുടെ ഭാഗമായി, ബേണ്‍സ് ഒരു ബാറ്ററേഴ്‌സ് ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കണമെന്നും കോടതി ഉത്തരവിട്ടു. 2018 മുതല്‍ ഒക്ലഹോമയിലെ 35-ആം ഹൗസ് ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് ടൈ ബേണ്‍സ്.