മേരിലാന്‍ഡ്: എന്‍എഫ്എല്‍ (NFL) താരം ഖൈറി ജാക്‌സണും സുഹൃത്തുക്കളും വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ യുവതിക്ക് കോടതി ശിക്ഷ വിധിച്ചു. 25 വയസ്സുകാരിയായ കോറി ക്ലിംഗിമാനാണ് ശിക്ഷിക്കപ്പെട്ടത്.

മൂന്ന് വര്‍ഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. ഇതില്‍ ഇതിനകം അനുഭവിച്ച 377 ദിവസത്തെ തടവ് കുറയ്ക്കും. ബാക്കി രണ്ട് വര്‍ഷത്തോളം അവര്‍ ജയിലില്‍ കഴിയണം.

2024 ജൂലൈയിലായിരുന്നു കായികലോകത്തെ നടുക്കിയ ഈ ദുരന്തം നടന്നത്. മേരിലാന്‍ഡിലെ പ്രിന്‍സ് ജോര്‍ജ്ജ് കൗണ്ടിയില്‍ വെച്ച് കോറി ഓടിച്ച കാര്‍ ഖൈറി ജാക്‌സണും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഇടിക്കുകയായിരുന്നു. മിനസോട്ട വൈക്കിംഗ്സ് താരം ഖൈറി ജാക്‌സണ്‍ (24), അദ്ദേഹത്തിന്റെ സഹപാഠികളായിരുന്ന ഐസയ ഹാസല്‍ (23), ആന്തണി ലിറ്റണ്‍ ജൂനിയര്‍ (24) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

അപകടസമയത്ത് കോറി ക്ലിംഗിമാന്‍ മണിക്കൂറില്‍ 109 മൈല്‍ (ഏകദേശം 175 കി.മീ) വേഗതയിലാണ് വാഹനമോടിച്ചിരുന്നതെന്നും അവര്‍ മദ്യപിച്ചിരുന്നതായും പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ തെളിയിച്ചു.പ്രതി മറ്റൊരു വാഹനത്തില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് ഇരകളുടെ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ഒരു പ്രമുഖ കായിക താരത്തിന്റെ ജീവന്‍ അപഹരിച്ച ഈ കേസില്‍ പ്രതിക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയെന്ന ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.