കൊളംബിയ, സൗത്ത് കരോലിന: ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സൗത്ത് കരോലിനയില്‍ പുതിയ നിയമം സെപ്തംബര് 1 നു പ്രാബല്യത്തില്‍ വന്നു. 'സൗത്ത് കരോലിന ഹാന്‍ഡ്‌സ്-ഫ്രീ ആന്‍ഡ് ഡിസ്ട്രാക്ടഡ് ഡ്രൈവിംഗ് ആക്റ്റ്' എന്ന് പേരിട്ടിട്ടുള്ള ഈ നിയമം ശ്രദ്ധയില്ലാത്ത ഡ്രൈവിംഗ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ മുന്നറിയിപ്പ് നല്‍കും. ആറ് മാസത്തെ മുന്നറിയിപ്പ് കാലയളവിന് ശേഷം, അതായത് 2026 ഫെബ്രുവരി 28 മുതല്‍ പിഴ ഈടാക്കും.

പുതിയ നിയമമനുസരിച്ച്, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ കൈകൊണ്ട് പിടിക്കാന്‍ അനുവാദമില്ല. സംസാരിക്കുന്നതിനോ, മെസ്സേജ് അയക്കുന്നതിനോ, വീഡിയോ കാണുന്നതിനോ, സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനോ ഫോണ്‍ കൈയില്‍ പിടിക്കുന്നത് നിയമവിരുദ്ധമാണ്. മൊബൈല്‍ ഫോണിന് പുറമെ, പോര്‍ട്ടബിള്‍ കമ്പ്യൂട്ടറുകള്‍, ജിപിഎസ് ഉപകരണങ്ങള്‍, ഇലക്ട്രോണിക് ഗെയിമുകള്‍ തുടങ്ങിയവയ്ക്കും ഈ നിയമം ബാധകമാണ്.

നിയമം ലംഘിക്കുന്നവര്‍ക്ക് ആദ്യ തവണ 100 ഡോളര്‍ പിഴ ചുമത്തും. മൂന്ന് വര്‍ഷത്തിനുള്ളില്‍ വീണ്ടും നിയമലംഘനം നടത്തിയാല്‍ 200 ഡോളര്‍ പിഴയും ഡ്രൈവിംഗ് റെക്കോര്‍ഡില്‍ രണ്ട് പോയിന്റ് കുറവും ഉണ്ടാകും. നിയമം ലംഘിക്കാതെ ഫോണ്‍ ഉപയോഗിക്കാന്‍ ഹാന്‍ഡ്‌സ് ഫ്രീ ഓപ്ഷനുകളോ ബ്ലൂടൂത്ത് സംവിധാനങ്ങളോ ഉപയോഗിക്കാവുന്നതാണ്.

അപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതില്‍ ഈ നിയമം ഒരു നിര്‍ണായക പങ്കുവഹിക്കുമെന്ന് സൗത്ത് കരോലിന ഹൈവേ പട്രോള്‍ വക്താവ് കോര്‍പ്പറല്‍ ഡേവിഡ് ജോണ്‍സ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പ്രധാന റോഡുകളിലും പുതിയ നിയമത്തെക്കുറിച്ചുള്ള ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്തെ മറ്റ് 30-ഓളം സംസ്ഥാനങ്ങളില്‍ സമാനമായ നിയമങ്ങള്‍ നിലവിലുണ്ട്.