കൊളംബിയ: അമേരിക്കയിലെ ദക്ഷിണ കരോലിനയില്‍ മീസില്‍സ് (അഞ്ചാംപനി) രോഗബാധ പടരുന്നു. കഴിഞ്ഞ ഒക്ടോബറിന് ശേഷം സംസ്ഥാനത്ത് 646 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 88 കേസുകള്‍ കഴിഞ്ഞ നാല് ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തവയാണ്.

മീസില്‍സ് രോഗത്തെ രാജ്യം പൂര്‍ണ്ണമായും തുടച്ചുനീക്കി എന്ന പദവി അമേരിക്കയ്ക്ക് ഇതോടെ നഷ്ടമായേക്കും. 2000-ലാണ് യുഎസ് ഈ നേട്ടം കൈവരിച്ചത്.

നിരീക്ഷണത്തില്‍: രോഗം പടരുന്ന പശ്ചാത്തലത്തില്‍ 15 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളടക്കം അഞ്ഞൂറിലധികം പേര്‍ നിരീക്ഷണത്തിലാണ് . ക്ലെംസണ്‍, ആന്‍ഡേഴ്‌സണ്‍ സര്‍വകലാശാലകളിലേക്കും രോഗം വ്യാപിച്ചിട്ടുണ്ട്.

വാക്‌സിനേഷന്‍ എടുക്കുന്നവരുടെ എണ്ണത്തിലുണ്ടായ കുറവാണ് രോഗം ഇത്രത്തോളം പടരാന്‍ കാരണമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രോഗബാധിതരില്‍ ഭൂരിഭാഗവും വാക്‌സിന്‍ എടുക്കാത്ത കുട്ടികളാണ്.

മറ്റ് സംസ്ഥാനങ്ങള്‍: 2025-ല്‍ ടെക്‌സസില്‍ 700-ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ ഉട്ടാ, അരിസോണ എന്നിവിടങ്ങളിലും രോഗബാധയുണ്ട്.

വാക്‌സിന്‍ വിരുദ്ധ നിലപാടുകളിലൂടെ ശ്രദ്ധേയനായ കേന്ദ്ര ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയറിന്റെ പ്രസ്താവനകള്‍ വാക്‌സിനേഷന്‍ തോത് കുറയാന്‍ കാരണമായെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.