അലബാമ: ബര്‍മിംഗ്ഹാമിലെ അലബാമ സര്‍വകലാശാലയ്ക്ക് സമീപം നടന്ന കൂട്ട വെടിവയ്പ്പില്‍ കുറഞ്ഞത് നാല് പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.

ഒരു ജനപ്രിയ വിനോദ ജില്ലയില്‍ ഒരു കൂട്ടം ആളുകള്‍ക്ക് നേരെ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെടിവെച്ചവര്‍ക്കായി അധികൃതര്‍ തിരച്ചില്‍ തുടരുകയാണ്.

എഫ്ബിഐയുമായും മറ്റ് ഫെഡറല്‍ ഏജന്‍സികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5,000 ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്യുന്നതായും സംഭവത്തിന്റെ ഫോട്ടോകളും വീഡിയോകളും സമര്‍പ്പിക്കുന്നതിന് വെബ് പോര്‍ട്ടല്‍ തുറന്നിട്ടുണ്ടെന്നും പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.

നഗരത്തിലെ ഫൈവ് പോയിന്റ്‌സ് സൗത്ത് ഏരിയയില്‍ ശനിയാഴ്ച രാത്രി ഒന്നിലധികം ഷൂട്ടര്‍മാര്‍ ഒരു കൂട്ടം ആളുകള്‍ക്ക് നേരെ നിരവധി തവണ വെടിയുതിര്‍ത്തതായി ബര്‍മിംഗ്ഹാം പൊലീസ് ഓഫിസര്‍ ട്രൂമാന്‍ ഫിറ്റ്സ് ജെറാള്‍ഡ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു. നാലാമത്തെയള്‍ ആശുപത്രിയില്‍വെച്ചാണ് മരണപ്പെട്ടത്.

വെടിയേറ്റവരില്‍ നാല് പേര്‍ക്കെങ്കിലും ഗുരുതരമായി പരിക്കേറ്റതായി ജെറാള്‍ഡ് പറഞ്ഞു. തോക്കുധാരികള്‍ ഇരകളുടെ അടുത്തേക്ക് വന്നത് നടന്നാണോ അതോ വാഹനമോടിച്ചാണോ എന്നത് അന്വേഷിക്കുകയാണെന്നും പ്രതികളെ പിടികൂടാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാത്രി ജീവിതത്തിന് പേരുകേട്ടതാണ് ഫൈവ് പോയിന്റ്‌സ് സൗത്. ധാരാളം ആളുകള്‍ വിനോദത്തിനായി എത്തുന്ന ഇടം കൂടിയാണിത്. ഇവിടുത്തെ മഗ്‌നോളിയ അവന്യൂവിലാണ് വെടിവെപ്പ് നടന്നത്.വെടിയൊച്ചകള്‍ കേട്ടപ്പോള്‍ ഓട്ടോമേറ്റിക് തോക്കില്‍ നിന്നാണെന്ന് തോന്നിയതായി ആ സമയത്ത് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞു.

നാലോ അതിലധികമോ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന സംഭവത്തെ കൂട്ട വെടിവയ്പ്പായി നിര്‍വചിക്കുന്ന ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് അനുസരിച്ച്, ഈ വര്‍ഷം ഇതുവരെ യുഎസിലുടനീളം 400-ലധികം കൂട്ട വെടിവയ്പ്പുകള്‍ നടന്നിട്ടുണ്ട്.

ബര്‍മിംഗ്ഹാമിലെ സംഭവം, രണ്ട് മാസത്തിനിടെ നഗരത്തില്‍ നടക്കുന്ന രണ്ടാമത്തെ കൂട്ട വെടിവയ്പ്പും 2024 ലെ മൂന്നാമത്തെ നാലിരട്ടി കൊലപാതകവുമാണ്, Al.com റിപ്പോര്‍ട്ട് ചെയ്യുന്നു.