ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ മോറോൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ന്യൂയോർക്കിലെ ന്യൂഹൈഡ് പാർക്ക് ചെറി ലെയ്ൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ സെപ്റ്റംബർ 24 ശനിയാഴ്ച രാവിലെ വിശുദ്ധ കുർബ്ബാന അർപ്പിക്കും.

ശനിയാഴ്ച രാവിലെ 7:00 മണിക്ക് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്താ അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസ് തിരുമേനിയോടൊപ്പം പള്ളിയിൽ എത്തിച്ചേരുന്ന പരിശുദ്ധ ബാവായെ പള്ളി വികാരി റവ. ഫാ. ഗ്രിഗറി വർഗീസിന്റെ നേതൃത്വത്തിൽ ഇടവകക്കാരും, സമീപ പ്രദേശങ്ങളിലെ വൈദീകരും, ശെമ്മാശന്മാരും, വൈദീക വിദ്യാർത്ഥികളും മറ്റു സഭാ-സാമുദായിക നേതാക്കളും ചേർന്ന് സ്വീകരിക്കും. സഭയുടെ കാതോലിക്കായും, മലങ്കര മെത്രാപ്പൊലീത്തായുമായി അവരോധിക്കപ്പെട്ടതിനു ശേഷം ആദ്യമായാണ് പരിശുദ്ധ ബാവാ അമേരിക്ക സന്ദർശിക്കുന്നത്. രാവിലെ 7:00 മണിക്ക് പ്രഭാത നമസ്‌കാരവും തുടർന്ന് വിശുദ്ധ കുർബ്ബാനയും അർപ്പിക്കപ്പെടും.

കുർബ്ബാനാനന്തരം, ചെറി ലെയ്ൻ സെന്റ് ഗ്രിഗോറിയോസ് ഇടവക പുതിയതായി നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ദേവാലയത്തിന്റെ ശിലാ ശുദ്ധീകരണ കർമ്മം പരിശുദ്ധ ബാവാ തിരുമേനി നിർവ്വഹിക്കും. വിശുദ്ധ കുർബ്ബാനയിലും, ശിലാ ശുദ്ധീകരണ ശുശ്രൂഷയിലും ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസ് സഹകാർമ്മികത്വം വഹിക്കും.

പരിശുദ്ധ ബാവാ തിരുമേനിയെ സമുചിതമായി സ്വീകരിക്കുന്നതിനും, വിശുദ്ധ കുർബ്ബാനയിലും ശിലാ ശുദ്ധീകരണ കർമ്മത്തിൽ പങ്കെടുക്കുന്നതിനുമായി എല്ലാ വിശ്വാസികളേയും സാദരം ക്ഷണിക്കുന്നതായി വികാരി റവ. ഫാ. ഗ്രിഗറി വർഗീസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: റവ. ഫാ. ഗ്രിഗറി വർഗീസ് (വികാരി) 914 413 9200, കെൻസ് ആദായി (സെക്രട്ടറി) 347 992 1154, ജോസ് തോമസ് (ട്രസ്റ്റീ) 631 241 5285, മാത്യു മാത്തൻ (ട്രസ്റ്റീ) 516 724 3304.