പ്ലാനോ(ഡാളസ്) : ഇറാൻ ഗവൺമെന്റ് കസ്റ്റഡിയിൽ 22 വയസ്സുള്ള മേർസർ അമിനി മരിക്കാനിടയായ സംഭവത്തെ തുടർന്ന് ഇറാനിൽ പൊട്ടിപുറപ്പെട്ട വൻ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു നൂറുകണക്കിന് ഇറാനിയൻ വംശജർ പങ്കെടുത്ത പ്രതിഷേധം ഡാളസ്സിൽ ജനശ്രദ്ധ പിടിച്ചുപറ്റി. പ്ലാനോയിൽ സ്ഥിതി ചെയ്യുന്ന ഡാളസ് മോണിങ് ന്യൂസ് പരിസരത്താണ് പ്രതിഷേധക്കാർ ഒത്തുചേർന്നത്.

നിലവിലുള്ള ഗവൺമെന്റ് അധികാരത്തിലെത്തി 40 വർഷം നടത്തിയ ദുർഭരണത്തിൽ ജനങ്ങൾ അനുഭവിച്ച ദുരിതങ്ങൾ ഉള്ളിലൊതുക്കി കഴിഞ്ഞതിന്റെ ഒരു പൊട്ടിത്തെറിയാണ് ഇറാനിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നു, ഇറാനിൽ ഏകാധിപത്യ ഭരണത്തിനെതിരെ ജനങ്ങൾ പ്രതികരിച്ചു തുടങ്ങിയെന്നും പ്രതിഷേധം സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയ അസീസി പറഞ്ഞു.

സെപ്റ്റംബർ 24 ശനിയാഴ്ചയാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ഇറാൻ ഗവൺമെന്റിനെതിരെ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത എല്ലാവരേയും, സംഘാടകരിലൊരാളായ ഷഹാബി അഭിനന്ദിച്ചു. അസാധാരണ പ്രതിഷേധ പ്രകടനം വീക്ഷിക്കുന്നതിന് റോഡിനിരുവശവും ജനങ്ങൾ അണിനിരന്നിരുന്നു. മുദ്രാവാക്യങ്ങൾ മുഴക്കിയും, പ്ലക്കാർഡു ഉയർത്തിയും പ്രകടനക്കാർ മുന്നേറിയത്. പ്ലാനോ സിറ്റി ദർശിച്ച അപൂർവ്വ സമരങ്ങളിൽ ഒന്നായിരുന്നു.